അബുദാബി/മുംബൈ: ഇന്ത്യയും യു.എ.ഇ. യും തമ്മിലുള്ള വാണിജ്യ ഇടപാടുകള്‍ക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും രൂപയും യു.എ.ഇ. ദിര്‍ഹവും പരസ്പരം ഉപയോഗിക്കാന്‍ ധാരണ.

To advertise here,

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസും യു.എ.ഇ. കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് പലാമയും ഇതിനായുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അബുദാബിയില്‍ ശനിയാഴ്ചയാണ് ധാരണാപത്രം ഒപ്പുവെച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് റിസര്‍വ് ബാങ്ക് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ധാരണ പ്രകാരം രൂപ- യു.എ.ഇ. ദിര്‍ഹം ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു നടപടികളുണ്ടാകും.

പരസ്പരമുള്ള ഇടപാടുകള്‍ക്ക് പ്രാദേശിക കറന്‍സി ഉപയോഗിക്കുന്നതിലൂടെ വിദേശ വിനിമയത്തിനുള്ള ചെലവും ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയവും ലാഭിക്കാനാകും.

യു.എ.ഇ.യിലുള്ള ഇന്ത്യക്കാര്‍ക്കും ഇതു നേട്ടമാണ്. കറന്റ് അക്കൗണ്ട് ഇടപാടുകളും മൂലധന അക്കൗണ്ടുകളിലെ അനുവദനീയ ഇടപാടുകളും പ്രാദേശിക കറന്‍സികളിലാക്കുന്നതിനും ധാരണയായി.

ഇന്ത്യന്‍ രൂപ - യു.എ.ഇ. ദിര്‍ഹം വിദേശ വിനിമയവിപണി ശക്തിപ്പെടുത്തുക, പരസ്പരം നിക്ഷേപങ്ങള്‍ക്ക് അവസരമൊരുക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ഇടപാടുകള്‍ ശക്തിപ്പെടുത്തുക എന്നിവയും കരാറിലൂടെ ലക്ഷ്യമിടുന്നു.

യു.പി.ഐ.- ഐ.പി.പി. ബന്ധിപ്പിക്കും

ഇന്ത്യയില്‍ അതിവേഗ ഇടപാടുകള്‍ക്കുപയോഗിക്കുന്ന യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ.), യു.എ.ഇ.യിലെ സമാന പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റന്റ് പേമെന്റ് പ്ലാറ്റ്‌ഫോം (ഐ.പി.പി.) എന്നിവ ബന്ധിപ്പിക്കും.

ഇതുവഴി ഇരുരാജ്യങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ വേഗത്തിലും കുറഞ്ഞചെലവിലും പൂര്‍ത്തിയാക്കാനാകും. കൂടാതെ, കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ഇന്ത്യയുടെ റുപേ സ്വിച്ചും യു.എ.ഇ. സ്വിച്ചും ഇരുരാജ്യങ്ങളുടെയും പരസ്പര ഇടപാടുകള്‍ക്കുപയോഗിക്കുന്ന പേമെന്റ് മെസേജിങ് സംവിധാനങ്ങളും ബന്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. കാര്‍ഡ് സ്വിച്ചുകള്‍ ബന്ധിപ്പിക്കുന്നതിലൂടെ ഇരു രാജ്യങ്ങളിലെയും കാര്‍ഡ് ശൃംഖലകളുടെ പരസ്പര ഉപയോഗം സുഗമമാകും.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം വിവിധ മേഖലകളിലേക്ക് വികസിച്ചെന്നും വ്യാപാരം 20 ശതമാനം വര്‍ധിച്ച് 8500 കോടി ഡോളറിലെത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജി 20 ഉച്ചകോടിക്ക് മുന്‍പ് വ്യാപാരം 10,000 കോടി ഡോളറിലേക്കെത്തിക്കാനാകുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി പറഞ്ഞു.

മോദിയെ വരവേറ്റ് യു.എ.ഇ. 

വനിതാ വിനോദ്

അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു.എ.ഇ. ഒരുക്കിയത് ഗംഭീര സ്വീകരണം. ഇന്ത്യയുടെ ത്രിവര്‍ണപതാകയുടെ നിറമണിഞ്ഞ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബായ് ബുര്‍ജ് ഖലീഫ അദ്ദേഹത്തെ വരവേറ്റു. പ്രധാനമന്ത്രിയുടെ ചിത്രവും ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞു. ശനിയാഴ്ച രാവിലെ പ്രാദേശികസമയം 9.15-നാണ് പ്രധാനമന്ത്രി ഏകദിന സന്ദര്‍ശനത്തിനായി അബുദാബിയിലെത്തിയത്.

അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് നേരിട്ടെത്തി സ്വീകരിച്ചു. വിമാനത്താവളത്തില്‍ ഇരുവരും ഹ്രസ്വചര്‍ച്ച നടത്തുകയുംചെയ്തു. ശേഷം അബുദാബി ഖസര്‍ അല്‍ വതന്‍ കൊട്ടാരത്തിലെത്തിയ പ്രധാനമന്ത്രിക്ക് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഊഷ്മളവരവേല്‍പ്പ് നല്‍കി. പിന്നീടുനടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത (സെപ) കരാറിന്റെ പുരോഗതി വിലയിരുത്തി. ഡല്‍ഹി ഐ.ഐ.ടി.യുടെ ഓഫ് കാമ്പസ് അബുദാബിയില്‍ ആരംഭിക്കാനും തീരുമാനമായി. ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് യു.എ.ഇ.യെ പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണിച്ചു. യു.എ.ഇ. ആതിഥ്യം വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും മോദി പറഞ്ഞു. 'കോപ് 28 ' നിയുക്ത പ്രസിഡന്റ് ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബറുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളുടെ നിലവിലെ പുരോഗതി, സുസ്ഥിരമായ ആഗോളവളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള താത്പര്യം, സഹകരണം വര്‍ധിപ്പിക്കാനുള്ള വഴികള്‍ എന്നിവയെല്ലാം ചര്‍ച്ചചെയ്തതായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വീറ്റ് ചെയ്തു.

അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ചര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇരുനേതാക്കളും ട്വീറ്റ് ചെയ്തത്. ഏകദിനസന്ദര്‍ശനം പൂര്‍ത്തിയാക്കി ശനിയാഴ്ച വൈകീട്ടോടെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി. ഇത് അഞ്ചാംതവണയാണ് മോദി യു.ണ്ടഎ.ഇ.യിലെത്തുന്നത്.