മുംബൈ: സ്ഥലപരിമിതിയും ഉയർന്ന വസ്തുവിലയും വർധിച്ചുവരുന്ന ജനത്തിരക്കും കാരണം വീർപ്പുമുട്ടുന്ന മുംബൈയ്ക്ക് ആശ്വാസമായി മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ നഗരവികസന പദ്ധതി. ‘മുംബൈ 3.0’ എന്ന് പേരിട്ട കർണാല-സായ്-ചിർനർ പദ്ധതിയിലൂടെ മുംബൈയുടെ വികസന ഭൂപടത്തിൽ പുതിയൊരു അധ്യായം കുറിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
റായ്ഗഡ് ജില്ലയിലെ ഉറാൻ, പൻവേൽ, പെൻ താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന 124 ഗ്രാമങ്ങളെ ഉൾപ്പെടുത്തിയാണ് ഈ പുതിയ നഗരം വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം 323.44 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഈ പ്രദേശം ആസൂത്രിത നഗരമായി വികസിപ്പിക്കും. മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി(എം.എം.ആർ.ഡി.എ.)ക്കാണ് ഇതിന്റെ വികസന ചുമതല.
അടൽസേതു യാഥാർത്ഥ്യമായതോടെ മുംബൈയും റായ്ഗഡ് മേഖലയും തമ്മിലുള്ള ദൂരം ഗണ്യമായി കുറഞ്ഞത് ഈ പദ്ധതിക്ക് വലിയ കരുത്താകുന്നു. നിർദ്ദിഷ്ട നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്താണ് ഈ നഗരം വരുന്നത് എന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. പൻവേൽ-കർജത്ത് റെയിൽവേ ഇടനാഴി, വിരാർ-അലിബാഗ് മൾട്ടിമോഡൽ കോറിഡോർ, മുംബൈ-പുണെ എക്സ്പ്രസ് വേ എന്നിവയുമായുള്ള സാമീപ്യം മികച്ച ഗതാഗത സൗകര്യം ഉറപ്പാക്കും.
പാർപ്പിടകേന്ദ്രം എന്നതിലുപരി തൊഴിലിടങ്ങളും താമസസൗകര്യങ്ങളും ഒരേപോലെ ലഭ്യമാക്കുന്ന സാമ്പത്തിക കേന്ദ്രമായാണ് മുംബൈ 3.0 ആസൂത്രണം ചെയ്തിരിക്കുന്നത്. ആളുകൾക്ക് ജോലിക്കായി ദീർഘദൂര യാത്രകൾ ചെയ്യേണ്ടിവരുന്നത് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഐടി പാർക്കുകൾ, സാമ്പത്തിക സേവന കേന്ദ്രങ്ങൾ, ഡാറ്റാ സെന്ററുകൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ എന്നിവ ഇവിടെയുണ്ടാകും.
ഏകദേശം 104 ചതുരശ്ര കിലോമീറ്റർ പ്രദേശം ടൗൺഷിപ്പുകൾക്കും വ്യാവസായിക ഇടനാഴികൾക്കുമായി മാറ്റിവെക്കുമ്പോൾ, ബാക്കി ഭാഗങ്ങളിൽ ഹരിത മേഖലകളും വനങ്ങളും ഗ്രാമീണ തനിമയും നിലനിർത്തും. കോൺക്രീറ്റ് കാടുകൾക്ക് പകരം പച്ചപ്പിനും ആധുനിക സൗകര്യങ്ങൾക്കും മുൻഗണന നൽകുന്ന 'സ്മാർട്ട് സിറ്റി' സംവിധാനമാണ് ഇവിടെ വിഭാവനംചെയ്യുന്നത്.
പദ്ധതിക്കായി എം.എം.ആർ.ഡി.എ. 4,000 കോടി രൂപ നിലവിൽ നീക്കിവച്ചിട്ടുണ്ട്. പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ബ്രൂക്ക്ഫീൽഡിൽനിന്ന് 12 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനം ഇതിനോടകം ലഭിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ്, ഡാറ്റാ സെന്ററുകൾ, ഗതാഗത കേന്ദ്രീകൃത വികസനം തുടങ്ങിയ മേഖലകളിലാകും ഈ നിക്ഷേപം വിനിയോഗിക്കുക.
പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. നഗരത്തിന്റെ ആദ്യ ഘട്ട നിർമാണം 2030-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, സമ്പൂർണമായ ഒരു നഗരമായി ഇത് രൂപപ്പെടാൻ കൂടുതൽ സമയമെടുത്തേക്കാം.
Published: 19 Aug 2026, 05:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented