പേരാവൂര്‍ (കണ്ണൂര്‍): പ്രാണവായു കിട്ടാതെ ജീവനു വേണ്ടി പരക്കം പാഞ്ഞ തെരുവ് നായക്ക് സമീര്‍ കണ്ണവം രക്ഷകനായത് പുലര്‍ച്ചെ രണ്ടു മണിക്ക്. യാത്രക്കിടയില്‍ അപ്രതീക്ഷിതമായാണ് പ്ലാസ്റ്റിക് ബോട്ടിലില്‍ തല കുരുങ്ങിയ തെരുവു നായയെ സമീര്‍ കാണുന്നത്. 

To advertise here,

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. പേരാവൂര്‍ മുരിങ്ങോടിയില്‍ ബുധനാഴ്ച ഉച്ചക്ക് മരണപ്പെട്ട പൊയില്‍ അസൈനാറുടെ ഖബറടക്ക ചടങ്ങിന് ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്നു കണ്ണവം സ്വദേശി തോട്ടത്തില്‍ സമീറും ബന്ധുക്കളും. കാക്കയങ്ങാട് കഴിഞ്ഞപ്പോഴാണ് പ്ലാസ്റ്റിക് ബോട്ടിലില്‍ തല കുരുങ്ങിയ തെരുവു നായയെ കാറിന്റെ വെളിച്ചത്തില്‍ റോഡരികില്‍ കണ്ടത്.

കാര്‍ നിര്‍ത്തിയതോടെ കാറിന് മുന്നിലേക്കെത്തിയ നായയുടെ ദയനീയത കണ്ട സമീര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. റോഡരികില്‍ നിന്ന് കിട്ടിയ പരന്ന ഇരുമ്പു ഷീറ്റിന്റെ കഷ്ണം കൊണ്ട് നായയുടെ കഴുത്തിന് മുറിവേല്പിക്കാതെ പ്ലാസ്റ്റിക് ബോട്ടില്‍ അറുത്താണ് ശ്വാസം കിട്ടാതെ മൃതപ്രായനായ നായയെ രക്ഷിച്ചത്. സമീറിന്റെ അനുജന്‍ റിയാസ് രക്ഷാപ്രവര്‍ത്തനം മൊബൈലില്‍ പകര്‍ത്തവെ, കഴുത്തില്‍ കുരുങ്ങിയ പ്ലാസ്റ്റിക് ബോട്ടിലിന്റെ ബാക്കിയുമായി ജീവന്‍ തിരിച്ചു കിട്ടിയ നായ ഓടിപ്പോയി.

റോഡരികില്‍ ആരും തിരിഞ്ഞു നോക്കാനില്ലാതെ നിരവധി മനുഷ്യ ജീവനുകള്‍ പൊലിയുന്ന ഇക്കാലത്ത് വെറുമൊരു തെരുവ് നായക്ക് വേണ്ടി സമയം ചിലവഴിച്ച  സമീര്‍ സഹജീവി സ്‌നേഹത്തിന്റെ മാതൃകയാണ്.ബെംഗളൂരു കെ.ആര്‍ പുരത്ത്  വ്യാപാരിയായ സമീര്‍ കെ.എം. സി.സി പ്രവര്‍ത്തകനാണ്.

Content Highlights: straydog reincarnated at Sameer's mercy