
പവൻ കുമാർ, ഹോംബാലേ എന്നീ പേരുകൾക്ക് കന്നഡ സിനിമാ മേഖലയിൽ ഒരു പ്രത്യേക ഇടമുണ്ട്. രണ്ടുകൂട്ടരുടേയും ശൈലികൾ വളരെയേറെ വ്യത്യസ്തമാണ്. അങ്ങനെയുള്ള രണ്ട് ബ്രാൻഡ് നെയിമുകൾ ഒന്നിച്ച് സൃഷ്ടിച്ച വ്യത്യസ്തമായ ചിത്രമാണ് ധൂമം. ഇവർ രണ്ടുപേരും ആദ്യമായി മലയാളത്തിലേക്ക് കാലെടുത്തുവെച്ച സിനിമകൂടിയാണിത്. കന്നഡയിൽ പരീക്ഷണചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ പവൻകുമാർ മലയാളത്തിലെത്തിയപ്പോഴും ലഭിച്ചത് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്തതരം പ്രമേയത്തിലൂന്നിയ ഒരു ചിത്രം.
സംഗതി കുറച്ചധികം ഗൗരവമുള്ള പുകവലി എന്ന വിഷയമാണ്. ഒരാളെ പുകവലിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമെന്തായിരിക്കും? ഒരാളുടെ പുകവലികൊണ്ട് ബാധിക്കപ്പെടുന്നത് അയാൾ മാത്രമാണോ? കുട്ടികളും യുവാക്കളും പുകവലി എന്ന മാരകവിപത്തിലേക്ക് ആകർഷിക്കപ്പെടാനുള്ള കാരണമെന്താണ്? ഇതിനെയെല്ലാം നിയന്ത്രിക്കുന്നത് യഥാർത്ഥത്തിൽ ആരാണ് എന്നിങ്ങനെ നിരവധി ചോദ്യങ്ങളും അതിനുള്ള സംവിധായകന്റേതായ ഉത്തരങ്ങളുമാണ് ധൂമം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
അവിനാഷ്, ഭാര്യ എന്നിവർക്ക് നേരെയുണ്ടാകുന്ന ഒരു അക്രമത്തോടെയാണ് സിനിമ തുടങ്ങുന്നത്. ആദ്യ രണ്ട് രംഗങ്ങൾ കൊണ്ടുതന്നെ ദുരൂഹത നിറഞ്ഞ കാഴ്ചകളായിരിക്കും പിന്നാലെ വരാനിരിക്കുന്നതെന്ന് അടിവരയിടുന്നുണ്ട് സംവിധായകൻ. വർത്തമാനകാലത്തിൽ നിന്ന് ഭൂതകാലത്തിലേക്കും തിരിച്ചും സിനിമ സഞ്ചരിക്കുന്നുണ്ട്. പക്ഷേ ആ സഞ്ചാരം പ്രധാന കഥാപാത്രം മറ്റൊരു കഥാപാത്രത്തിനോട് വിവരിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് മേൽപ്പറഞ്ഞ വർത്തമാന-ഭൂതകാല സീനുകൾക്കിടയിലുള്ള യാത്ര അത്ര ബുദ്ധിമുട്ടേറിയതല്ല എന്നത് ശ്രദ്ധേയമാണ്.
കുറഞ്ഞ കഥാപാത്രങ്ങളിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. ഓരോ കഥാപാത്രത്തിനും നിർവഹിക്കാനുള്ള ജോലി എന്താണെന്ന് കൃത്യമായി കാണുന്നവരെ മനസിലാക്കിക്കൊടുക്കുന്നതിൽ തിരക്കഥാകൃത്തുകൂടിയായ സംവിധായകൻ വിജയിച്ചിട്ടുണ്ട്. പുകവലിയും അനുബന്ധ പ്രശ്നങ്ങളുമൊക്കെ ആയതിനാലാവാം വിരലിലെണ്ണാവുന്നവരൊഴിച്ച് ബാക്കിയുള്ളവരൊന്നും നന്മയുടെ നിറകുടങ്ങളല്ല എന്ന വസ്തുതയും പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രധാനകഥാപാത്രങ്ങൽക്കെല്ലാം ഇരുണ്ട ഷേയ്ഡാണ് സംവിധായകൻ നൽകിയിരിക്കുന്നത്.
ലൂസിയ, യൂ ടേൺ എന്നിവയാണ് പവൻ കുമാർ ഇതിന് മുമ്പ് സംവിധാനം ചെയ്ത ചിത്രങ്ങൾ. ഇവയേപ്പോലെ തന്നെ ആത്യന്തികമായി പരീക്ഷണചിത്രം തന്നെയാണ് ധൂമവും. പൊതുവേ നമ്മളെല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തെ ഉള്ളിലൊളിപ്പിച്ചുകൊണ്ടുള്ള ത്രില്ലറാണ് ധൂമം. ഒരേസമയം സർവൈവൽ ത്രില്ലറെന്നോ, റിവഞ്ച് ത്രില്ലറെന്നോ അതുമല്ല കോർപ്പറേറ്റ് ത്രില്ലറെന്നോ ഒക്കെ വിശേഷിപ്പിക്കാം.
ഫഹദ് ഫാസിൽ, റോഷൻ മാത്യൂ, അപർണ ബാലമുരളി, വിനീത്, അനു മോഹൻ, ജോയ് മാത്യൂ, നന്ദു, അച്യുത് കുമാർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. സിനിമയുടെ ഗതി നിയന്ത്രിക്കുന്നത് ഇവരെല്ലാവരും ഒരുമിച്ചാണ്. ഒരു കഥാപാത്രത്തിനുമാത്രം പ്രത്യേകമായി സ്കോർ ചെയ്യാൻ ഇടം എന്ന ആശയമൊന്നും ചിത്രത്തിനില്ല. എല്ലാവരും ഒരു സംവിധാനത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ആരെയും വേർതിരിച്ചുനിർത്തേണ്ട എന്ന സമീപനമാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. എങ്കിലും എല്ലാവർക്കും മേൽ ഉയർന്നുനിൽക്കുന്ന, ഇവരെയെല്ലാം കൂട്ടിയിണക്കുന്ന നായകൻ സിഗരറ്റുകളിൽ നിന്നുയരുന്ന പുകച്ചുരുളുകളാണെന്നതാണ് യാഥാർത്ഥ്യം.
Content Highlights: dhoomam first review, dhoomam malayalam movie review
Published: 23 Jun 2023, 03:06 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented