ദോഹ: ആശങ്കകളെല്ലാം പരിഹരിച്ച് ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ വെര്‍ച്വല്‍ ക്ലാസുകളുമായി മുന്നേറുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ മുഴുവന്‍ അടച്ചിട്ട പശ്ചാത്തലത്തിലാണ് വെര്‍ച്വല്‍ ക്ലാസുകള്‍ ആരംഭിച്ചത്.

To advertise here,

ഖത്തറിലെ 18 ഇന്ത്യന്‍ സ്‌കൂളുകളിലായി 40,000ഓളം വിദ്യാര്‍ഥികളാണ് വെര്‍ച്വല്‍ ക്ലാസുകളിലൂടെ പഠന പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 5 മുതലാണ് ഇന്ത്യന്‍ സ്‌കൂളുകളില്‍ വെര്‍ച്വല്‍ ക്ലാസുകള്‍ ആരംഭിച്ചത്. മൈക്രോസോഫ്റ്റ് ടീംസ്, സൂം ആപ്പുകളാണ് വെര്‍ച്വല്‍ ക്ലാസുകള്‍ക്കായി ഉപയോഗിക്കുന്നതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍  അറിയിച്ചു. ഇതിനു പുറമേ റെക്കോഡഡ് വീഡിയോകളും ഓണ്‍ലൈന്‍ നോട്ട്സും നല്‍കുന്നുണ്ട്. ഓണ്‍ലൈനില്‍ തന്നെ അസൈന്‍മെന്റുകളും ക്ലാസ് ടെസ്റ്റുകളും കൃത്യമായി നടക്കുന്നു.

വിദ്യാര്‍ഥികള്‍ ക്ലാസിലെത്തുന്നില്ല എന്ന വ്യത്യാസമൊഴിച്ചാല്‍ സാധാരണ സ്‌കൂളില്‍ നടക്കുന്ന എല്ലാ പഠനപ്രവര്‍ത്തനങ്ങളും വെര്‍ച്വല്‍ ക്ലാസിലും നടക്കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ലൈവ് വീഡിയോയില്‍ അധ്യാപകര്‍ വിദ്യാര്‍ഥികളോട് ചോദ്യം ചോദിച്ചും കുട്ടികള്‍ ഉത്തരം പറഞ്ഞുമാണ് ക്ലാസുകള്‍ മുന്നേറുന്നത്. വെര്‍ച്വല്‍ ക്ലാസിന് കൃത്യമായ സിലബസ് തയ്യാറാക്കിയിട്ടുണ്ട്. ഒന്നു മുതല്‍ നാല് മണിക്കൂര്‍വരെയാണ് വിവിധ സ്‌കൂളുകളില്‍ ക്ലാസുകള്‍ നടക്കുന്നത്.

ഒരേ സമയം ക്ലാസുകള്‍ നടക്കുന്നതിനാല്‍ ഒന്നിലധികം വിദ്യാര്‍ഥികള്‍ ഉള്ള രക്ഷിതാക്കള്‍ക്ക് കൂടുതല്‍ കംപ്യൂട്ടറുകള്‍ സംഘടിപ്പിക്കണമെന്ന കാര്യത്തില്‍ തുടക്കത്തില്‍ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, രക്ഷിതാക്കള്‍ തന്നെ മുന്‍കൈയെടുത്ത് ടാബുകളും മറ്റും സംഘടിപ്പിച്ചും സര്‍ക്കാര്‍ സഹായത്തോടെയും ഈ വിഷയം പരിഹരിച്ചു കഴിഞ്ഞതായി ഇന്ത്യന്‍ എംബസിയിലെ വിദ്യാഭ്യാസ ചുമതലയുള്ള ഫസ്റ്റ് സെക്രട്ടറി ഹേമന്ത് തിവാരി പറഞ്ഞു. 

സാധാരണ പാഠഭാഗങ്ങള്‍ക്കു പുറമേ ഫിസിക്കല്‍ എജുക്കേഷന്‍, സംഗീതം, നൃത്തം തുടങ്ങിയവയിലും വെര്‍ച്വല്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. ലൈവ് വീഡിയോയും ഡെമോയും വഴിയാണ് ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്.