ന്യൂഡല്‍ഹി: വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ഒളിച്ചിരുന്ന് സാഹസിക യാത്ര നടത്തിയ അഫ്ഗാന്‍ ബാലനെ ഇന്ത്യയില്‍നിന്ന് തിരിച്ചയച്ചു. ഞായറാഴ്ചയാണ് അഫ്ഗാനിസ്താനില്‍നിന്നുള്ള വിമാനത്തില്‍ രഹസ്യമായി കയറി 13 വയസ്സുകാരന്‍ സുരക്ഷിതനായി ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിലെ ജീവനക്കാരാണ് ലാന്‍ഡിങ് ഗിയര്‍ കമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ഒളിച്ചിരുന്ന് യാത്രചെയ്ത കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് വൈകീട്ടോടെ അതേ വിമാനത്തില്‍ത്തന്നെ കുട്ടിയെ കാബൂളിലേക്ക് തിരിച്ചയച്ചെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 

To advertise here,

ഞായറാഴ്ച രാവിലെ കാബൂളില്‍നിന്ന് പുറപ്പെട്ട കാം എയര്‍ വിമാനക്കമ്പനിയുടെ ആര്‍ക്യൂ 4401 വിമാനത്തിലാണ് 13 വയസ്സുകാരന്‍ രഹസ്യമായി യാത്രചെയ്തത്. ഞായറാഴ്ച രാവിലെ 10.20-ഓടെയാണ് വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ്‌ചെയ്തത്. തുടര്‍ന്ന് വിമാനത്താവള ജീവനക്കാര്‍ പരിശോധന നടത്തുന്നതിനിടെയാണ് ലാന്‍ഡിങ് ഗിയര്‍ കമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ ജീവനക്കാര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും കുട്ടിയെ കൈമാറുകയുമായിരുന്നു.

അഫ്ഗാനിലെ കുണ്ടൂസ് സ്വദേശിയാണ് 13-കാരനെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വെളുത്ത പൈജാമയാണ് കുട്ടി ധരിച്ചിരുന്നത്. ഏകദേശം 90 മിനിറ്റിലേറെ വിമാനത്തില്‍ ഒളിച്ചിരുന്ന് യാത്രചെയ്താണ് കുട്ടി ഡല്‍ഹിയിലെത്തിയത്. കുട്ടിയുടെ കൈവശം ചുവന്ന നിറത്തിലുള്ള ചെറിയ ഒരു ഓഡിയോ സ്പീക്കറുമുണ്ടായിരുന്നു. അധികൃതര്‍ നടത്തിയ പരിശോധനയില്‍ കുട്ടി ഒളിച്ചിരുന്ന ഭാഗത്തുനിന്ന് ഈ സ്പീക്കറും കണ്ടെടുത്തു. 

കുട്ടിയെ പിന്നീട് ഇമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥരും വിശദമായി ചോദ്യംചെയ്‌തെന്നാണ് വിവരം. ഇറാനിലേക്ക് യാത്രചെയ്യാനായാണ് വിമാനത്തില്‍ കയറി ഒളിച്ചിരുന്നതെന്നാണ് 13 വയസ്സുകാരന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി. എന്നാല്‍, ഡല്‍ഹിയിലേക്കുള്ള വിമാനത്തിലാണ് കുട്ടി ഒളിച്ചിരുന്നത്. 

അതേസമയം, ഇത്തരത്തില്‍ വിമാനത്തില്‍ ഒളിച്ചിരുന്ന് 94 മിനിറ്റ് യാത്ര പൂര്‍ത്തിയാക്കിയത് ഈ രംഗത്തെ വിദഗ്ധരെപ്പോലും അദ്ഭുതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ യാത്രചെയ്ത് സുരക്ഷിതരായെത്തിയ സംഭവങ്ങള്‍ വിരളമാണ്. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ രഹസ്യവിമാന യാത്രയാണിത്. 1996 ഒക്ടോബര്‍ 14-ന് പ്രദീപ് സെയ്നി (22), വിജയ് സെയ്നി (19) എന്നീ സഹോദരങ്ങള്‍ ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് ലണ്ടനിലേക്ക് ഈ രീതിയില്‍ യാത്രചെയ്തു. ലണ്ടനില്‍ എത്തിയപ്പോള്‍ വിജയ് സെയ്നി മരിച്ചിരുന്നു. പ്രദീപ് രക്ഷപ്പെട്ടു.