
ബെംഗളൂരു: ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും ദളിതുകള്‍ക്കും വനിതകള്‍ക്കും മുന്‍തൂക്കം നല്‍കി കര്‍ണാടക സംസ്ഥാന ബജറ്റ്. ധനകാര്യവകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. വഖഫ് സ്വത്തുകളുടെ വികസനത്തിനായി നൂറ് കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക സെക്രട്ടേറിയേറ്റ് പട്ടികവര്‍ഗ വിഭാഗത്തിന് കീഴില്‍ ആരംഭിക്കും. സ്ത്രീകള്‍ക്കായുള്ള വിവിധ പദ്ധതികള്‍ക്കായി 86,423 കോടി രൂപ നീക്കിവെക്കുന്നതായും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
സിദ്ധരാമയ്യയുടെ 15-ാമത് ബജറ്റ് അവതരണമായിരുന്നു ഇത്. 1995-96 സാമ്പത്തികവര്‍ഷത്തെ ബജറ്റാണ് അദ്ദേഹം ആദ്യമായി അവതരിപ്പിച്ചത്. 12,616 കോടി രൂപയുടെ ബജറ്റായിരുന്നു അത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു സിദ്ധരാമയ്യയുടെ ഇതിന് മുമ്പത്തെ ബജറ്റ് അവതരണം. 3.27 ലക്ഷം കോടി രൂപയുടെ ബജറ്റായിരുന്നു അത്.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
- ഈ വര്‍ഷത്തേത് 3.71 ലക്ഷം കോടി രൂപയുടെ ബജറ്റ്. പ്രതീക്ഷിക്കുന്നത് 6.6 ശതമാനത്തിന്റെ വളര്‍ച്ച.
- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജി.എസ്.ടി. പിരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കര്‍ണാടക. ജി.എസ്.ടിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 18 ശതമാനം വളര്‍ച്ച.
- അശാസ്ത്രീയമായി ജി.എസ്.ടി. നടപ്പാക്കിയതുകാരണം കര്‍ണാടകയ്ക്ക് 59,000 കോടി രൂപ നഷ്ടമായി.
- ഗൃഹനാഥയ്ക്ക് പ്രതിമാസം 2000 രൂപ വീതം നല്‍കുന്ന നിലവിലെ ഗൃഹലക്ഷ്മി പദ്ധതി മുഖേന 11726 കോടി രൂപ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിച്ചു. ഈ വര്‍ഷം 28,608
- മെഡിക്കല്‍ കോളേജുകള്‍ക്കായി 400 കോടി രൂപ. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ നിര്‍മിക്കാന്‍ 130 കോടി.
- അങ്കണവാടി പ്രവര്‍ത്തകര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമായി 75,938 സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കും. ഇതിനായി 90 കോടി രൂപ.
- ആയിരം പുതിയ അങ്കണവാടികള്‍ നിര്‍മിക്കാനായി 200 കോടി രൂപ.
- ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനായി മൈത്രി പദ്ധതി പ്രകാരം നല്‍കുന്ന പ്രതിമാസ പെന്‍ഷന്‍ 800-ല്‍ നിന്ന് 1000 രൂപയാക്കി വര്‍ധിപ്പിച്ചു.
- ദേവദാസികളായിരുന്ന സ്ത്രീകള്‍ക്കുള്ള പ്രതിമാസ അലവന്‍സ് 1500-ല്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി.
- 2024-25 സാമ്പത്തികവര്‍ഷം സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്കുവേണ്ടി 86,243 കോടി രൂപ. കുട്ടികള്‍ക്കായുള്ള പദ്ധതികള്‍ക്ക് 54,617 കോടി രൂപ.
- എസ്.സി/എസ്.ടി/ബി.സി. വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷ ക്ഷേമവകുപ്പിനും റെസിഡന്‍ഷ്യല്‍ സ്‌കൂളുകളും ഹോസ്റ്റലുകളും നിര്‍മിക്കാന്‍ 2,710 കോടി രൂപ.
- എസ്.സി/എസ്.ടി വിഭാഗത്തില്‍ പെട്ട അപൂര്‍വ രോഗങ്ങള്‍ ബാധിച്ചവരോ വലിയ ചെലവുള്ള ചികിത്സ ആവശ്യമുള്ളവരോ ആയവര്‍ക്ക് സാമ്പത്തിക സഹായത്തിനായി 35 കോടി രൂപ.
- ദളിത് കവിയായിരുന്ന പത്മശ്രീ ഡോ. സിദ്ധലിംഗയ്യയുടെ പേരില്‍ ബെംഗളൂരു സര്‍വകലാശാലയില്‍ ചെയര്‍ സ്ഥാപിക്കും.
- നിലവില്‍ ഫെലോഷിപ്പുകളൊന്നും ലഭിക്കാത്ത, എസ്.ടി. വിഭാഗത്തില്‍ പെട്ട 100 ഗവേഷക വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ പ്രതിമാസ സ്റ്റൈപ്പന്‍ഡ്.
- വഖഫ് സ്വത്തുക്കളുടെ വികസനത്തിനായി നൂറ് കോടി രൂപ.
- ന്യൂനപക്ഷവിഭാഗങ്ങളിലെ വനിതകളെ വ്യത്യസ്തങ്ങളായ സ്വയം സഹായ സംഘങ്ങള്‍ ആരംഭിക്കാന്‍ പ്രോത്സാഹിപ്പിക്കും. ഇതിനായി 10 കോടി രൂപ.
- മംഗളൂരു ഹജ്ജ് ഭവനിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് 10 കോടി രൂപ.
- ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഉന്നമനത്തിനാി 200 കോടി രൂപ.
- ബുദ്ധമതത്തിന്റെ വിശുദ്ധപുസ്തകമായ 'തിപിടകം' കന്നഡ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താനായി ആവശ്യമായ തുക വകയിരുത്തും.
- സംസ്ഥാനത്തെ പ്രധാന ജൈന തീര്‍ഥാടന കേന്ദ്രങ്ങളുടെ വികസനത്തിനായി 50 കോടി രൂപ.
- 2023-24 വര്‍ഷം മൂന്ന് ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും. 2024-25 വര്‍ഷം മൂന്ന് ലക്ഷം വീടുകള്‍ കൂടി പുതുതായി നിര്‍മിക്കും. കൂടാതെ വീടില്ലാത്തവരെ കണ്ടെത്താനായി സംസ്ഥാനത്ത് സര്‍വേ നടത്തും.
- 80 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വീട്ടുപടിക്കല്‍ പൊതുവിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി എത്തിക്കുന്നതിനായി അന്ന-സുവിധ ഹോം ഡെലിവറി ആപ്പ് അവതരിപ്പിക്കും.
Content Highlights: Chief Minister Siddaramaiah prioritises women, minorities, dalits in Karnataka budget 2024-2025
Published: 16 Feb 2024, 03:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented