അഹമ്മദാബാദ്: ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ഭരണകക്ഷിയായ ബിജെപി ഏഴാം തവണയും അധികാരത്തിലെത്തുമെന്ന് സർവെ. എബിപി - സിവോട്ടർ സർവെയാണ് ഗുജറാത്തിലേയും ഹിമാചൽപ്രദേശിലേയും വിജയം പ്രവചിച്ചിരിക്കുന്നത്. കോൺഗ്രസിന് വൻ തകർച്ച നേരിടുമെന്നും സർവെയിൽ പറയുന്നു. 

To advertise here,

1995 മുതൽ ഗുജറാത്തിൽ അധികാരത്തിൽ തുടരുന്ന ബിജെപി 2023ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റിൽ 135 മുതൽ 143 സീറ്റുകളിൽ വരെ സ്വന്തമാക്കുമെന്നാണ് പ്രവചിക്കുന്നത്. 2017ൽ 99 സീറ്റുകളിലായിരുന്നു ബിജെപി നേടിയത്, 77 സീറ്റുകളായിരുന്നു കോൺഗ്രസിന്. കോൺഗ്രസിന് ഇത്തവണ 36 - 44 സീറ്റുകളായി ചുരുങ്ങുമെന്ന് സർവെയിൽ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിലെ  അട്ടിമറി ജയത്തിന് ശേഷം ഗുജറാത്തിലും ശക്തമായി പ്രവർത്തിക്കുന്ന ആംആദ്മി പാർട്ടി 0 - 2 സീറ്റുകൾ വരെ നേടും. 17.4 ശതമാനം വോട്ട് വിഹിതം സ്വന്തമാക്കുമെന്ന് സർവെയിൽ പറയുന്നു.

ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെങ്കിലും വോട്ട് ശതമാനത്തിൽ കുറവ് ഉണ്ടാകുമെന്ന് സർവെയിൽ പറയുന്നു. 46.8 ശതമാനം വോട്ടുകളായിരിക്കും ബിജെപി സ്വന്തമാക്കുക. എന്നാൽ ഇത് 2017നേക്കാൾ കുറവാണ്. 2017ൽ 49.1 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് ശതമാനം. കോൺഗ്രസിന് 32.3 ശതമാനമായിരിക്കും വോട്ട് ഷെയർ. 2017ൽ 44.4 ശതമാനമായിരുന്നു. എഎപി വോട്ട് വിഹിതത്തിൽ നേട്ടമുണ്ടാക്കുമെന്ന് സർവെ വ്യക്തമാക്കുന്നു.

ഹിമാചൽപ്രദേശിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് സർവെയിൽ ചൂണ്ടിക്കാട്ടുന്നു. അധികാരത്തിലെത്തുമെങ്കിലും വോട്ട് വിഹിതം കുറയുമെന്ന് സർവെയിൽ പറയുന്നു. 48.8 ശതമാനത്തിൽ നിന്ന് 45.2 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. 37 - 48 സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കും. കോൺഗ്രസിന് 21 - 29 സീറ്റുകൾ വരെയാണ് സർവെയിൽ പ്രവചിക്കുന്നത്. 41.7 ശതമാനത്തിൽ നിന്ന് 33.9 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയുമെന്നും സർവെ. ആംആദ്മി പാർട്ടി ശക്തമായ പ്രചാരണ ക്യാമ്പയിനുകൾ നടത്തുന്നുണ്ടെങ്കിലും കാര്യമായ ചലനങ്ങൾ ഹിമാചൽ പ്രദേശിൽ ഉണ്ടാക്കാനിടയില്ല. 0 - 1 സീറ്റാണ് പ്രവചനം.