ശ്രീരാമക്ഷേത്ര സംഭാവനക്കൊള്ളയിൽ അയോധ്യയിലെ സന്ന്യാസിസമൂഹം വളരെ അസംതൃപ്തരാണ്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിയും നിർമോഹി അഖാഡ മഹന്തുമായ ദിനേന്ദ്ര ദാസ് മഹാരാജും ശ്രീ കർത്തരീയ ബാബ ആശ്രമം മഹന്ത് ബാലയോഗി രാംദാസ്ജി മഹാരാജും ദശരഥ് ഗഡി ഹനുമാൻ ക്ഷേത്രം പൂജാരി യോഗേഷ് ദാസ് ശാസ്ത്രിയുമൊക്കെ തങ്ങളുടെ നിരാശ വാക്കുകളിലൂടെ പ്രകടിപ്പിച്ചു.

To advertise here,

രാമക്ഷേത്രത്തിനായി ദീർഘകാലം കേസുനടത്തിയവരാണ് നിർമോഹി അഖാഡക്കാർ. അയോധ്യയിലെ അധികഭൂമി രാമജന്മഭൂമി ന്യാസിന് കേന്ദ്രസർക്കാർ വിട്ടുനൽകാൻ ശ്രമിച്ചപ്പോൾ അതിനെതിരേ സുപ്രീംകോടതിയിൽ ഹർജി നൽകിയതും നിർമോഹി അഖാഡയാണ്. ഒടുവിൽ സുപ്രീംകോടതി നിർദേശപ്രകാരംതന്നെയാണ് രാമക്ഷേത്ര ട്രസ്റ്റിൽ കേന്ദ്രസർക്കാർ ദിനേന്ദ്ര ദാസിനെ ട്രസ്റ്റിയാക്കിയത്. മോഷണവിവരം പുറത്തുവന്നയുടൻ കുറ്റക്കാരെ തൂക്കിലേറ്റണമെന്നാണ് ദിനേന്ദ്ര ദാസ് പ്രതികരിച്ചത്. മോഷണം രാജ്യത്തിനാകെ കളങ്കമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ട്രസ്റ്റിന്റെ ചുമതലകളിൽ അഴിച്ചുപണിയുണ്ടായപ്പോൾ ദിനേന്ദ്ര ദാസിന് കൂടുതൽ ഉത്തരവാദിത്വം ലഭിച്ചിരിക്കുകയാണ്. പാസ് വിതരണത്തിന്റെയും ഡിജിറ്റൽ എൻട്രി സംവിധാനത്തിന്റെയും പൂർണചുമതല, പ്രഭാത ആരതിയടക്കമുള്ള ദൈനംദിന പ്രവർത്തനങ്ങളുടെ മേൽനോട്ടം, ജനക്കൂട്ടനിയന്ത്രണം തുടങ്ങിയവയൊക്കെ ദിനേന്ദ്രദാസിന്റെ ചുമതലയായി. അഭിമുഖത്തിൽനിന്ന്:

രാമക്ഷേത്ര സംഭാവനക്കൊള്ളയുടെ അന്വേഷണം എങ്ങനെ?

രാമജന്മഭൂമി ക്ഷേത്രത്തിൽ മോഷണം നടന്നു എന്നത് നിരാശാജനകമാണ്. നമ്മുടെ മുഖ്യമന്ത്രി, സർക്കാർ, പോലീസ് എല്ലാം വിഷയം ഗൗരവമായി കൈകാര്യം ചെയ്യുന്നുണ്ട്. ചിലരുടെ ഭാഗത്ത് വീഴ്ചകൾ ഉണ്ടായി. എന്നാൽ, ഭഗവാന്റെ കൃപയാൽ സ്ഥിതി മെച്ചപ്പെട്ടു.

അയോധ്യയിലെ നാട്ടുകാർ പറയുന്നത്, പ്രധാന പ്രതികൾ പുറത്താണെന്നാണ്?

പ്രധാനമോ അപ്രധാനമോ എന്നതല്ല കാര്യം. തെറ്റുചെയ്തവൻ ആരായാലും പിടിക്കപ്പെടണം. ഇതിനെ രാഷ്ട്രീയവിഷയമാക്കുന്നത് ശരിയല്ല. വലിയവരായാലും ചെറിയവരായാലും എല്ലാവർക്കും യഥാർഥമായ ശിക്ഷയുണ്ടാകും.

തെറ്റുചെയ്ത എല്ലാവരും ജയിലിൽപ്പോകുമെന്ന് കരുതുന്നുണ്ടോ?

മോഷണം നടത്തിയ എല്ലാവരും ജയിലിൽപ്പോകും.

ചമ്പത് റായിക്ക് മോഷണത്തിൽ എന്തെങ്കിലും ബന്ധമുണ്ടോ?

രാംലല്ലയുടെ മുന്നിൽ ആരെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കിൽ അവർക്കെല്ലാം ശിക്ഷ ലഭിക്കണം. ഞങ്ങൾ തെറ്റുചെയ്താൽ ഞങ്ങൾക്കും ശിക്ഷ ലഭിക്കട്ടെ.

സി.സി.ടി.വി. ദൃശ്യങ്ങൾപോലും ശരിയായി സൂക്ഷിച്ചിരുന്നില്ല. ട്രസ്റ്റിൽ ആരും അത് ശ്രദ്ധിച്ചില്ലല്ലോ?

സി.സി.ടി.വി. ക്യാമറകളിലെ റെക്കോഡുകൾ ശരിയായി സൂക്ഷിച്ചിരുന്നില്ല. ഈ ദൃശ്യങ്ങൾ പുറത്തുവന്ന സമയത്ത് എനിക്ക് മുഴുവൻ വിവരങ്ങളും അറിയില്ലായിരുന്നു. ഞാൻ രാംലല്ലയുടെ ദർശനത്തിനാണ് പോകാറുണ്ടായിരുന്നത്. മോഷണക്കേസിനെക്കുറിച്ച് പിന്നീട് മാത്രമാണ് എനിക്ക് വിവരം ലഭിച്ചത്. എല്ലാം ശരിയായിട്ടാണെന്നു ഞങ്ങൾ കരുതി.

ട്രസ്റ്റ് രൂപവത്കരിച്ചപ്പോൾ വർഷങ്ങളോളം പ്രവർത്തിച്ച പലർക്കും അതിൽ അവസരം ലഭിച്ചില്ല. പുറത്തുനിന്നുള്ള ചിലർക്ക് അവസരവും ലഭിച്ചു. അതെന്തുകൊണ്ടാണ്?

ഞങ്ങളെ സംബന്ധിച്ച് സുപ്രീംകോടതി വിധി പറഞ്ഞിട്ടുണ്ട്. സർക്കാരും അതനുസരിച്ചാണ് പ്രവർത്തിക്കുന്നത്. മറ്റുള്ളവർക്ക് എന്ത് ലഭിച്ചു എന്നത് വേറെ വിഷയമാണ്. രാംലല്ലതന്നെ എല്ലാം ശരിയാക്കും. ആ ക്രമീകരണങ്ങളെക്കുറിച്ച് എനിക്ക് കൂടുതൽ പറയാനില്ല.