15 വര്‍ഷത്തിനുശേഷം ആ കൂട്ടുകാര്‍ തിരികെയെത്തുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടെലിവിഷന്‍ പരമ്പരകളിലൊന്നായ 'ഫ്രണ്ട്‌സ്' 25 വര്‍ഷങ്ങള്‍ക്കുശേഷവും നെറ്റ്ഫ്‌ലിക്‌സിലടക്കം ഏറ്റവുമധികമാളുകള്‍ കാണുന്ന പരമ്പര കൂടിയാണ്.

To advertise here,

'ഒടുവിലത് സംഭവിക്കുകയാണ്' എന്ന കുറിപ്പോടെ പരമ്പരയിലെ ആറു സുഹൃത്തുക്കളിലൊരാളെ അവതരിപ്പിച്ചിരുന്ന മാത്യു പെറിയാണ് ഒത്തൊരുമിക്കലിന്റെ വാര്‍ത്ത പങ്കുവെച്ചത്. പിന്നാലെ മറ്റു താരങ്ങളായ ജെനിഫര്‍ ആനിസ്റ്റണും കോട്‌നി കോക്‌സും മാറ്റ് ലെ ബ്ലാങ്കും ലിസ കുഡ്രോവും ഡേവിഡ് ഷ്വിമ്മറുമെല്ലാം വിശേഷം പങ്കുവെച്ചു. എച്ച്.ബി.ഒ. മാക്‌സില്‍ അടുത്ത മേയിലാവും ആദ്യ എപ്പിസോഡ് എത്തുന്നത്.

ന്യൂയോര്‍ക്കില്‍ ജീവിക്കുന്ന ആറു സുഹൃത്തുക്കളുടെ ജീവിതത്തിലെയും ജോലിസ്ഥലങ്ങളിലെയും രസകരമായ സംഭവങ്ങളും സെന്‍ട്രല്‍ പെര്‍ക് എന്ന കോഫി ഷോപ്പ് കേന്ദ്രീകരിച്ചുള്ള ഇവരുടെ ജീവിതത്തിലെ 10 വര്‍ഷങ്ങളുമാണ് ഫ്രണ്‍ഡ്സിന്റെ ഇതിവൃത്തം.

1994 മുതല്‍ 2004 വരെയുള്ള 10 സീസണുകള്‍ കാഴ്ചക്കാരെ ചിരിപ്പിച്ചും കരയിപ്പിച്ചും കൂടെക്കൂട്ടിയ 'ഫ്രണ്ട്‌സ്' ഒരുമിക്കുന്നതുകാണാനുള്ള ആരാധകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുന്നത്.

Content Highlights : world famous tv series friends starts again