പശ്ചിമബംഗാൾ വ്യാഴാഴ്ച ഒന്നാം ഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങവേ അരങ്ങുതകർക്കുന്നത് ധ്രുവീകരണ രാഷ്ട്രീയം. ഇടതുപക്ഷത്തെയും കോൺഗ്രസിനെയുമടക്കം അപ്രസക്തമാക്കിക്കൊണ്ട് തൃണമൂൽ കോൺഗ്രസ്- ബി.ജെ.പി നേർക്കുനേർ പോരാട്ടമാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനായുള്ള ഇരുപാർട്ടികളുടെയും മത്സരത്തിന് വീറും വാശിയുമേറെ. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിലൂടെ (എസ്.ഐ.ആർ) സംഭവിച്ച വോട്ടർമാരുടെ കൂട്ട ഒഴിവാക്കലുകൾ പ്രവചനാതീത തലത്തിലേക്ക് മത്സരത്തെ ഉയർത്തി. വടക്കൻ ബംഗാളിലെ എട്ട് ജില്ലകളിലായുള്ള 54 മണ്ഡലങ്ങൾക്ക് പുറമേ, മുർഷിദബാദ്, ഈസ്റ്റ് മിഡ്നാപൂർ, വെസ്റ്റ് മിഡ്നാപൂർ, ഝർഗ്രാം, പുരുളിയ, ബാങ്കുര, വെസ്റ്റ് ബർദമാൻ, ബിർഭൂം ജില്ലകളിലെ മണ്ഡലങ്ങളിലും ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ്. ആകെ 152 മണ്ഡലങ്ങളിൽ ഒന്നാം ഘട്ടത്തിൽ വിധിയെഴുതും.

To advertise here,

ഭരണവിരുദ്ധവികാരം മറികടക്കാൻ എസ്.ഐ.ആർ

വടക്കൻ ബംഗാളിൽ നിലവിലുള്ള ആധിപത്യം നിലനിർത്താൻ ബി.ജെ.പി തീവ്രമായി ശ്രമിക്കുമ്പോൾ അതിർത്തി മണ്ഡലങ്ങളിലടക്കം എസ്.ഐ.ആറിലൂടെ വോട്ടർമാർ വൻതോതിൽ ഒഴിവാക്കപ്പെട്ടതിനെ രാഷ്ട്രീയായുധമാക്കുകയാണ് തൃണമൂൽ കോൺഗ്രസ്. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യം ന്യൂനപക്ഷങ്ങളിൽ സൃഷ്ടിച്ചിരിക്കുന്ന ആശങ്കകളെ അനുകൂലമാക്കിയെടുക്കാനാണിവരുടെ ശ്രമം. ന്യൂനപക്ഷ ഏകീകരണം മുൻ തിരഞ്ഞെടുപ്പുകളിലെന്ന പോലെ ഇത്തവണയും പൂർണമായും തങ്ങൾക്കനുകൂലമാകാൻ എസ്.ഐ.ആർ വഴിയൊരുക്കിയിട്ടുണ്ടെന്ന് തൃണമൂൽ കരുതുന്നു. എങ്കിലും കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിൽ പിടിച്ച മണ്ഡലങ്ങളിൽ വോട്ടർപട്ടികയിലുണ്ടായ ഏറ്റക്കുറച്ചിലുകൾ എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഇരുക്യാമ്പുകളിലുമുണ്ട്. എസ്.ഐ.ആറിലൂടെ ബി.ജെ.പി പ്രതീക്ഷിച്ചത് പോലെയായില്ല കാര്യങ്ങളെന്നതും ഇതിനൊപ്പം എടുത്തു പറയണം. ഉദാഹരണത്തിന് ബി.ജെ.പിയുടെ കോർ വോട്ടുബാങ്കായിരുന്ന മതുവ ഹിന്ദു വിഭാഗക്കാർ എസ്.ഐ.ആറിന്റെ ഭാഗമായി വൻതോതിൽ വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റപ്പെട്ടത് ബി.ജെ.പിക്കെതിരായ അവരുടെ രോഷത്തിന് വഴിവച്ചു. ബംഗ്ലാദേശിൽ നിന്നുള്ള ആദ്യകാല ഹിന്ദു കുടിയേറ്റ വിഭാഗമാണ് മതുവകൾ. ഇവരുടെ രോഷമകറ്റാനുള്ള ബിജെപിയുടെ ശ്രമങ്ങൾ എത്രകണ്ട് ഫലം കണ്ടുവെന്ന് ഇപ്പോൾ പറയാനാവില്ല. മമത ബാനർജിയുടെയും തൃണമൂലിന്റെയും സംഘടനാ കരുത്ത് ഈ രോഷത്തെ മുതലെടുക്കാൻ നന്നായി ശ്രമിക്കുന്നു. കേന്ദ്രത്തിന്റെ അധികാരശേഷിയും പണവും ആൾബലുമെല്ലാമുണ്ടായിട്ടും ബി.ജെ.പിക്ക് ഫീൽഡ് തലത്തിൽ തൃണമൂലിനോട് എതിരിടാനുള്ള സംഘടനാ കരുത്ത് എത്രത്തോളമെന്നതാണ് ഉയരുന്ന ചോദ്യം.

എസ്.ഐ.ആർ പ്രഖ്യാപിക്കുന്നതിന് മുമ്പ് വരെയും ഭരണവിരുദ്ധവികാരം ബി.ജെ.പിയും മമത സർക്കാരിന്റെ ക്ഷേമപദ്ധതികൾ തൃണമൂലും പരസ്പരമുള്ള ഏറ്റുമുട്ടലിന് ഉപയോഗിക്കുന്ന സാഹചര്യമായിരുന്നെങ്കിൽ പൊടുന്നനെ അത് മാറി. ബി.ജെ.പിയും തൃണമൂലും പരസ്പരധാരണയോടെ, മറ്റ് പാർട്ടികളുടെ ഇടം ഇല്ലാതാക്കാൻ പ്രവർത്തിക്കുകയാണെന്ന് സി.പി.എമ്മും കോൺഗ്രസും കുറ്റപ്പെടുത്തുന്നു. മമത സർക്കാരിന്റെ ജനവിരുദ്ധനയങ്ങളിലും ബി.ജെ.പിയുടെ വർഗീയനയങ്ങളിലും പൊറുതിമുട്ടിയ ജനത ബംഗാളി സാംസ്‌കാരികസ്വത്വം തിരിച്ചുപിടിക്കാനുള്ള ബദലിന് ആഗ്രഹിക്കുന്നെങ്കിലും അതിന് ഇരുവരും അനുവദിക്കുന്നില്ലെന്നാണിവരുടെ ആക്ഷേപം. ബംഗാളി സ്വത്വവാദ സംരക്ഷണമാണ് ബിജെപിക്കെതിരെ മമതയുടെ പ്രചരണായുധമെന്ന് അറിഞ്ഞു തന്നെയാണ് അതിന് പിന്നിലെ രഹസ്യ അജൻഡയെ ഇടതുപക്ഷവും കോൺഗ്രസും സംശയിക്കുന്നത്.

എന്നാലും കഴിഞ്ഞ തവണത്തെ വാട്ടർലൂ അവസ്ഥയിൽ നിന്ന് കരകയറി ഏതാനും സീറ്റുകൾ നേടാമെന്ന പ്രതീക്ഷ വെവ്വേറെ മത്സരിക്കുന്ന ഇടതുപക്ഷത്തിനും കോൺഗ്രസിനുമുണ്ട്. കുറേ മണ്ഡലങ്ങളിലവർ നല്ല മത്സരം കാഴ്ചവയ്ക്കുന്നു. മാൽദ, മുർഷിദാബാദ്, ഉത്തര ദിനാജ്പൂർ, പുരുലിയ മണ്ഡലങ്ങളിലെ ഏതാനും സീറ്റുകളിലാണ് കോൺഗ്രസിന് പ്രതീക്ഷ. തെക്കൻ, വടക്കൻ മേഖലകളിലെ വിവിധ ജില്ലകളിലായി പത്തോളം മണ്ഡലങ്ങളിൽ സിപിഎം നല്ല പോരാട്ടം കാഴ്ചവയ്ക്കുന്നു.

ഹുമയൂൺ കബീർ സ്വാധീനം

മുർഷിദാബാദ് ടൗണിൽനിന്ന് 35 കിലോമീറ്റർ അകലെ ബെൽദംഗയിൽ ദേശീയപാതയോരത്തായി മുൻ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ഹുമയൂൺ കബീറിന്റെ മുൻകൈയിൽ ഉയരുന്ന ബാബ്റി മസ്ജിദ് ഇത്തവണ തിരഞ്ഞെടുപ്പിലെ ചർച്ചാവിഷയമാണ്. ഇവിടെ 11 ഏക്കറിൽ 300കോടിയോളം മുടക്കിയാണ് ബാബ്റി മസ്ജിദ് പണിയാനൊരുങ്ങുന്നത്.

അയോധ്യ ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷികദിനമായ കഴിഞ്ഞ ഡിസംബർ ആറിന് ഇതിന്റെ തറക്കല്ലിടൽ നടന്നപ്പോൾ മുർഷിദാബാദിന്റെ പല ഭാഗങ്ങളിൽനിന്ന് ചുടുകട്ടകളുമായി വൻജനാവലി പിന്തുണയുമായെത്തിയത് അദ്ഭുതമായി. നിർമാണപ്രവർത്തനമാരംഭിച്ച ശേഷം പ്രദേശത്ത് താൽക്കാലിക ഓഫീസ് സജ്ജമാക്കിയാണ് ഹുമയൂണിന്റെ ആളുകൾ ഇതിന് നേതൃത്വം നൽകുന്നത്. നിരവധി വ്യാപാരികൾ താൽക്കാലിക ടെന്റുകളൊരുക്കി, ബാബ്റി മസ്ജിദ് എന്ന് ആലേഖനം ചെയ്ത ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഇവിടെയാരംഭിച്ചു. ഇത് വാങ്ങാനും പ്രാർഥിക്കാനുമായെത്തുന്നത് വൻ ജനാവലി. ബംഗാളിന്റെ മാറിയ രാഷ്ട്രീയപരിസ്ഥിതിയാണിത് വിളിച്ചുപറയുന്നതെന്ന് നിരീക്ഷകർ. 2021-ലെ തിരഞ്ഞെടുപ്പ് കാലത്ത് പൗരത്വഭേദഗതി വിഷയവും ഇപ്പോൾ എസ്.ഐ.ആറും ആയുധമാക്കിയുള്ള തൃണമൂലിന്റെ ധ്രുവീകരണരാഷ്ട്രീയവും നുഴഞ്ഞുകയറ്റമടക്കമുള്ള വിഷയങ്ങൾ കത്തിച്ചുള്ള ബി.ജെ.പിയുടെ മറുനീക്കവും ബംഗാളിന്റെ രാഷ്ട്രീയ,സാമൂഹ്യ പരിസരത്തെ മാറ്റിമറിക്കുകയാണ്. ബംഗാളിലെ മുസ്ലിം ന്യൂനപക്ഷമനസ്സുകളിൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന യാഥാസ്ഥിതിക സ്വത്വരാഷ്ട്രീയബോധത്തിന് തെളിവാണ് ബാബ്റി മസ്ജിദ് സംഭവവികാസങ്ങളെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇടതുഭരണകാലത്തെ വർഗരാഷ്ട്രീയത്തിൽനിന്ന് വർഗീയരാഷ്ട്രീയത്തിലേക്കുള്ള വഴിമാറ്റം ആശങ്കയുണർത്തുന്നതാണെന്നും നിരീക്ഷകർ പറയുന്നു.

