ന്യൂഡൽഹി: ആർഎസ്എസിന്റെ സംഭാവനകൾ ഉയർത്തിക്കാട്ടി സ്മാരക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര. സവർക്കർ ബ്രിട്ടീഷുകാരിൽനിന്ന് പെൻഷനായി കൈപ്പറ്റിയിരുന്ന തുകയായ 60 രൂപയുടെ നാണയമാണ് പുറത്തിറക്കേണ്ടിയിരുന്നതെന്ന് പവൻ ഖേര എക്സിൽ പങ്കുവെച്ച കുറിപ്പിൽ പരിഹസിച്ചു. ചരിത്രം വളച്ചൊടിക്കാൻ ബിജെപി എത്ര ശ്രമിച്ചാലും രാജ്യം എപ്പോഴും മഹാത്മാഗാന്ധിയുടേതായിത്തന്നെ നിലനിൽക്കുമെന്ന യാഥാർത്ഥ്യം മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസിനായി ഒരു നാണയം പുറത്തിറക്കണമെന്നുണ്ടെങ്കിൽ അത് 60 രൂപയുടെ നാണയം ആകണമായിരുന്നു. സവർക്കർക്ക് ബ്രിട്ടീഷ് സർക്കാരിൽനിന്ന് പെൻഷനായി ലഭിച്ചിരുന്ന തുകയാണത്. ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കണമെന്നുണ്ടെങ്കിൽ, ബ്രിട്ടീഷ് പോസ്റ്റിനുവേണ്ടി ഒരു സ്റ്റാമ്പ് പുറത്തിറക്കണമായിരുന്നു, അതിലൂടെയാണ് അവർ ബ്രിട്ടീഷുകാർക്ക് ദയാഹർജികൾ അയച്ചിരുന്നത്. നിങ്ങൾ എത്ര സ്റ്റാമ്പുകൾ അച്ചടിച്ചാലും എത്ര നാണയങ്ങൾ പുറത്തിറക്കിയാലും എത്രമാത്രം ആർ.എസ്.എസിനെ പാഠ്യപദ്ധതിയിൽ തിരുകിക്കയറ്റിയാലും ഈ രാജ്യം ഗാന്ധിയുടേതായിരുന്നു. ഗാന്ധിയുടേതാണ്. ഗാന്ധിയുടേതായി തന്നെ നിലനിൽക്കുകയും ചെയ്യും," മഹാത്മാഗാന്ധിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പിൽ പവൻ ഖേര പറഞ്ഞു.
ബിജെപി അധികാരത്തിൽനിന്ന് പുറത്തുപോകുന്ന നിമിഷം ആർഎസ്എസ്-ബിജെപി പ്രത്യയശാസ്ത്രത്തെ 'പാലിൽനിന്ന് ഈച്ചയെ എന്നപോലെ' എടുത്ത് ദൂരെക്കളയുമെന്നും പവൻ ഖേര പറഞ്ഞു. ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപയുടെ നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ പശ്ചാത്തലത്തിലായിരുന്നു പവൻ ഖേരയുടെ പ്രതികരണം.
ബുധനാഴ്ച പുറത്തിറക്കിയ 100 രൂപ നാണയത്തിൽ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദമുദ്രയിൽ സിംഹത്തോടുകൂടിയ ഭാരതാംബയുടെ ചിത്രവുമാണുള്ളത്. സ്വയംസേവകർ ഭാരതാംബയെ വണങ്ങുന്നതായും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. ആർഎസ്എസ് ആപ്തവാക്യവും നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. 1963-ലെ റിപ്പബ്ലിക് ദിന പരേഡിൽ ആർഎസ്എസ് സ്വയംസേവകർ പങ്കെടുത്തതാണ് പ്രത്യേക തപാൽ സ്റ്റാമ്പിൽ ചിത്രീകരിച്ചിരിക്കുന്നത്.
ഭാരതാംബയ്ക്കും ആർഎസ്എസിന്റെ ഒരു നൂറ്റാണ്ടു നീണ്ട സേവനത്തിന്റെയും സമർപ്പണബോധത്തിന്റെയും യാത്രയ്ക്കും നൽകുന്ന അഭിമാനകരമായ ആദരമാണ് ഈ നിമിഷമെന്ന് മോദി വിശേഷിപ്പിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
Published: 02 Oct 2025, 07:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented