യഷ് മുഖ്യവേഷത്തിൽ എത്തുന്ന 'ടോക്സിക്' സിനിമയുടെ പ്രീ-റിലീസ് ചടങ്ങിനിടെ ഹൈദരാബാദിൽ അപകടം. ചിത്രം ഓഗസ്റ്റ് 26-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. വേദിയിൽ യഷ് സംസാരിച്ചുകൊണ്ടിരിക്കേ ഇതിനരികിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഫ്ലഡ്ലൈറ്റിന്റെ ഭാഗങ്ങൾ കാണികൾക്കിടയിലേക്ക് തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും, അതിൽ ഒരു പെൺകുട്ടി ഇതിന്റെ ആഘാതത്തിൽ ബോധരഹിതയാകുകയും ചെയ്തു. പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദിലെ മല്ലറെഡ്ഡി യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഈ നിർഭാഗ്യകരമായ അപകടമുണ്ടായത്.

To advertise here,

മല്ലറെഡ്ഡി യൂണിവേഴ്സിറ്റിയിൽ നടന്ന ആഘോഷ പരിപാടിയിലേക്ക് വിദ്യാർത്ഥികളും ആരാധകരുമടങ്ങുന്ന ഒരു വൻ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. എന്നാൽ, ചടങ്ങിന്റെ ആവേശം കെടുത്തുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് തുടർന്ന് നടന്നത്. യഷ് വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കേയാണ് അപകടം നടന്നത്. സംഭവം യഷിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ അദ്ദേഹം തന്റെ പ്രസംഗം നിർത്തിവെച്ച് വിദ്യാർത്ഥികൾ സുരക്ഷിതരാണോ എന്ന് അന്വേഷിക്കുകയും സംഘാടകരോട് അവരുടെ അവസ്ഥയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. കാര്യമായ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് സംഘാടകർ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം തന്റെ പ്രസംഗം തുടർന്നു. എങ്കിലും, ഈ അപകടം അവിടെ തടിച്ചുകൂടിയ വലിയ ജനക്കൂട്ടത്തിനിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായി മാറി.

സ്പീക്കറുകളും മറ്റ് വലിയ ഉപകരണങ്ങളും താങ്ങിനിർത്താൻ ഉപയോഗിച്ചിരുന്ന വസ്തുക്കളിലേക്ക് വിദ്യാർത്ഥികൾ വലിഞ്ഞുകയറിയതും വേദിക്ക് തൊട്ടടുത്ത് തന്നെ നിലയുറപ്പിച്ചതുമാണ് അപകടത്തിന്റെ ആശങ്ക വർദ്ധിപ്പിച്ചത്. യഷിനെ നേരിൽക്കാണാനായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് യൂണിവേഴ്സിറ്റി ക്യാമ്പസിലേക്ക് എത്തിയത്. അപകടം ഒഴിവാക്കാനും തിക്കുംതിരക്കും ഉണ്ടാകാതിരിക്കാനും വിദ്യാർത്ഥികളോട് പിന്നിലേക്ക് മാറി നിൽക്കാൻ പോലീസ് പരിപാടി ആരംഭിക്കുന്നതിന് മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നു. ചിലർ ഇത് അനുസരിച്ചെങ്കിലും വലിയൊരു വിഭാഗം വിദ്യാർത്ഥികളും വേദിക്ക് തൊട്ടടുത്ത് തന്നെ നിലയുറപ്പിക്കുകയായിരുന്നു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രത്തിൽ നയൻതാര, കിയാരാ അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവരാണ് സംഗീതം. യഷും ഗീതു മോഹൻദാസും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.

പോർച്ചുഗീസ് ഭരണകാലഘട്ടത്തിന്റെ അവസാന നാളുകളിലെ ഗോവയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇരട്ട വേഷങ്ങളിലാണ് യഷ് എത്തുന്നത്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഒരേസമയം ഇംഗ്ലീഷിലും കന്നഡയിലുമായാണ് ചിത്രം ഷൂട്ട് ചെയ്തത്. ആഗോള തലത്തിൽ റിലീസ് ലക്ഷ്യമിടുന്ന ചിത്രം ഓഗസ്റ്റ് 26-നാണ് തിയേറ്ററുകളിൽ എത്തുന്നത്. വടക്കേ അമേരിക്കയിൽ ഇംഗ്ലീഷിലും കന്നഡയിലുമാണ് ചിത്രം പ്രദർശനത്തിനെത്തുക. ഇന്ത്യയിൽ വിവിധ ഭാഷകളിൽ ചിത്രം ലഭ്യമാകും.