അഹമ്മദാബാദ്: വരുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 12 സ്ഥാനാര്‍ഥികളെ കൂടി ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. വ്യാഴാഴ്ച 12 മണ്ഡലങ്ങളിലെ പേരുകള്‍കൂടി പ്രഖ്യാപിച്ചതോടെ ആം ആദ്മി പാര്‍ട്ടിക്ക് 41 ഇടങ്ങളില്‍ സ്ഥാനാര്‍ഥികളായി. ആധ്യാപകര്‍, വ്യവസായികള്‍, സാമൂഹ്യ പ്രവര്‍ത്തര്‍, ഗോത്രവിഭാഗക്കാര്‍ എന്നിവരുള്‍പ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് നാലാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലുള്ളത്.
ഗുജറാത്തിലെ 182 സീറ്റുകളിലേക്കും ഇത്തവണ എഎപി മത്സരിക്കുന്നുണ്ട്. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇതിനോടകം 41 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് പാര്‍ട്ടിയുടെ മുന്നേറ്റത്തേയും വേഗത്തില്‍ തീരുമാനം എടുക്കാനുള്ള ശേഷിയെയും പ്രകടമാക്കുന്നതാണെന്ന് എഎപി സംസ്ഥാന പ്രസിഡന്റ് ഗോപാല്‍ ഇറ്റാലിയ പറഞ്ഞു. ഒരുഭാഗത്ത് അഴിമതിയില്‍ മുങ്ങിയ ബിജെപിയും മറുഭാഗത്ത് തകര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസുമുള്ള സംസ്ഥാനത്ത് എഎപി ശക്തമായ സാന്നിധ്യം ഉറപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
12 പേരടങ്ങിയ നാലാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ രണ്ടുപേര്‍ പഴയ കോണ്‍ഗ്രസുകാരും ഓരോരുത്തര്‍വീതം ബി.ജെ.പി.യില്‍നിന്നും ബി.ടി.പി.യില്‍നിന്നും വന്നവരുമാണ്. ഗന്ദേവിയില്‍ മുന്‍ ബിടിപി പ്രവര്‍ത്തകനായ പങ്കജ് പട്ടേലാണ് എഎപി സ്ഥാനാര്‍ഥി. ശേഹ്രയില്‍ തഖാത് സിങ് സോളങ്കിയും ഗാന്ധിനഗര്‍ സൗത്തില്‍ ദോളത് പട്ടേലുമാണ് മത്സരിക്കുക. ഇരുവരും മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കേഷോദ് മണ്ഡലത്തില്‍ മുന്‍ ബിജെപി നേതാവായിരുന്ന രാംജിഭായി ചുദസാമയാണ് സ്ഥാനാര്‍ഥി. സാനന്ദ് മണ്ഡലത്തില്‍ കുല്‍ദീപ് വഗേലയും വട്‌വയില്‍ ബിപിന്‍ പട്ടേലുമാണ് സ്ഥാനാര്‍ഥി. ഇരുവരും വ്യവസായികളാണ്. അമരാവതിയില്‍ അഭിഭാഷകനായ ഭാരത് പട്ടേലും മത്സരിക്കും.
Content Highlights: AAP announces 12 more candidates for Gujarat Assembly elections
Published: 06 Oct 2022, 09:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented