
ന്യൂഡൽഹി: ആശവർക്കർമാരുടെ ഇൻസെന്റീവ് കേന്ദ്രസർക്കാർ വർധിപ്പിച്ചു. പ്രതിമാസ ഇൻസെന്റീവ് 2000 രൂപയിൽനിന്ന് 3500 രൂപയായാണ് വർധിപ്പിച്ചത്. എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായായി കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്റാവു ജാദവാണ് ലോക്‌സഭയെ ഇക്കാര്യമറിയിച്ചത്. അതേസമയം, ആശവർക്കർമാരുടെ വേതനവും സേവനവ്യവസ്ഥകളുമുൾപ്പെടെ ആരോഗ്യമേഖല ശക്തിപ്പെടുത്തേണ്ട പ്രാഥമികമായ ഉത്തരവാദിത്വം സംസ്ഥാനസർക്കാരുകൾക്കാണെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ മാർച്ചിൽ ചേർന്ന മിഷൻ സ്റ്റിയറിങ് ഗ്രൂപ്പ് യോഗത്തിലാണ് തീരുമാനമെടുത്തത്. ഇൻസെന്റീവ് ലഭിക്കുന്നതിനുള്ള ഉപാധികളും പുനഃക്രമീകരിച്ചിട്ടുണ്ട്. 10 വർഷം സേവനമനുഷ്ഠിച്ചശേഷം പിരിഞ്ഞുപോകുന്നവർക്കുള്ള ആനുകൂല്യം കേന്ദ്രസർക്കാർ 20,000 രൂപയിൽനിന്ന് 50,000 രൂപയാക്കി വർധിപ്പിച്ചതായും മന്ത്രി അറിയിച്ചു.
ആശവർക്കർമാരുടേതുൾപ്പെടെ ആരോഗ്യമേഖലയിലെ ഭരണപരവും മാനവവിഭവശേഷി സംബന്ധവുമായ വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് അതത് സംസ്ഥാനസർക്കാരുകളാണ്. ഓരോപദ്ധതിയുടെയും മുൻഗണനയും ആവശ്യവും പരിഗണിച്ച് ആശവർക്കർമാരുടെ ഇൻസെന്റീവിൽ കാലാനുസൃതമായ മാറ്റംവരുത്തുന്നുണ്ട്.
ആശവർക്കർമാരുടെ മികവിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമേഖലയിലെ വിവിധപദ്ധതികൾക്കായി പ്രത്യേക ഇൻസെന്റീവും നൽകുന്നുണ്ട്. ആയുഷ്മാൻ ആരോഗ്യമന്ദിർ പ്രകാരം പ്രതിമാസം 1000 രൂപയുടെ ഇൻസെന്റീവും യൂണിഫോം, തിരിച്ചറിയൽ കാർഡ്, സൈക്കിൾ, മൊബൈൽ, സിയുജി സിം, ആശാ ഡയറി ഡ്രഗ് കിറ്റ്, വിശ്രമമുറി എന്നീ സൗകര്യങ്ങളും ആശമാർക്ക് നൽകിവരുന്നുണ്ട്.
പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയിൽ ഉൾപ്പെടുത്തി രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. അപകടത്തിൽ മരിക്കുന്നവർക്ക് രണ്ടുലക്ഷം രൂപയും അംഗവൈകല്യം വരുന്നവർക്ക് ഒരുലക്ഷം രൂപയും ഇൻഷുറൻസ് പരിരക്ഷനൽകി. പ്രധാൻമന്ത്രി ശ്രം യോഗി മൻധൻ പദ്ധതിപ്രകാരം പ്രതിമാസം 3000 രൂപയുടെ പെൻഷൻ പദ്ധതി നടപ്പാക്കി. ആശവർക്കർമാർക്കും ആശ്രിതർക്കുമായി പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനപ്രകാരം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Content Highlights: asha workers incentive hike central government
Published: 26 Jul 2025, 12:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented