ഇംഫാൽ: മണിപ്പുരിൽ ആയുധങ്ങൾ വിട്ടുനൽകി ആരംഭായ് ടെങ്കോൽ സംഘടന. പിക്കപ്പ് ട്രക്കുകളിലാണ് ആയുധങ്ങളെത്തിച്ചത്. കൊള്ളയടിച്ചതും അനധികൃതമായി കൈവശം വച്ചിരിക്കുന്നതുമായ ആയുധങ്ങളും വെടിക്കോപ്പുകളും ഏഴ് ദിവസത്തിനകം വിട്ടുനൽകണമെന്ന ഗവർണർ അജയ് കുമാർ ഭല്ലയുടെ നിർദേശത്തിന് പിന്നാലെയാണ് നടപടി. സംസ്ഥാനത്തെ വംശീയ അക്രമം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ​ഗവർണർ ആയുധങ്ങൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടത്.

To advertise here,

മെയ്ത്തികളുടെ ഇടയിലുള്ള നവോത്ഥാന സംഘടന എന്നപേരിൽ രൂപംകൊണ്ട സംഘടനയാണ് ആരംഭായ് ടെങ്കോൽ. തങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ചാൽ മാത്രമേ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ആയുധങ്ങൾ വിട്ടുനൽകുകയുള്ളൂവെന്ന് ആരംഭായ് ടെങ്കോൽ നേതാക്കൾ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇവരുടെ പ്രതിനിധി സംഘം ഇക്കാര്യമുന്നയിച്ച് ​ഗവർണറെ കണ്ടിരുന്നു.

നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ആയുധങ്ങൾ വിട്ടുനൽകാൻ ​ഗവർണർ അഭ്യർത്ഥിച്ചിരുന്നു. ഞങ്ങൾ ചില നിബന്ധനകളും വ്യവസ്ഥകളും മുന്നോട്ട് വയ്ക്കുകയും അം​ഗീകരിക്കുന്ന പക്ഷം ആയുധങ്ങൾ വിട്ടുനൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തതായി ആരംഭായ് ടെങ്കോൽ വക്താവ് പറഞ്ഞു. എന്നാൽ വ്യവസ്ഥകൾ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

വിവിധ ആവശ്യങ്ങൾ ചൂണ്ടികാട്ടി ആരംഭായ് ടെങ്കോൽ ​ഗവർണർക്ക് ഒരു മെമ്മോറാണ്ടവും സമർപ്പിച്ചു. മ്യാൻമറുമായുള്ള അതിർത്തിയിൽ വേലി കെട്ടുക, 1951 ലെ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുക, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുക, കുക്കി ഗ്രൂപ്പുകൾക്കെതിരായ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള കരാർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മെമ്മോറാണ്ടത്തിലുള്ളതെന്ന് ദേശീയമാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആരംഭായ് ടെങ്കോൽ സംഘടനയിൽ ഉൾപ്പെട്ടവർക്കെതിരെ അറസ്റ്റോ മറ്റു നിയമനടപടികളോ സ്വീകരിക്കില്ലെന്നും മെയ്ത്തി സമുദായത്തിന് പട്ടികവർഗ (എസ്ടി) പദവി നൽകണമെന്നും മെമ്മോറാണ്ടത്തിൽ ആവശ്യപ്പെടുന്നു. വംശീയ കലാപത്തിനിടയിൽ സംസ്ഥാനത്ത് നിരവധി കുക്കികളെ ആരംഭായ് ടെങ്കോൽ കൊലപ്പെടുത്തിയെന്ന ആരോപണങ്ങൾ ശക്തമാണ്. മണിപ്പുരിന്റെ ഭരണചക്രത്തിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്ന സംഘടനയാണ് ആരംഭായ് ടെങ്കോലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം