ന്യൂഡൽഹി: സംഘപരിവാർ ബന്ധമുള്ള സംഘടനയായി പറയപ്പെടുന്ന സീമാന്ത ചേതന മഞ്ച് പൂർവോത്തറുമായിച്ചേർന്ന് അർധസൈനിക വിഭാഗമായ അസം റൈഫിൾസ് സെമിനാർ സംഘടിപ്പിച്ചതിനെച്ചൊല്ലി സാമൂഹികമാധ്യമങ്ങളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും വിമർശനം. ഇന്ത്യയും മ്യാൻമാറും തമ്മിലുള്ള പ്രശ്‌നങ്ങളും പോംവഴികളും എന്ന വിഷയത്തിൽ ഗുവാഹാട്ടിയിൽ ജൂൺ 17, 18 തീയതികളിൽ സെമിനാർ നടന്നെന്നാണ് വിവരം. ഇത്തരമൊരു സെമിനാർ സംഘടിപ്പിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് അസം റൈഫിൾസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
രാജ്യത്തെ ഏറ്റവും പഴക്കമുള്ള അർധസൈനിക വിഭാഗങ്ങളിലൊന്നാണ് അസം റൈഫിൾസ്. രാഷ്ട്രീയത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന സായുധസേനാ വിഭാഗം ആർ.എസ്.എസുമായി ബന്ധമുള്ള ഒരു സംഘടനയുമായി ചേർന്ന് സെമിനാർ നടത്തിയതാണ് വിമർശനത്തിനിടയാക്കിയത്. പൊതുസമൂഹവുമായി ചേർന്നുള്ള ചടങ്ങുകൾ അസം റൈഫിൾസ് സംഘടിപ്പിക്കാറുണ്ടെങ്കിലും ഏതെങ്കിലും ആശയപദ്ധതി ഉയർത്തിപ്പിടിക്കുന്നതോ രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ളതോ ആയ സംഘടനകളുമായി ചേർന്ന് ഇങ്ങനെ ചെയ്യാറില്ലെന്നതാണ് വിമർശനത്തിനു കാരണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണപരമായ നിയന്ത്രണത്തിലാണെങ്കിലും കരസേനയുടെ ഓപ്പറേഷണൽ നിയന്ത്രണത്തിലാണ് അസം റൈഫിൾസ്.
ആർ.എസ്.എസ്. അഖില ഭാരതീയ സഹ പ്രചാർ പ്രമുഖ് പ്രദീപ് ജോഷി, നാഗാലാൻഡിൽനിന്നുള്ള ബി.ജെ.പി. എം.എൽ.എ. ടെംജെൻ ഇമ്ന അലോങ് എന്നിവരൊക്കെ സെമിനാറിൽ പങ്കെടുത്തിരുന്നു. പാനൽ ചർച്ചകളിലും മറ്റും സർവീസിലുള്ളവരും വിരമിച്ചവരുമായ കരസേനാ ഉദ്യോഗസ്ഥരും പങ്കെടുത്തു. സംഘപരിവാർ നേതാക്കൾ ആർ.എസ്.എസ്. ആശയഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് സെമിനാറിൽ സംസാരിച്ചത്. അസം റൈഫിൾസ് ഓഫീസർമാർ വടക്കുകിഴക്കൻ മേഖലയിലും മ്യാൻമാറുമായി ബന്ധപ്പെട്ടും മറ്റും സൈനികതന്ത്രപരമായി രാജ്യം നേരിടുന്ന വെല്ലുവിളികളിൽ മാത്രം ഒതുങ്ങിനിന്നു സംസാരിച്ചെന്നാണ് റിപ്പോർട്ടുകൾ. സീമാന്ത ചേതന മഞ്ച് പൂർവോത്തറുമായി ചേർന്ന് അസം റൈഫിൾസ് സെമിനാർ സംഘടിപ്പിച്ചിരുന്നോ എന്ന ചോദ്യത്തിന്, 'ഇത്തരമൊരു കാര്യം തങ്ങളുടെ അറിവിൽ വന്നിട്ടില്ല' എന്നാണ് അസം റൈഫിൾസ് പബ്ലിക് റിലേഷൻസ് അധികൃതരുടെ മറുപടി.
Content Highlights: Assam Rifles held a seminar in Guwahati on June 17-18, 2024, regarding India-Myanmar border issues., The partnership with Seemanta Chetana Manch, an RSS-linked group, has triggered public criticism., Critics argue this violates the paramilitary force's tradition of remaining politically neutral., Official Assam Rifles representatives stated they have no record of such a seminar occurring., BJP MLA Temjen Imna Along and RSS leader Pradeep Joshi were among the notable attendees.
Published: 08 Aug 2026, 08:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented