ന്യൂഡല്‍ഹി: വഖഫ് മതേതര കാഴ്ചപ്പാടാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഭൂമി ദാനംചെയ്യല്‍, മതപരമായി സമര്‍പ്പിക്കല്‍ തുടങ്ങിയ നടപടികള്‍ എല്ലാ മതങ്ങളിലുമുണ്ട്. പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമത്തില്‍ മുസ്ലിങ്ങളുടെ അനിവാര്യമായ ഒരു മതാചാരത്തിന്റെയും ലംഘനം ഉണ്ടായിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വഖഫ് ഭേദഗതി നിയമം വഖഫിന്റെ മതപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ടല്ലെന്നും വഖഫ് സ്വത്തുക്കളുടെ ഭരണത്തിന്റെ മതേതര വിഷയങ്ങളുമായി ബന്ധപ്പെട്ടാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

To advertise here,

വഖഫ് ഭേദഗതി നിയമം സ്റ്റേചെയ്യണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കുന്ന സുപ്രീംകോടതി ബെഞ്ചിന് കൈമാറിയ കുറിപ്പിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 145 പേജ് ദൈര്‍ഘ്യമുള്ള കുറിപ്പാണ് കേന്ദ്രസര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിക്ക് കൈമാറിയത്. വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യുന്നതിനെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാരും ബിജെപി ഭരണ സംസ്ഥാനങ്ങളും ഇന്ന് സുപ്രീംകോടതിയില്‍ വാദം ഉന്നയിക്കും.  

ഭൂമി ദാനംചെയ്യല്‍, മതപരമായി സമര്‍പ്പിക്കല്‍ തുടങ്ങിയവയാണ് വഖഫ് നിയമത്തിലുള്ളത്. ഈ നടപടികള്‍ മതേതരമാണെന്ന് മുന്‍ ഉത്തരവുകളില്‍ സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിക്ക് കൈമാറിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഭൂമി ദാനംചെയ്യല്‍, മതപരമായി സമര്‍പ്പിക്കല്‍ തുടങ്ങിയവയ്ക്ക് നിയമപരമായ സാധുത നല്‍കുന്നതിനും ചില കടമകളും ഉത്തരവാദിത്വങ്ങളും ഏര്‍പ്പെടുത്തുന്നതിനുമാണ് വഖഫ് നിയമം. ഈ നിയമത്തിലെ വ്യവസ്ഥകളില്‍ എപ്പോള്‍ വേണമെങ്കിലും ഭേദഗതി കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

വഖഫ് ഭേദഗതി നിയമം നടപ്പാക്കുമ്പോള്‍ എല്ലാ വഖഫ് ഭൂമികളും അതല്ലാതാക്കി മാറ്റപ്പെടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് മുമ്പാകെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള വഖഫ് ഭൂമികള്‍ വഖഫ് ആയിത്തന്നെ തുടരും.  ഉപയോഗംകൊണ്ട് വഖഫ് ആയ ഭൂമി രജിസ്റ്റര്‍ ചെയ്യണമെന്ന് 1925-ലെ മുസല്‍മാന്‍ വഖഫ് നിയമം മുതല്‍ ഇങ്ങോട്ടുള്ള എല്ലാ നിയമങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2025 വഖഫ് ഭേദഗതി നിയമപ്രകാരം ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാത്ത വഖഫ് ഭൂമികള്‍ മാത്രമേ അത് അല്ലാതാക്കി മാറ്റപ്പെടുകയുള്ളൂവെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. വഖഫ് ഭേദഗതി നിയമം ഏകപക്ഷീയമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്നും തുഷാര്‍ മേത്ത സുപ്രീംകോടതിക്ക് കൈമാറിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.