ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ഫണ്ട് വിവാദം അന്വേഷിക്കാൻ കൂടുതൽ സമയം ചോദിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തിങ്കളാഴ്ച എസ്ഐടി കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനും സാധ്യതയുണ്ട്. ഇതിനൊപ്പം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടുമെന്നുമാണ് റിപ്പോർട്ടുകൾ. അന്തിമ കണ്ടെത്തലുകൾ സമർപ്പിക്കുന്നതിന് മുമ്പ് സാമ്പത്തിക രേഖകൾ, ഭരണപരമായ നടപടിക്രമങ്ങൾ, ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ എന്നിവ പരിശോധിക്കാൻ എസ്ഐടിക്ക് കൂടുതൽ സമയം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

To advertise here,

കാണിക്ക തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥന മാനിച്ചാണ് ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് കിരൺ എസ്, സ്പെഷ്യൽ സെക്രട്ടറി (ധനകാര്യം) നീൽ രത്തൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. അന്വേഷണം പൂർത്തിയാക്കാൻ ആദ്യം 15 ദിവസത്തെ സമയം നൽകിയിരുന്നു, പിന്നീട് അതിന്റെ കാലാവധി 15 ദിവസം കൂടി നീട്ടി. ജൂൺ 23 ന് ഒമ്പത് പേജുള്ള ഇടക്കാല റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദിന് എസ്ഐടി സമർപ്പിച്ചതോടെ അന്വേഷണം കൂടുതൽ ഊർജ്ജിതമായി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അയോധ്യ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും എട്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ക്ഷേത്ര സംഭാവനകളിൽ നിന്ന് തട്ടിയെടുത്തതായി ആരോപിക്കപ്പെടുന്ന 80 ലക്ഷം രൂപ തിരിച്ചുപിടിക്കുകയും ചെയ്തു.

മുൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും മുൻ ട്രസ്റ്റി അനിൽ മിശ്രയുടെയും രാജി ഉൾപ്പെടെയുള്ള ഭരണമാറ്റങ്ങൾക്കും അന്വേഷണം വഴിയൊരുക്കി. ക്ഷേത്രത്തിലെ സംഭാവന ശേഖരണം, എണ്ണിത്തിട്ടപ്പെടുത്തൽ, ഭരണ സംവിധാനങ്ങൾ എന്നിവയിൽ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന് റിപ്പോർട്ടിലൂടെ ശൂപാർശ ചെയ്യുമെന്നാണ് കരുതുന്നത്. വിഷയത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് വന്ന ഹർജികൾ പരിഗണിക്കവേയാണ് അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട് സമർപ്പിക്കാൻ എസ്‌ഐടിയോട് സുപ്രീംകോടതി നിർദ്ദേശിച്ചത്. ഇതിന് പിന്നാലെയാണ് അന്വേഷണം പൂർത്തിയാക്കാൻ എസ്‌ഐടി കൂടുതൽ സമയം ആവശ്യപ്പെടാനൊരുങ്ങുന്നത്.

ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ കോടതിയുടെ മേൽനോട്ടത്തിൽ, സിബിഐ അന്വേഷണം നടത്തണമെന്നും ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും സിഎജി ഓഡിറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജികൾ സമർപ്പിച്ചിരിക്കുന്നത്. എസ്ഐടിയുടെ കണ്ടെത്തലുകൾ ചർച്ച ചെയ്യുന്നതിനും അവരുടെ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ള തിരുത്തൽ നടപടികൾ പരിഗണിക്കുന്നതിനുമായി ജൂലൈ 22 ന് അയോധ്യയിൽ ട്രസ്റ്റ് ഒരു യോഗം ചേരും.