
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള സംഭാവനപ്പണം തട്ടിയെടുത്ത കേസിൽ പ്രതികൾ പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചതായി പോലീസ് കണ്ടെത്തി. തട്ടിയെടുത്ത പണത്തിന്റെ ഉറവിടം മറച്ചുവെക്കാനും അതിലൂടെ ലാഭമുണ്ടാക്കാനുമാണ് പ്രതികൾ ഓഹരി വിപണിയിലും മറ്റ് സാമ്പത്തിക മേഖലകളിലും നിക്ഷേപം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെയും അവരുടെ ബന്ധുക്കളുടെയും പേരിലുള്ള 30 ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു.
ക്ഷേത്രത്തിലെ സംഭാവനകൾ എണ്ണുന്ന സമയത്ത് ആരും ശ്രദ്ധിക്കാത്ത രീതിയിൽ ചെറിയ തുകകളായിട്ടാണ് പ്രതികൾ പണം മാറ്റിക്കൊണ്ടിരുന്നത്. മോഷ്ടിച്ച പണം ഉടൻ ചിലവാക്കുന്നതിന് പകരം ഓഹരി വിപണിയിൽ നിക്ഷേപിക്കുകയും പണം പലിശയ്ക്ക് നൽകുകയും ചെയ്യുന്ന രീതിയാണ് പ്രതികൾ സ്വീകരിച്ചിരുന്നത്. തട്ടിപ്പിനായി ഇവർ വ്യാജ സംഭാവന രസീതുകളും ഉപയോഗിച്ചിരുന്നു. പണത്തിന്റെ ഉറവിടം കണ്ടെത്തുന്നത് തടയാൻ, പ്രതികൾ ഈ തുക ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് സ്വന്തം അക്കൗണ്ടുകളിലേക്ക് തന്നെ തിരിച്ചെത്തിക്കുകയുമാണ് ചെയ്തിരുന്നത്.
കേസിലെ പ്രതികളായ അനുകൽപ് മിശ്ര, അവിനാഷ് ശുക്ല, ലവ്കുഷ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരുടെ വീടുകളിൽ പോലീസ് വീണ്ടും പരിശോധന നടത്തി. പ്രതികളെ കോടതി 40 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇവരെയും കൂട്ടി ഫോറൻസിക് വിദഗ്ധരുടെയും സ്വതന്ത്ര സാക്ഷികളുടെയും സാന്നിധ്യത്തിലാണ് പരിശോധനകൾ നടക്കുന്നത്. പ്രതികളുടെ വരുമാനത്തേക്കാൾ വലിയ തുക ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികൾ മറ്റ് സ്വത്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ടോ എന്നും ആർക്കൊക്കെ ഈ തട്ടിപ്പിലൂടെ ലാഭമുണ്ടായി എന്നും കണ്ടെത്താനായി സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനായി പ്രതികളുടെ ട്രേഡിംഗ് സ്റ്റേറ്റ്മെന്റുകളും ഡിജിറ്റൽ പേയ്മെന്റ് രേഖകളും പോലീസ് പരിശോധിച്ചു വരികയാണ്.
Content Highlights: Accused diverted small amounts of temple donations over time., Stolen funds were laundered through stocks and money lending., Police froze 30 bank accounts linked to the accused and relatives., Use of fake donation receipts to cover financial trails., 40-hour police custody granted for detailed forensic investigation.
Published: 10 Jul 2026, 11:13 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented