പാലക്കാട്: വന്ദേഭാരത് സ്ലീപ്പർ കോച്ച് നിർമാണത്തിനുപിന്നാലെ റെയിൽവേയ്ക്കുവേണ്ടി രണ്ട് ബുള്ളറ്റ് ട്രെയിൻ നിർമാണത്തിനും കേന്ദ്രപൊതുമേഖലാസ്ഥാപനമായ ‘ബെമൽ’ ഒരുങ്ങുന്നു. ബുള്ളറ്റ് ട്രെയിൻ നിർമാണത്തിനുള്ള അന്താരാഷ്ട ദർഘാസിൽ വിദേശ കമ്പനികൾ അമിതവില ആവശ്യപ്പെട്ടതോടെയാണ് കുറഞ്ഞവിലയ്ക്ക് ട്രെയിനുകൾ ഉണ്ടാക്കി നൽകാൻ ദർഘാസ് നൽകിയ ‘ബെമലി’ന് സാധ്യത തെളിഞ്ഞത്.

To advertise here,

മുൻപ് വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ കുറഞ്ഞചെലവിലും മികച്ച നിലവാരത്തിലും ‘ബെമലി’ൽ നിർമാണം പൂർത്തിയാക്കി റെയിൽവേയ്ക്കു കൈമാറിയിരുന്നു. ഇതും ‘ബെമലി’നെ കരാറിൽ പരിഗണിക്കാനുള്ള നീക്കത്തിന് ആക്കം കൂട്ടി.

എട്ട് കോച്ചുകളുള്ള രണ്ട് ബുള്ളറ്റ് ട്രെയിനുകൾ നിർമിക്കാനാണ് റെയിൽവേ ഒരുങ്ങുന്നത്. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽവേ പാതയിൽ സർവീസ് നടത്തുന്നതിനാണ് ബുള്ളറ്റ് ട്രെയിനുകൾ തയ്യാറാക്കുന്നത്. മണിക്കൂറിൽ 250മുതൽ 280 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാൻ ബുള്ളറ്റ് ട്രെയിനുകൾക്കാവും. 2026-ൽ നിർമാണം പൂർത്തിയാക്കാനാവുമെന്ന പ്രതിക്ഷയിലാണ് ‘ബെമൽ’. ഒരു ബുള്ളറ്റ് ട്രെയിനിന് 200 മുതൽ 250 കോടി രൂപവരെ ചെലവുവരും.

തുടക്കത്തിൽ വിദേശരാജ്യങ്ങളിൽനിന്ന് ബുള്ളറ്റ് ട്രെയിൻ ഇറക്കുമതി ചെയ്യാനാണ് ആലോചിച്ചിരുന്നത്. ഇതിനിടയിലാണ് വന്ദേഭാരത് സ്ലിപ്പർ കോച്ചുകൾ അന്താരാഷ്ട്ര തലത്തിലുള്ള ചെലവിന്റെ പകുതി വിലയ്ക്ക് ‘ബെമൽ’ നിർമിച്ചുനൽകിയത്.

1964-ൽ ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ച ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) പ്രതിരോധ വാഹനങ്ങൾ, റെയിൽവേ കോച്ചുകൾ മെട്രോ കോച്ചുകൾ, വന്ദേഭാരത് സ്ലിപ്പർ കോച്ചുകൾ, മൈനിങ്‌ ആൻഡ് കൺസ്ട്രക്ഷൻ വാഹനങ്ങൾ എന്നിവയാണ് നിർമിക്കുന്നത്.

‘ബെമലി’ന്റെ പ്രതിവർഷ വിറ്റുവരവിൽ 85 ശതമാനം കരാറുകളും നേടുന്നത് വിദേശ-സ്വദേശ കോർപ്പറേറ്റ് കമ്പനികളോട് ആഗോള ദർഘാസിൽ മത്സരിച്ചാണ്. ‘ബെമലി’ന് പാലക്കാടിനു പുറമേ മൈസൂരു, കോലാർ ഖനി, ബെംഗളൂരു എന്നിവിടങ്ങളിൽ നിർമാണ യൂണിറ്റുകളുണ്ട്. ഏകദേശം 20,000 പാസഞ്ചർ കോച്ചുകൾ ഇതിനോടകം റെയിൽവേയ്ക്ക് നിർമിച്ചുനൽകിയിട്ടുണ്ട്.

3,087 കോടിയുടെ ഓർഡറുകൾ ‘ബെമൽ’ നേടിയിട്ടുണ്ട്. 2023-24 സാമ്പത്തികവർഷം 4,054 കോടി വിറ്റുവരവും 283 കോടി ലാഭവും നേടി. ഈ സാഹചര്യത്തിൽ പൊതുമേഖലാ സ്ഥാപനമായ ‘ബെമൽ’ വിറ്റഴിക്കാനുള്ള തീരുമാനത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.