ശാസ്താംകോട്ട (കൊല്ലം): ഭാഗ്യംവിറ്റു നടന്നവരുടെ കൊച്ചുവീട്ടിലേക്ക് എത്തിയത് 12 കോടിയുടെ ബമ്പർ. അതും ലോട്ടറിക്കടയുടെ വരാന്തയിലെ ക്ലിപ്പിൽ തൂങ്ങിക്കിടന്ന അവസാന ടിക്കറ്റിന്. സംസ്ഥാന ഭാഗ്യക്കുറി വിഷു ബമ്പറിന്റെ ഇത്തവണത്തെ ഭാഗ്യശാലി ശൂരനാട് ആനയടി വയലിൽ കോളനി വിനോദ് ഭവനത്തിൽ പൊന്നൻ (72) ആണ്. പെയിന്റിങ് തൊഴിലാളിയും ചെറുകിട ലോട്ടറി വിൽപ്പനക്കാരനുമാണ് പൊന്നൻ.

To advertise here,

ഒരുമാസംമുൻപ് കരുനാഗപ്പള്ളി മണപ്പള്ളി ‘അമ്മ’ ലോട്ടറി ഏജൻസിയിൽനിന്ന്‌ എടുത്ത വി.ബി. 135452 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. വായ്പയെടുത്ത് ജപ്തിനടപടി നേരിട്ട വീട്ടിലാണ് കുടുംബം കഴിയുന്നത്. പലരോടായി കടംവാങ്ങിയ തുകകൊണ്ടാണ് ബാങ്കിലെ വായ്പ തിരിച്ചടച്ച് വീട് നിലനിർത്തിയത്. പൊന്നന്റെ ഭാര്യ രാധാമണിയമ്മ (65), മകൻ വിനോദ്കുമാർ (39) എന്നിവരെല്ലാം ലോട്ടറിക്കച്ചവടം നടത്തുന്നവരാണ്.

കോവിഡ് കാലത്ത് ലോട്ടറിക്കച്ചവടത്തിലേക്ക് തിരിഞ്ഞതാണ് മൂവരും. രാധാമണിയമ്മ വീടിനുസമീപം തട്ടിട്ട് ലോട്ടറിക്കച്ചവടം ചെയ്യുന്നു. വിനോദ് കിലോമീറ്ററുകൾ നടന്നാണ് ലോട്ടറി വിൽപ്പന. പ്രായമായതോടെ ഇടയ്ക്ക് മാത്രമാണ് പൊന്നൻ നടന്ന് വിൽപ്പനയ്ക്ക് പോകുന്നത്.

വിനോദിന് പനിയായപ്പോൾ ടിക്കറ്റെടുക്കാൻ മണപ്പള്ളിക്കുപോയത് പൊന്നനായിരുന്നു. വിൽപ്പനയ്ക്കുള്ള ടിക്കറ്റെടുത്ത് കഴിഞ്ഞപ്പോഴാണ് കടയുടെ മുന്നിലെ ക്ലിപ്പിൽ പ്ലാസ്റ്റിക് കവറിൽ തൂക്കിയിട്ടിരിക്കുന്ന ഏക വിഷു ബമ്പർ ശ്രദ്ധയിൽപ്പെട്ടത്. അതിലെ നമ്പർ ഇഷ്ടപ്പെട്ട് വാങ്ങുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

കോടിപതിയായെങ്കിലും വലിയ ആഗ്രഹങ്ങളൊന്നും ഈ നിർധന കുടുംബത്തിനില്ല. വിനോദിന്റെ കല്യാണം നടത്തണം. വീട് അറ്റകുറ്റപ്പണി ചെയ്യണം. വെള്ളം കെട്ടിനിൽക്കുന്ന പറമ്പിൽ മണ്ണിട്ട് നികത്തണം. കടങ്ങൾ വീട്ടണം. ബാക്കിത്തുക ബാങ്കിലിട്ട് ജീവിക്കണം-പൊന്നൻ പറഞ്ഞു.

ഭാഗ്യവാൻ വന്നത് 45 ലക്ഷംപേരിൽനിന്ന്

തിരുവനന്തപുരം: വിഷു ബമ്പറിന്റെ ഭാഗ്യദേവത കൊല്ലം ശൂരനാട് ആനയടി വയലിൽകോളനി, വിനോദ് ഭവനത്തിൽ പൊന്ന(72)നെ തിരഞ്ഞെടുത്തത് 45 ലക്ഷം പേർക്കിടയിൽനിന്ന്. വി.ബി. 135452 എന്ന ടിക്കറ്റിലൂടെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസ് ഏജന്റ് ഡി.

അനിലാണ് 12 കോടി രൂപയുടെ ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്. ഇതേ നമ്പർ വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരുലക്ഷം രൂപവീതം സമാശ്വാസ സമ്മാനം ലഭിക്കും. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ വർഷമായിരുന്നു ഇത്തവണ. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ചെലവായ വിഷു ബമ്പർ ടിക്കറ്റുകൾക്ക് റെക്കോഡ് വിൽപ്പനയായിരുന്നു.

പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 11,58,480 എണ്ണം ടിക്കറ്റുകൾ ഇവിടെ വിറ്റു. തൃശ്ശൂരിൽ 5,10,820, തിരുവനന്തപുരത്ത് 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയർന്ന വിൽപ്പന. കഴിഞ്ഞവർഷം 42,87,350 എണ്ണം വിഷു ബമ്പർ ടിക്കറ്റുകൾ ആയിരുന്നു വിറ്റത്. വിഷു ബമ്പർ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി ഒരുകോടി രൂപവീതം ആറു പരമ്പരകൾക്ക് ലഭിക്കും.

മൂന്നാം സമ്മാനമായി 10 ലക്ഷം രൂപവീതം ആറു പരമ്പരകൾക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം രൂപവീതം ആറു പരമ്പരകൾക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 300 വീതമുള്ള സമ്മാനങ്ങളുമുണ്ട്.