ബി 32 മുതൽ 44 വരെ എന്ന സിനിമയിൽ നിന്നുള്ള ദൃശ്യം. മാലിനി എന്ന കഥാപാത്രമായി രമ്യാനമ്പീശൻ വേഷമിട്ടിരിക്കുന്നു
കവികളും കഥാകൃത്തുക്കളും ചിത്രകാരന്‍മാരും സിനിമകളും സൗന്ദര്യാത്മകമായി പ്രതിഷ്ഠിച്ച സ്ത്രീ ശരീരങ്ങളില്‍ മാറിടത്തിന് സവിശേഷ സ്ഥാനമാണുള്ളത്. സ്ത്രീയെ ആനന്ദക്കാഴ്ച്ചയാക്കാനും ഉപഭോവവസ്തുവാക്കാനും ഏറ്റവും അധികം ഉപയോഗിക്കപ്പെട്ട അവയവമായിരിക്കാം മാറിടം. കലകളില്‍ മാറിടം എന്നും ആണ്‍കാമനകളെ തൃപ്തിപ്പെടുത്തുന്ന ലൈംഗിക ബിംബമാണ്. കാലഘട്ടവും കാഴ്ചകളും മാറിയപ്പോഴും സൗന്ദര്യവുമായും ലൈംഗികതയുമായും തമാശയുമായും അശ്ലീലതയുമായും മാറിടത്തെ ബന്ധപ്പെടുത്തുന്നത് മാത്രം മാറ്റമില്ലാതെ തുടര്‍ന്നു. അപൂര്‍വം അവസരങ്ങളില്‍ കുടുംബങ്ങളിലെ ആണ്‍ റോളുകള്‍ സുഗമമാക്കാന്‍ അമ്മമഹത്വവത്കരണങ്ങള്‍ക്കായും മാറിടം ആഘോഷിക്കപ്പെട്ടു. എന്നാല്‍ സ്ത്രീചിന്തകളില്‍ മാറിടം എന്താണെന്ന് ഒരു കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടില്ല. അതിനൊരു സ്ത്രീ സംവിധായിക തന്നെ വേണ്ടി വന്നു മലയാള സിനിമയ്ക്ക്. വിവിധ അളവുകളിലെ മാറിടം വ്യത്യസ്ത ജീവിതപരിസങ്ങളിലുള്ള സ്ത്രീകള്‍ക്കെന്തായാണ് അനുഭവപ്പെടുന്നത്. അതാണ് ബി 32 മുതല്‍ 44 വരെ എന്ന സിനിമ.
പേര് വ്യക്തമാക്കുന്നതു പോലെ വിവിധ ബ്രാ സൈസുകളിലുള്ള സ്ത്രീകളുടെ ജീവിതമാണ് സിനിമ പറയുന്നത്. സ്ത്രീകള്‍ക്കത്രമേല്‍ സ്വയം റിലേറ്റ് ചെയ്യാന്‍ കഴിയുമെന്നത് മാത്രമല്ല മാറിടത്തിന്‍മേലുള്ള പുരുഷ നോട്ടത്തെ ലൈംഗികതയ്ക്കപ്പുറത്തേക്ക് കൊണ്ടു പോകാനും ഈ സിനിമയ്ക്ക് കഴിയും. അതാണ് ഈ സിനിമയുടെ ചരിത്രപരമായ സവിശേഷതയും സ്ഥാനവും.
ആന്തോളജി സിനിമയുടെ സ്വഭാവത്തിലാണ് ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് മുന്നില്‍ സിനിമ അനാവരണം ചെയ്യുന്നത് . സിയാ, ഇമാന്‍, മാലിനി, നിധി, ജയ, റേച്ചല്‍ എന്നീ ആറു കഥാപാത്രങ്ങളെയും അവരുടെ മാറിട പ്രശ്‌നങ്ങളെയും പരിചയപ്പെടുത്തി തുടങ്ങി, പിന്നീട് അവരോരുത്തരും അവര്‍ പോലുമറിയാതെ പരസ്പരം ബന്ധപ്പെട്ട് ശക്തിപ്പെട്ട് വികസിക്കുകയാണ് സിനിമയില്‍.
ഇത്ര ലളിതമാവാതെ, മനോഹരമായി, അതേസമയം ശക്തമായി ജെന്‍ഡര്‍ പൊളിടിക്‌സ് പറയാന്‍ സാധിക്കുമോ എന്നത്ഭുതപ്പെടുത്തും സിനിമ.
ചെറിയ പയ്യന്‍മാര്‍ക്ക് വരെ കയറിപ്പിടിക്കാന്‍ തോന്നുന്ന ഭോഗവസ്തുവായി സ്ത്രീ മാറിടത്തെ അവതരിപ്പിച്ച് തുടങ്ങുന്ന ചിത്രം പിന്നീട് ഓരോ സ്ത്രീ പ്രേക്ഷകയെയും ലിബറേറ്റ് ചെയ്യുന്നതായി നമുക്ക് അനുഭവഭേദ്യമാകും. കാന്‍സര്‍ അതിജീവതയ്ക്ക് മാറിടം അവരുടെ ഭര്‍ത്താവുമായുള്ള ആത്മബന്ധത്തില്‍ വ്യതിചലനമുണ്ടാക്കുന്ന ഘടകമായി മാറുമ്പോള്‍, ട്രാന്‍സ്മാന് അത് ഭാരമാണ്. പൊതുവിടങ്ങളില്‍ കുട്ടിക്ക് പാല്‍ നല്‍കാനാകാതെ നിറഞ്ഞൊഴുകുന്ന വേദനയുളവാക്കുന്ന അനുഭവമാണ് ചില അമ്മമാര്‍ക്കത്. ചിലര്‍ക്കത് ഇന്‍സെക്യൂരിറ്റിയാണ്, ചിലര്‍ക്കത് ഭാരവും ഭയവുമാണ്. മറ്റു ചിലര്‍ക്കാകട്ടെ പ്രതീക്ഷയും. സിനിമയിലെ ഓരോ സ്ത്രീ ജീവിതങ്ങളിലും മാറിടം വ്യത്യസ്ത അനുഭവങ്ങളാണ്. അതില്‍ എല്ലാ ക്ലാസ്സുകളുമുണ്ടെന്നത് ഇതിനെ ഒരു എലൈറ്റ് ക്ലാസ് പ്രശ്‌നം മാത്രമല്ലാതാക്കി ചുരുക്കാതെ നോക്കുന്നുണ്ട് തിരക്കഥയിൽ

പൂര്‍ണവസ്ത്രമില്ലാതെ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്ന സീനുകളില്‍ സ്ത്രീശരീരത്തിന്റെ സൗന്ദര്യാത്മകതയല്ല പകരം മാറിടമെന്ന ഭാരമോ ഭയമോ പ്രതീക്ഷകളോ മാത്രമാണ് പ്രതിഫലിപ്പിച്ചതെന്നത് ഒരുപക്ഷെ ഒരു സ്ത്രീ സംവിധായികയായതു കൊണ്ട് മാത്രം സംഭവിച്ചതാകാം. ആണ്‍നോട്ടങ്ങളെ ഉത്തേജിപ്പിക്കാതെ സ്ത്രീകളുടെ മാറിട പ്രശ്‌നങ്ങള്‍ ദൃശ്യവത്കരിക്കാന്‍ സാധിച്ചതും അതു കൊണ്ടു തന്നെ.
രമ്യാ നമ്പീശനും അനാര്‍ക്കലി മരക്കാറുമൊഴിച്ചാല്‍ ഒട്ടുമിക്ക പ്രധാനകഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. പക്ഷെ ഓരോ അഭിനേതാവും അവരുടെ ഈ സിനിമയിലെ പേരുകളില്‍ ഓര്‍മ്മിക്കപ്പെടും വിധമുള്ള മികച്ച കാസ്റ്റിങ്ങാണ് സിനിമയുടേത്. അനാര്‍ക്കലി മരക്കാര്‍ അവതരിപ്പിച്ച സിയ സിനിമയിലുടനീളം പോസിറ്റിവിറ്റി പടര്‍ത്തുന്ന കഥാപാത്രമാണ്. ഇങ്ങനൊരു സുഹൃത്തുണ്ടായിരുന്നെങ്കിലെന്ന് ഓരോ സ്ത്രീയും ആഗ്രഹിച്ചു പോകുന്ന കൂട്ട്. ജീവിതത്തില്‍ സ്വയമനുഭവിക്കുന്ന അസ്ഥിരതയും നിവൃത്തികേടും സത്യത്തിനും നീതിക്കുമൊപ്പം നില്‍ക്കാതിരിക്കാനുള്ള കാരണമേയല്ലെന്ന് കാട്ടിത്തരുന്നു സറിന്‍ ഷിഹാബ് അവതരിപ്പിച്ച ഇമാന്‍ എന്ന കഥാപാത്രം. ഇമാന്റെ റോളില്‍ സറിനെ അല്ലാതെ മറ്റാരെപ്പറ്റിയും ചിന്തിക്കാന്‍ സാധ്യമല്ലാത്തവിധം ഒറിജിനലും മനോഹരവും ആക്കിയിരിക്കുന്നു അവര്‍. മനുഷ്യസ്‌നേഹിയായ, പക്വതയുള്ള മാലിനി എന്ന കഥാപാത്രത്തിന് പല അടരുകളുണ്ട്. രമ്യാ നമ്പീശന്റെ കരിയറില്‍ ഓര്‍ത്തുവെക്കുന്ന കഥാപാത്രമാണ് മാലിനി എന്ന് നിസ്സംശയം പറയാം.