ഒവൈസിയുടെ പിന്മാറ്റം

തൃണമൂലിന് അനുകൂലമായ മുസ്ലിം വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാൻ ഹുമയൂൺ കബീറിന്റെ ആംആദ്മി ജനത ഉന്നയൻ പാർട്ടിയും അസദുദ്ദീൻ ഒവൈസിയുടെ മജ്ലിസ് പാർട്ടിയും കൊമ്പുകോർക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തൃണമൂലിനെ തോൽപ്പിക്കാൻ ബി.ജെ.പിയുമായി 1000കോടിയുടെ ഇടപാട് നടത്തിയെന്ന വീഡിയോ തൃണമൂൽ നേതൃത്വം പുറത്തുവിട്ടത് കബീറിന് തിരിച്ചടിയായി. ഒവൈസി പിന്മാറി. എസ്.ഐ.ആർ ചർച്ചയും തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ആരോപണങ്ങളും തൃണമൂൽ നേതൃത്വം കനപ്പിച്ചുനിർത്തുന്നത്, ന്യൂനപക്ഷവോട്ടുകളെ പൂർണമായും ഒപ്പം നിർത്താൻ ലക്ഷ്യമിട്ടാണ്. വോട്ടർപട്ടികയിൽ നിന്നൊഴിവാക്കപ്പെടുന്നവർ നാടുകടത്തപ്പെടുമെന്നതടക്കം പ്രചരിപ്പിക്കുന്നുമുണ്ട്. ഹുമയൂൺ കബീറിന്റെ നീക്കങ്ങൾക്ക് വെല്ലുവിളിയുയർത്തിയിരിക്കുന്നതും തൃണമൂലിന്റെ ഈ മട്ടിലുള്ള പ്രതിരോധം.

എസ്.ഐ. ആർ ഭീഷണി നേരിട്ട മതുവ ഹിന്ദുക്കൾ അടക്കമുള്ളവരെ അനുകൂലമാക്കിയെടുക്കാനും മമത ഇതേ തന്ത്രങ്ങൾ പ്രയോഗിക്കുന്നുണ്ട്. തൃണമൂലിന്റെ ശക്തമായ സംഘടനാ കരുത്താണ് ഹുമയൂൺ കബീറിന്റെ നീക്കങ്ങളെയും തടുത്തു നിർത്താൻ തൃണമൂലിനെ പ്രാപ്തമാക്കിയത്. അതിനെ മറികടക്കാനുള്ള സംഘടനാ കരുത്ത് ബി.ജെ.പിക്കില്ലാതെ പോയതാണ് 1000 കോടി ഇടപാട് വിവാദത്തിൽ ബിജെപിക്ക് പ്രതിരോധിക്കാനാവാതെ വന്നതും.

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മാൽദ, മുർഷിദാബാദ് ജില്ലകളിലാണ് ഏറ്റവുമധികം വോട്ടർമാർ ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകൾക്ക് പുറമേ ഉത്തർ ദിനാജ്പൂരും മുസ്ലിം ഭൂരിപക്ഷജില്ല. ആദിവാസി ജനവിഭാഗങ്ങളും ഗൂർഖകളും തേയിലത്തോടും തൊഴിലാളികളും ജില്ലകളിൽ നിർണായകം.

ഉത്തര ബംഗാളിൽ ബി ജെ പിക്ക് നല്ല മേൽക്കൈ ഉണ്ടാക്കിയെടുക്കാനായിട്ടുണ്ട്. അതിനെ മറികടക്കാൻ എസ്. ഐ. ആർ അടക്കം ഉപയോഗിച്ച് മമത നടത്തുന്ന നീക്കങ്ങൾക്ക് എത്രമാത്രം കഴിയുമെന്നതാണ് കാണേണ്ടത്. എന്നാൽ, ഉത്തരബംഗാളിലെ തന്നെ മാൽദയിലും പടിഞ്ഞാറൻ ദക്ഷിണ ഭാഗങ്ങളിലുമുള്ള സ്ഥിതിഗതികൾ അങ്ങനെയാകുന്നുമില്ല.