Vellari Pattanam Poster
രാഷ്ട്രീയം പ്രമേയമാക്കിയ ധാരാളം സിനിമകൾ മലയാളത്തിൽ വന്നുപോയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ചേർത്തുവയ്ക്കാവുന്ന മറ്റൊരു ചിത്രമാണ് മഞ്ജു വാര്യരും സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വെള്ളരിപട്ടണം. കേരളത്തിലെ പ്രമുഖ രാഷ്ട്രീയപ്പാർട്ടികളെ വിമർശിച്ചും കളിയാക്കിയും ഒരു ആക്ഷേപഹാസ്യ രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. വിഷയം രാഷ്ട്രീയമായതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകർക്ക് വെള്ളരിപട്ടണം ആസ്വാദ്യകരമാകുമെന്ന് തീർച്ച. നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ മഹേഷും മാധ്യമപ്രവർത്തകനായ ശരത് കൃഷ്ണയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. സലിം കുമാർ, ശബരീഷ് വർമ, കൃഷ്ണശങ്കർ, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചക്കരക്കുടം എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ പഞ്ചായത്തിലാണ് കഥ നടക്കുന്നത്. മഞ്ജു അവതരിപ്പിക്കുന്ന മെമ്പർ കെ.പി സുനന്ദ എന്ന കഥാപാത്രവും സൗബിന്റെ കെ.പി സുരേഷ് എന്ന രാഷ്ട്രീയക്കാരനും സഹോദങ്ങളാണ്. രാഷ്ട്രീയം പശ്ചാത്തലമാക്കി 1991 ൽ പുറത്തിറങ്ങിയ സന്ദേശം എന്ന സൂപ്പർഹിറ്റ് സിനിമയിലെ സഹോദര കഥാപാത്രങ്ങളായ പ്രഭാകരനും (ശ്രീനിവാസൻ) പ്രകാശനും (ജയറാം) എതിർ രാഷ്ട്രീയ പാർട്ടികളിലായിരുന്നെങ്കിൽ ഇവിടെ സുനന്ദയും സുരേഷും യു.ഡി.പി എന്ന ഒരേ പാർട്ടിയിലെ അംഗങ്ങളാണ്.
കൂട്ടത്തിലെ അധികാരമോഹികളായ മെമ്പർമാർക്കിടയിൽ തന്ത്രപൂർവ്വം കരുക്കൾ നീക്കുന്ന, എന്നാൽ നാട്ടുകാർക്ക് നന്മ ചെയ്യാനാഗ്രഹിക്കുന്നയാളാണ് മെമ്പർ സുനന്ദ. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് വിട്ടുതരണമെന്ന സുരേഷിന്റെ ആഗ്രഹത്തെ സുനന്ദ പാടേ തള്ളിക്കളയുന്നു, ചേച്ചിയുടെ ബുദ്ധിപൂർവ്വമായ രാഷ്ട്രീയ നീക്കങ്ങളെ സുരേഷ് വെറുക്കുന്നു. എങ്കിലും ഇരുവർക്കും പരസ്പരം സ്നേഹമാണ്. ഈ സാഹോദര്യത്തിന്റെ ആഴത്തിൽ ഊന്നിയാണ് ചിത്രത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ മുന്നോട്ടുപോകുന്നത്.
രാഷ്ട്രീയപ്പാർട്ടികളെ കണക്കറ്റ് വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിലാണ് വെള്ളരി പട്ടണത്തിന്റെ വിജയം. അധികാരമോഹം, ഗ്രൂപ്പ് പോര്, സീറ്റുതർക്കം, കുതുകാൽ വെട്ട് തുടങ്ങി പതിവ് രാഷ്ട്രീയത്തിലെ കലാപരിപാടികൾക്ക് നർമ്മത്തിന്റെ മേമ്പൊടി കൂടെ ചേർത്തപ്പോൾ രാഷ്ട്രീയം ഒരു വെള്ളരിക്കാപ്പട്ടണമാണെന്ന് പറയാതെ പറയുന്നു ഈ ചിത്രം. ക്യാമറയ്ക്ക് മുന്നിലും ടെലിവിഷൻ ചർച്ചകളിലും ഇടം പിടിക്കാനുള്ള രാഷ്ട്രീയക്കാരുടെ നെട്ടോട്ടവുമൊക്കെ കൃത്യമായിത്തന്നെ ചിത്രം പറഞ്ഞുവെയ്ക്കുന്നുണ്ട്. ബീഫ്, ഗോമാതാവ്, ചാണകം തുടങ്ങി ഇന്നത്തെ ചർച്ചാ വിഷയങ്ങൾ ചിത്രത്തിൽ അങ്ങിങ്ങായി വന്നുപോകുന്നുണ്ട്.
അധികാരം മോഹിച്ച് കൂടുവിട്ട് കൂടുമാറാൻ തയ്യാറാവുന്ന രാഷ്ട്രീയക്കാരുടെ പൊള്ളത്തരങ്ങളെ വെള്ളരി പട്ടണം കളിയാക്കുന്നുണ്ട്. ആദർശങ്ങൾ പുസ്തകങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോവുകയും പാർട്ടിയുടെ നിലനിൽപ്പിനും തിരഞ്ഞെടുപ്പ് ഫണ്ടിങ്ങിനുമായി കോർപ്പറേറ്റുകളേയും നാട്ടിലെ കൊടിയ പണക്കാരേയും കൂട്ടുപിടിക്കേണ്ടിവരുന്ന പാർട്ടി മനോഭാവത്തേയും ചിത്രം വിമർശനാത്മകമായി അവതരിപ്പിക്കുന്നു.
ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിച്ച ചിത്രം കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ മറയില്ലാത്ത പ്രതിഫലനമാണെന്ന് ഒറ്റവാക്കിൽ പറയാം. വെള്ളിമൂങ്ങയ്ക്ക് ശേഷം രാഷ്ട്രീയ ആക്ഷേപഹാസ്യം പ്രമേയമാക്കി ചിരിപ്പിച്ച് കൈയടി നേടുന്ന ചിത്രമാണ് വെള്ളരിപ്പട്ടണം.
Content Highlights: Vellari Pattanam Review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..