മാലിനിയുടെ ഭര്‍ത്താവും നിധിയുടെ അമ്മയും അച്ഛനുമെല്ലാം നിസ്സാഹയതയും സാമൂഹിക ബാധ്യതകളും പേറുന്ന ഗ്രേ ഷേഡുകളുള്ള കഥാപാത്രങ്ങളാണ്. ഒരു കഥാപാത്രത്തിന്റെ മഹത്വമോ സംഘര്‍ഷങ്ങളോ അതിന്റെ തീവ്രതയോ സംവദിപ്പിക്കാന്‍ മറു കഥാപാത്രങ്ങളെ വില്ലന്‍ റോളുകളില്‍ പ്രതിഷ്ഠിച്ചില്ലെന്നു മാത്രമല്ല, മനുഷ്യസഹജമായ തെറ്റുകൾ അവതരിപ്പിക്കുന്ന നമുക്ക് ചുറ്റിലുമുള്ളവരെയാണ് സിനിമ പ്രകാശിപ്പിച്ചത്. എതിര്‍ കഥാപാത്രങ്ങളെ വില്ലന്‍ റോളുകളില്‍ തളച്ചിടാത്ത കഥാപാത്രസൃഷ്ടി സിനിമക്ക് നല്ലൊരു റിയലസ്റ്റിക് സ്വഭാവം നല്‍കുന്നുണ്ട്. ഓരോ കഥാപാത്രത്തെയും മാറിടമെന്ന ആശയത്തിൽ കൂട്ടിണിയക്കി മുഴച്ചുനില്‍ക്കാതെ കൊരുത്തു ചേര്‍ത്തിട്ടുള്ള ആഖ്യാനവും അതിലെ കയ്യടക്കവും എടുത്തു പറയേണ്ടതു തന്നെ.
സജിതാ മഠത്തിൽ അവതരിപ്പിച്ച റേച്ചലിന്റെ അമ്മയുടെ കഥാപാത്രം ഏതൊരു വര്‍ക്കിങ് മദറും ആഗ്രഹിക്കുന്ന ഒരു അയല്‍വാസിയാണ്. വളരെ ചെറിയ രംഗങ്ങളിലേ ആ കഥാപാത്രം വന്നു പോകുന്നുള്ളൂവെങ്കിലും ഓര്‍മ്മയില്‍ തങ്ങുന്നത് തന്നെ. കട്ടൻ ചായ കുടിക്കാനുള്ള ക്ഷണമെല്ലാം ഉള്ളം തണുപ്പിക്കും. കുറഞ്ഞ രംഗങ്ങളില്‍ മാത്രം കടന്നു പോയ ജിബിന്‍ ഗോപിനാഥന്‍ അവതരിപ്പിച്ച ജോസഫ് എന്ന കഥാപാത്രവും ഒടുവിലെ ഡയലോഗും സമൂഹത്തിലെ ഒരുപാട് ഭര്‍ത്താക്കന്‍മാരുടെ പ്രതിനിധിയെന്ന പോലെ പ്രതിഫലിച്ചു. ആണത്തമെന്നത് എത്രമാത്രം ബാധ്യതയാണെന്ന് കൂടി സംവദിക്കുന്നു ആ കഥാപാത്രം.

ശബ്ദം മാത്രമായി ആദ്യ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ജയ എന്ന കഥാപാത്രത്തിന്റെ അമ്മായമ്മ സിനിമയുടെ കഥയുടെ നിര്‍ണായക രംഗത്തിലെടുത്ത നിലപാട് ഒരു വലിയ സന്ദേശത്തെ അതിന്റെ ഭാമില്ലാതെ മനോഹരമായി സംവദിച്ചു. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്ന അമ്മായിഅമ്മ എത്ര ശക്തമായാണ് മരുമകളോടൊപ്പം ഒരു സ്ത്രീ എന്ന നിലയില്‍ ചേര്‍ന്നുനില്‍ക്കുന്നത്. പണമുള്ളവന്‍ മോഡലിങ്ങും സിനിമാപ്രവേശനവും നടത്തുമ്പോള്‍ അതൊരു വലിയ കാര്യമായി തോന്നുന്ന സമൂഹത്തിനും സമുദായത്തിനും പാവപ്പെട്ടവന്‍ അത് ചെയ്യുമ്പോള്‍ സദാചാര പ്രശ്‌നമാകുന്നതിനെ എത്ര നാടന്‍ രീതിയിലാണ് ആ അമ്മായിഅമ്മ നേരിട്ടത്. ആ സംഭാഷണങ്ങളൊക്കെ ഒന്നോ രണ്ടോ വരിയേ ഉള്ളൂ എന്നതാണ് സംഭാഷണത്തിലെ സൗന്ദര്യവും.
പ്ലസ്ടു വിദ്യാർഥിയായ നിധി എന്ന കഥാപാത്രത്തെ അവതിരിപ്പിച്ച റയ്‌നാ രാധാകൃഷ്ണന്‍ കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ചു. വീട്ടുവേലക്കാരിയില്‍ നിന്നുള്ള ജയയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ കാണിക്കുന്ന രംഗത്തിലെ നിസ്സഹായതയും ധൈര്യവും കാണിക്കുന്ന ഭാഗം എത്ര മനോഹരമായാണ് അശ്വതി പകര്‍ന്നാടിയത്. ആദ്യ രംഗങ്ങളിലെ സന്തോഷത്തില്‍ നിന്ന് കരച്ചിലിന്റെ വക്കിലേക്കുള്ള ക്ലോസ് അപ് ഷോട്ടിലെ ഇമാന്റെ ഭാവാഭിനയവും ചേര്‍ന്ന് മികച്ച അഭിനേതാക്കളുടെ സാന്നിധ്യമുള്ള ചിത്രം കൂടിയാക്കി ഈ സിനിമ. സിയ എന്ന കഥാപാത്രം മലയാള സിനിമയില്‍ അനാര്‍ക്കലി മരക്കാരിനുള്ള സാധ്യതകള്‍ കൂടി നമ്മെ ഓര്‍മ്മപ്പെടുത്തും. ഓരോ കഥാപാത്രങ്ങളും ലിബറേറ്റ് ചെയ്യപ്പെടുന്ന ഘട്ടങ്ങളില്‍ വരുന്ന സുദീപ് പാലനാട് സംഗീതം നല്‍കിയ ആനന്ദമെന്ന സംഗീതം പ്രേക്ഷരെയും ആനന്ദത്തിലാറാടിക്കും. സ്ത്രീകളുടെ ചേര്‍ത്തു നിര്‍ത്തലിന്റെ ശക്തിയും പകര്‍ന്നു തരുന്നു പാട്ട്. തന്നാരെ തന്നാരെ പാട്ടും സിനിമയുടെ ടോണിനോട് ചേര്‍ന്നു നിന്നു.
ലോകത്തുള്ള എല്ലാ സ്ത്രീകള്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു ആഗോള ഭാഷ സിനിമയ്ക്കുണ്ട്. അതാണ് ഈ സിനിമയുടെ ഒടിടി സാധ്യതയും. കഴിവുള്ള സ്ത്രീകളില്ലാഞ്ഞിട്ടല്ല, അവസരങ്ങൾ ഇല്ലാഞ്ഞിട്ടാണ് സ്ത്രീകള്‍ നേതൃത്വം വഹിക്കുന്ന സിനിമാസംരംഭങ്ങളുണ്ടാവാത്തതെന്നതിന് ബി 32ഓളം മറ്റൊരുദാഹരണമുണ്ടോ. ആ അർഥത്തിൽ സ്ത്രീ സംവിധായകർക്ക് സഹായം നൽകുന്ന സർക്കാരിന്റെ സംരംഭത്തിന്റെ വിജയം കൂടിയാണ് ഈ സിനിമ. മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള അംഗത്വം ഈ അടുത്ത് മാത്രം ലഭിച്ച മിറ്റയെപ്പോലുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ കഴിവും സിനിമ ഓർമപ്പെടുത്തുന്നു. സിനിമ സംവദിക്കുന്നത് വ്യക്തമായ രാഷ്ട്രീയമാണെന്നത് മാത്രമല്ല ഈ സിനിമയുടെ നിര്‍മാണ പ്രക്രിയ തന്നെ കൃത്യമായ ജെന്‍ഡര്‍ രാഷ്ട്രീയ പ്രഖ്യാപനമാണെന്നതിൽ സംവിധായിക ശ്രുതി ശരണ്യത്തിന് അഭിമാനിക്കാം.
Content Highlights: B 32 muthal 44 vare movie,Shruthi Sharanyam,remya nameeshan,anarkkali marakkar,review nileena atholi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..