
പരീക്ഷണചിത്രങ്ങളെ ഇരുകെെയും നീട്ടി സ്വീകരിക്കുന്നവരാണ് തമിഴ് പ്രേക്ഷകർ. ടെെം ലൂപ്പും ടെെം ട്രാവലും സർവെെവൽ ത്രില്ലറുകളും ഒക്കെ യഥേഷ്ടം തമിഴിൽ നിന്ന് പുറത്തിറങ്ങുന്നുണ്ട്. ഇക്കൂട്ടത്തിലേയ്ക്ക് ഒരെണ്ണം കൂടി എത്തിയിരിക്കുകയാണ്, പുതുമയുള്ള ഗ്യാങ്സ്റ്റർ- ടെെം ട്രാവൽ ചിത്രമായ മാർക്ക് ആന്റണി. പ്രധാന കഥാപാത്രങ്ങളായെത്തിയതാകട്ടെ പരീക്ഷണ ചിത്രങ്ങളോട് വിമുഖത കാട്ടാത്ത എസ്. ജെ സൂര്യയും ആക്ഷൻ ചിത്രങ്ങളിലൂടെ കെെയടി നേടാറുള്ള വിശാലും. ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കൊലപാതകങ്ങൾ പുതുമയല്ലാത്ത ഒരു ഗ്യാങ്സ്റ്റർ കഥയിലെ കഥാപാത്രങ്ങളെ ടെെം ട്രാവലിലൂടെ നിയന്ത്രിച്ചാൽ എങ്ങനെയുണ്ടാകും, അത്തരമൊരു പരീക്ഷണമാണ് മാർക്ക് ആന്റണി. 1975, 1995 എന്നീ രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. ട്രെയിലറിലൊക്കെ കണ്ടതുപോലെ ടെലഫോണിലൂടെയാണ് ടെെം ട്രാവൽ സാധ്യമാകുന്നത്. സാധാരണ ടെെം ട്രാവൽ ചിത്രങ്ങളിൽ കാണുന്നത് പോലെ കഥാപാത്രങ്ങൾ വ്യത്യസ്ത കാലഘട്ടങ്ങളിൽ സഞ്ചരിക്കുന്ന രീതിയല്ല ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. പകരം, വർത്തമാന കാലഘട്ടത്തിൽ നിന്ന് ടെെം ട്രാവൽ മെഷീനായ ടെലഫോൺ ഉപയോഗിച്ച് ഭൂതകാലത്തിലെ സംഭവങ്ങൾ സ്വാധീനിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആന്റണി, ജാക്കി എന്നീ ഗ്യാങ്സ്റ്ററുകളെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ആരും ഭയക്കുന്ന കൊടൂര വില്ലന്മാരാണ് ഇവരെന്ന് പറയാം. ആന്റണിയായി വിശാലും ജാക്കിയായി എസ്. ജെ സൂര്യയും വേഷമിടുന്നു. ഗുണ്ടാസംഘങ്ങളെ അടക്കി വാഴുന്ന ഇരുവരുടേയും മക്കളാണ് മാർക്കും പാണ്ഡ്യനും. ആന്റണിയുടെ മകനായ മാർക്കായി എത്തുന്നത് വിശാൽ തന്നെയാണ്. പാണ്ഡ്യനായി എസ്. ജെ സൂര്യയും വേഷമിടുന്നു. 1975-ൽ ആന്റണിയുടേയും ജാക്കിയുടേയും ജീവിതത്തിൽ നടന്ന സംഭവങ്ങൾ മാറ്റിമറിക്കാൻ, അവരുടെ കഥ ഒന്നാകെ മാറ്റാൻ മാർക്കിനും പാണ്ഡ്യനും സാധിച്ചാലോ? ആ മാറ്റം മക്കളെ എങ്ങനെയാകും മാറ്റുക? ഈയൊരു പ്രമേയത്തെ രസകരമായും മാസ് പരിവേഷത്തിലും അവതരിപ്പിച്ചിരിക്കുകയാണ് ചിത്രം.
