മനാമ: കോവിഡ്19 വ്യാപിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പല സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ കുറയ്ക്കുകയോ അവധി നല്‍കുകയോ ചെയ്തു കൊണ്ടിരിക്കുകയാണ്. ചെറുകിട തൊഴില്‍ സ്ഥാപനങ്ങളും അവിടങ്ങളിലെ തൊഴിലാളികളും സ്വയം തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമാണ് ഈ കാലയളവില്‍ കൂടുതല്‍ പ്രതിസന്ധികള്‍ നേരിടുന്നത്. അഭിമാനം മൂലം താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മറ്റുള്ളവരെ അറിയിക്കാതെ ജീവിതം തള്ളിനീക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശ്യാര്‍ഥം സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ സേവനവിഭാഗമായ വെല്‍കെയര്‍, അന്നമായും അഭയമായും ആശ്രയമായും പ്രവാസി സമൂഹത്തിന് സാന്ത്വനമായി മാറിക്കൊണ്ടിരിക്കുകയാണ്. വെല്‍കെയര്‍ ഹെല്‍പ് ഡസ്‌കിലേക്ക് വരുന്ന ആവശ്യങ്ങളും അഭ്യര്‍ഥനകളോടുമൊപ്പം വെല്‍കെയര്‍ വോളണ്ടിയര്‍മാരുടെ നിരന്തരമായ ഇടപെടലിലൂടെ കണ്ടെത്തുന്നവരെയും ആവശ്യാനുസരണം സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

To advertise here,

കോവിഡ് ഭീഷണി മൂലം ജോലിയില്ലാത്തതിനാല്‍ ഭക്ഷണത്തിനുള്ള വക പോലും നഷ്ടപ്പെട്ട് സ്വന്തം ഇടങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകള്‍ എത്തിച്ചു കൊടുത്തുകൊണ്ട് ആശ്വാസം പകരുകയാണ് വെല്‍കെയര്‍ ചെയ്യുന്നത്. ഗവണ്‍മെന്റിന്റെ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടു തന്നെയാണ് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യുന്നത്.

കോവിഡ് ബോധവത്കരണം, മാനസിക സമ്മര്‍ദം നേരിടുന്നവര്‍ക്ക് വിദഗ്ദ്ധ  കൗണ്‍സിലര്‍മാരുടെ സേവനം, ജീവന്‍ രക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തല്‍, ഭക്ഷണ സാധനങ്ങള്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച് കൊടുക്കുവാന്‍  മുന്നിട്ടിറങ്ങിയിരിക്കുകയാണ് വെല്‍കെയര്‍. കഴിഞ്ഞ ദിവസങ്ങളില്‍ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിലായി പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങള്‍, ബാച്ചിലേര്‍സ്, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്ക് കിറ്റുകള്‍ എത്തിച്ചതായി വെല്‍കെയര്‍ കണ്‍വീനര്‍ മജീദ് തണല്‍ പറഞ്ഞു.

'ഒരുമിച്ച് നില്‍ക്കാം അതിജയിക്കാം' എന്ന തലക്കെട്ടില്‍ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തുന്ന ഈ സാന്ത്വന പ്രവര്‍ത്തനത്തിന് സമൂഹത്തിലെ സുമനസ്സുകളൂടെ നിര്‍ലോഭമായ പിന്തുണ ലഭിക്കുന്നത് സന്തോഷകരമാണെന്ന് പ്രസിഡന്റ് ബദറുദ്ധീന്‍ പൂവാര്‍ പറഞ്ഞു. പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ വെല്‍കെയര്‍ സേവന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.