കൊച്ചി: ഹേമ കമ്മിറ്റിറിപ്പോർട്ട് പുറത്തുവിടുന്നതിനുമുമ്പ് അതിന്റെ പകർപ്പ് തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യു.സി.സി.). റിപ്പോർട്ട് പരിശോധിച്ചശേഷം തുടർചർച്ചകൾവേണമെന്നും അഭ്യർഥിച്ചിരുന്നു. എന്നാൽ രേഖാമൂലം ആവശ്യം ഉന്നയിച്ചിരുന്നില്ലെന്ന് ഡബ്ല്യു.സി.സി.യുടെ മുൻനിരപ്രവർത്തകരിലൊരാളായ രേവതി ‘മാതൃഭൂമി’യോട് പറഞ്ഞു.

To advertise here,

ഡബ്ല്യു.സി.സി. പകർപ്പ് ആവശ്യപ്പെടാത്തതുകൊണ്ടാണ് താൻ കോടതിയെ സമീപിച്ചതെന്ന നടി രഞ്ജിനിയുടെ വാദത്തെ തള്ളുന്നതാണ് രേവതിയുടെ പ്രതികരണം. 2019-ൽ റിപ്പോർട്ട് പുറത്തുവിടാനൊരുങ്ങിയപ്പോഴാണ് ഡബ്ല്യു.സി.സി. പകർപ്പ് ആവശ്യപ്പെട്ടത്. റിപ്പോർട്ട് പുറത്തുവിടുന്നത് വൈകിയതോടെ ആവശ്യം വീണ്ടും ഉന്നയിക്കാതെ മാറിനിൽക്കുകയായിരുന്നുവെന്നും രേവതി പറഞ്ഞു. ഡബ്ല്യു.സി.സി. അംഗമായ രഞ്ജിനിയുടെ നിലപാടിനെ എതിർക്കുന്നില്ല. രഞ്ജിനിയുടെ നീക്കംകാരണം സംഘടനയിൽ ഭിന്നതയുണ്ടായിട്ടില്ല. റിപ്പോർട്ട് പുറത്തുവരണമെന്നുതന്നെയാണ് ഡബ്ല്യു.സി.സി.യുടെ ആവശ്യമെന്നും അവർ പറഞ്ഞു.

മൊഴിനൽകാൻ ആരെയും നിർബന്ധിച്ചിട്ടില്ല. കമ്മിറ്റിയെക്കുറിച്ച് സിനിമയിലെ വനിതാ പ്രവർത്തർക്ക് വിവരം നൽകുകയും താത്പര്യമുള്ളവർക്ക് മൊഴിനൽകാമെന്നുകാട്ടി ഫോൺനമ്പരും ഇ-മെയിൽ വിലാസവും നൽകുകയാണ് ചെയ്തത്. മൊഴിനൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് തുടക്കംമുതലേ ആവശ്യപ്പെട്ടിരുന്നു. മൊഴികൾ എങ്ങനെയാണ് പുറത്തുവരുക എന്നതിനെക്കുറിച്ച് ഡബ്ല്യു.സി.സി.ക്ക് ആശങ്കയില്ലെന്നും രേവതി പറഞ്ഞു.