എങ്ങനെ ടെെം ട്രൊവൽ സാധ്യമാകുന്നു എന്നതിന്റെ സാങ്കേതിക വശങ്ങളിലേയ്ക്കൊന്നും കടക്കാതെ ഹാസ്യത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആക്ഷനും തമാശയും ടെെം ട്രാവലും ഒക്കെച്ചേർന്ന് ഒരു ഫൺ റെെഡാണ് ചിത്രം. സീരിയസ് ആയി കഥപറഞ്ഞുപോകാതെ ടെെം ട്രാവലിലെ രസകരമായ മുഹൂർത്തങ്ങളെയാണ് സംവിധായകൻ തിരഞ്ഞെടുത്തിരിക്കുന്നത്. ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രമായ ഏകാംബരമായി തെലുങ്ക് നടൻ സുനിൽ എത്തുന്നു. അഭിനയ, റിതു വർമ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ശാസ്ത്രജ്ഞന്റെ റോളിലാണ് സെൽവരാഘവൻ എത്തുന്നത്. കിംഗ്സ്ലി, വൈ ജി മഹേന്ദ്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ഇരട്ട വേഷത്തിലെത്തുന്ന വിശാലും എസ്. ജെ സൂര്യയും പരസ്പരം മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് ചിത്രത്തിൽ കാണാനാകുന്നത്. മാസിന്റെ പര്യായമായി വിശാലിന്റെ ആന്റണി മാറുമ്പോൾ നർമമുഹൂർത്തങ്ങളിലൂടെ സ്റ്റെെലിഷ് പ്രകടനം നടത്തുകയാണ് എസ്. ജെ സൂര്യയുടെ ജാക്കി. രണ്ട് കാലഘട്ടത്തിലെ കഥാപാത്രങ്ങൾക്കും വ്യത്യസ്ത രൂപഭാവങ്ങൾ നൽകാൻ ഇരുതാരങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. വില്ലനും നായകനുമൊക്കെ മാറിമറിയുന്നൊരു അവതരണരീതിയാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്.
അതിഗംഭീര പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ ഹെെലെെറ്റ്. മാസ് രംഗങ്ങളിൽ ആന്റണിയായി വിശാൽ എത്തുമ്പോഴൊക്കെ പശ്ചാത്തല സംഗീതം ചിത്രത്തെ മറ്റൊരു തലത്തിലേയ്ക്ക് ഉയർത്തുന്നുണ്ട്. കോമഡി രംഗങ്ങൾ മാസിനോട് ചേർത്തുവെച്ചത് വർക്കൗട്ട് ആയതും ചിത്രത്തിന് ഗുണം ചെയ്തു. ഗംഭീര മേക്കിങ്ങാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചില സർപ്രെെസ് രംഗങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാകുന്നുണ്ട്. ആക്ഷൻ രംഗങ്ങളിൽ പതിവുപോലെ വിശാൽ സ്കോർ ചെയ്യുന്നുണ്ട്. ആദ്യപകുതിയിൽ വിശാൽ നിറഞ്ഞുനിൽക്കുമ്പോൾ രണ്ടാം പകുതി മാനറിസങ്ങൾ കൊണ്ടും സ്ക്രീൻ സ്പേസ് കൊണ്ടും എസ്. ജെ സൂര്യ സ്വന്തം പേരിലാക്കുന്നുണ്ട്.
ജിവി പ്രകാശ് കുമാർ ആണ് ചിത്രത്തിന്റെ സംഗീതം കെെകാര്യം ചെയ്തിരിക്കുന്നത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ദിലീപ് സുബ്ബരായൻ, കനൽ കണ്ണൻ, ദിനേശ് സുബ്ബരായൻ എന്നിവർക്കൊപ്പം പീറ്റർ ഹെയ്ൻ ആക്ഷൻ സീക്വൻസുകൾ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് ചിത്രം കേരളത്തിൽ തിയേറ്ററുകളിൽ എത്തിക്കുന്നത്. എസ് വിനോക് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എസ്. ജെ സൂര്യയുടേയും വിശാലിന്റെയും ആരാധകർക്ക് വിഷ്വൽ ട്രീറ്റ് ആണ് ചിത്രം. ആക്ഷൻ ചിത്രങ്ങളും പരീക്ഷണ ചിത്രങ്ങളും ഇഷ്ടപ്പെടുന്നവർക്ക് തിയേറ്ററലിൽ കണ്ട് ആസ്വദിക്കാവുന്ന ചിത്രമാണ് 'മാർക്ക് ആന്റണി'.
Content Highlights: vishal sj surya in mark antony movie review mark antony review
Published: 15 Sept 2023, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented