മനാമ: നാട്ടിലേക്ക് മടങ്ങാന്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാന്‍ 'നാടണയാന്‍ പ്രതിസന്ധിയിലായവര്‍ക്ക് സ്‌നേഹ സ്പര്‍ശമായി വെല്‍കെയര്‍' എന്ന പേരില്‍ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സേവന വിഭാഗമായ വെല്‍കെയര്‍ പ്രഖ്യാപിച്ച ഒന്നാംഘട്ട എയര്‍ടിക്കറ്റ് കോഴിക്കോട് പയ്യോളി സ്വദേശി വിനോദിന് നല്‍കി. ഏറെ നാളായി ബഹ്‌റൈനില്‍ ചികിത്സയിലായിരുന്ന അദ്ദേഹം തുടര്‍ചികിത്സക്കായി ഇന്നലെ കോഴിക്കോടേക്ക് യാത്ര തിരിച്ചു. സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഏറിയാട്, വൈസ്. പ്രസിഡന്റ് മുഹമ്മദലി മലപ്പുറം, നിഷാദ് ഇരിങ്ങാലക്കുട, ഷാക്കിര്‍ കൊടുവള്ളി എന്നിവര്‍ വിനോദിനുള്ള ടിക്കറ്റ് കൈമാറി.
കഴിഞ്ഞ മൂന്ന് മാസത്തോളമായി വിനോദ് ജോലി ചെയ്തിരുന്ന കമ്പനി അടഞ്ഞുകിടക്കുകയാണ്. ശമ്പളവും ജോലിയുമില്ലാതെ അസുഖ ബാധിതനായ് റൂമില്‍ കഴിഞ്ഞ വിനോദിന് ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളും വെല്‍കെയര്‍ വളണ്ടിയര്‍മാരുമാണ് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കി വന്നത്.
ഒന്നാം ഘട്ടത്തില്‍ വെല്‍കെയര്‍ ബഹ്‌റൈന്‍ 10 ടിക്കറ്റുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കോവിഡ് ദുരിതം മൂലം ജോലിയും വരുമാനവും നഷ്ടമായ മടക്കയാത്രക്കുള്ള എംബസിയുടെ ലിസ്റ്റില്‍ അവസരമൊരുങ്ങിയവരില്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്കാണ് വെല്‍കെയര്‍ സൗജന്യ ടിക്കറ്റ് നല്‍കുന്നത്.
ചെറിയ വരുമാനമുള്ളവര്‍, ലേബര്‍ ക്യാമ്പില്‍ കഴിയുന്നവര്‍, ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, അടിയന്തരമായി നാട്ടില്‍ ചികിത്സക്ക് പോകാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ തുടങ്ങിയവരില്‍ നിന്ന് അര്‍ഹരായവരെ നേരിട്ട് കണ്ടെത്തുകയാണ് ചെയ്യുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ഒന്നാംഘട്ടത്തില്‍ പ്രഖ്യാപിച്ച 300 പേര്‍ക്ക് വിമാന ടിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ് ഈ സൗജന്യ ടിക്കറ്റ്. തനിക്ക് പ്രയാസകരമായ ഘട്ടത്തില്‍ ചെയ്തുതന്ന എല്ലാ സേവനങ്ങള്‍ക്കും സൗജന്യ ടിക്കറ്റ് നല്‍കിയതിനും വിനോദ് നന്ദി അറിയിച്ചു.
അതേസമയം മൂന്ന് മാസത്തിലേറെയായി ജോലിയില്ലാതെ വരുമാനം നിലച്ച പ്രവാസികള്‍ക്ക് മടക്ക യാത്രക്കുള്ള ടിക്കറ്റ് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും ലഭ്യമാക്കുവാന്‍ ഇന്ത്യന്‍ എംബസി അടിയന്തിര നടപടി സ്വീകരിക്കണമെന്നും സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിത്യവൃത്തിക്ക് പോലും പ്രയാസപ്പെടുന്നവരോട് ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നത് നീതീകരിക്കാനാവില്ലയെന്നും, നിലവിലെ ചട്ടമനുസരിച്ച് തന്നെ ഇത്തരത്തില്‍ ഫണ്ട് വിനിയോഗിക്കാവുന്നതാണെന്നും ഇതിനാവശ്യമായ അപേക്ഷാ ഫോറം എംബസിയുടെ വെബ് സൈറ്റില്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ തങ്ങള്‍ക്ക് ടിക്കറ്റ് നല്‍കണം എന്ന് എംബസിയോട് അപേക്ഷിക്കണമെന്ന് സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
Published: 28 May 2020, 04:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented