ചെന്നൈ: പൊതുപരിപാടികളിൽ തമിഴ്തായ് വായ്ത്തുപാട്ട് നിർബന്ധമാക്കുന്ന പ്രമേയം തമിഴ്‌നാട് നിയമസഭ പാസ്സാക്കി. മുഖ്യമന്ത്രി ജോസഫ് വിജയ് ആണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്. തമിഴ് അമ്മയേപ്പോലെയാണെന്നും തമിഴരുടെ ജീവനും വികാരവുമാണ് അതെന്നും വിജയ് പറഞ്ഞു.
‘ഭാഷ എല്ലാക്കാലവും തുടരാനുള്ളതാണ്. അത് ആരും മറക്കരുത്. തമിഴ് ഒരു ഭാഷ മാത്രമല്ല, അത് നമ്മുടെ ജീവനും വികാരവുമാണ്. തമിഴ് സംസ്ഥാനഗീതത്തിന്റെ ബഹുമാനം സംരക്ഷിക്കുന്നതിൽ സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. തമിഴ്‌നാടിന്റെ സ്വത്വമായ ഈ വിഷയത്തെ ഒരു ദേശീയ ചർച്ചയാക്കി മാറ്റേണ്ട ആവശ്യവുമില്ല’, വിജയ് പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ക്ലാസിക്കൽ ഭാഷകളിൽ ഒന്നാണ് തമിഴ്. ലോകസംസ്‌കാരത്തിൽ തന്നെ ഏറ്റവും പ്രൗഢമായ ഒന്നാണ് തമിഴ് സംസ്‌കാരമെന്നും പ്രമേയത്തിൽ അദ്ദേഹം എടുത്തുപറഞ്ഞു. രാഷ്ട്രീയകക്ഷി വ്യത്യാസങ്ങൾക്കപ്പുറം സഭയിലെ എല്ലാ അംഗങ്ങളും ഒന്നിച്ച് പിന്തുണയ്ക്കണമെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് വിജയ് പറഞ്ഞു.
ഡിഎംകെയും എഐഎഡിഎംകെയും പ്രമേയത്തിന് പിന്തുണ അറിയിച്ചു. തമിഴ്തായ് വാഴ്ത്തുപാട്ട് ആദ്യം ആലപിക്കണമെന്ന് ആദ്യമായി നിയമസഭയിൽ പ്രമേയം കൊണ്ടുവന്നത് ഡിഎംകെ സർക്കാരാണെന്ന് ഡിഎംകെയെ പ്രതിനിധീകരിച്ച് സംസാരിച്ച ഗോവി ചെഴിയൻ പറഞ്ഞു. തമിഴിന്റെ കാര്യം വരുമ്പോൾ നമ്മളെല്ലാവരും ഒരേസ്വരത്തിൽ സംസാരിക്കണമെന്നാണ് എഐഎഡിഎംകെയെ പ്രതിനിധീകരിച്ച് സംസാരിച്ച എടപ്പാടി പളനിസ്വാമിയും പറഞ്ഞത്.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളുടെ തുടക്കത്തിൽ തമിഴ് തായ് വാഴ്ത്ത് നിർബന്ധമായും ആലപിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രി ജോസഫ് വിജയ്ന്റെ സത്യപ്രതിജ്ഞാചടങ്ങ് ഉൾപ്പെടെ സംസ്ഥാനത്ത് അടുത്തിടെ നടന്ന പലചടങ്ങുകളിലും വന്ദേമാതരത്തിനും ദേശീയഗാനത്തിനും ശേഷമാണ് തമിഴ്തായ് വാഴ്ത്ത് ആലപിച്ചത്. ഇതിൽ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ പ്രമേയം കൊണ്ടുവന്നത്.
1891-ൽ മനോന്മണീയം സുന്ദരനാർ രചിച്ച 'മനോന്മണീയം' എന്ന പ്രശസ്ത നാടകത്തിന്റെ ആമുഖത്തിൽ നിന്നുള്ള വരികളാണ് തമിഴ്ത്തായ് വാഴ്ത്ത്. 1970 നവംബർ 23-നാണ് സർക്കാർ ചടങ്ങുകളിൽ ആദ്യ ഗാനമായി ഇത് ആലപിക്കണം എന്ന ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത്.
Content Highlights: CM Joseph Vijay introduced a resolution making Tamil Thai Vazhthu mandatory in the Tamil Nadu assembly., Stated that Tamil is not just a language but an emotion and life force of the people., Both opposition parties, DMK and AIADMK, extended their support to the resolution.
Published: 10 Aug 2026, 11:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented