‘തീയാണവൾ, ആളിപ്പടരുന്ന കാട്ടുതീ...’ തിയേറ്ററുകളിൽ ജനപിന്തുണയിൽ പൃഥ്വിരാജ് ചിത്രം 'വിലായത്ത് ബുദ്ധ' മുന്നേറിക്കൊണ്ടിരിക്കുന്നതിനിടയിൽ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രമായ ചൈതന്യയുടെ രംഗങ്ങളുമായുള്ള ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍. ചൈതന്യയുടെ തീപ്പൊരി ഡയലോഗും കിടിലൻ ആക്ഷനുമായാണ് ടീസർ എത്തിയിരിക്കുന്നത്. മലയാളത്തിലെ യുവനായികമാരിൽ ഏറെ ശ്രദ്ധേയയായ പ്രിയംവദ കൃഷ്ണനാണ് ചിത്രത്തിൽ ചൈതന്യയായി എത്തിയിരിക്കുന്നത്.

To advertise here,

മറയൂരിലെ പേരുദോഷമുള്ളൊരു സ്ത്രീയാണ് ചോലയ്ക്കൽ ചെമ്പകം. അവളുടെ മകളായ ചൈതന്യയ്ക്കും ആ പേരുദോഷം ചാർത്തിക്കിട്ടിയിട്ടുണ്ട്. 'വിലായത്ത് ബുദ്ധ'യിലെ സ്ത്രീ കഥാപാത്രങ്ങളായ ചെമ്പകത്തേയും ചൈതന്യയേയും വീറും വാശിയുമുള്ള കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളായാണ് അവതരിപ്പിച്ചിരിക്കുന്നത്. ചെമ്പകമായി രാജശ്രീയും ചൈതന്യയായി പ്രിയംവദയും അസാധ്യ അഭിനയമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകാഭിപ്രായം.

ഏറെ പേരുകേട്ട നോവലായ വിലായത്ത് ബുദ്ധ അതേ പേരിൽ തന്നെ സിനിമയാക്കിയപ്പോള്‍ പുസ്തകത്തിലുള്ള സ്ത്രീ കഥാപാത്രങ്ങളുടെ തീവ്രത അതുപോലെ തന്നെയോ അല്ലെങ്കിൽ ഒരുപടി മുകളിലെങ്കിലും സിനിമയിൽ കാണാൻ കഴിയുണ്ട്. മലയാള സിനിമയിൽ ഏറെ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളുടെ ഗണത്തിലേക്ക് ഈ കഥാപാത്രങ്ങളെ ചേർത്തുവയ്ക്കാനാകും. മറയൂരിന്‍റെ വലിയൊരു സംസ്കൃതിയൊക്കെ ഉള്‍ച്ചേർത്തിരിക്കുന്ന സിനിമയിൽ തിളനില വിട്ട ശര്‍ക്കരപ്പാവില്‍ വിരല്‍ മുക്കി ഉരുട്ടിയെടുക്കാന്‍ പോലും മടിയില്ലാത്ത പെണ്ണൊരുത്തിയായാണ് ചൈതന്യയെ കാണിച്ചിരിക്കുന്നത്. പ്രണയവും പകയും വീറും വാശിയും തന്‍റേടവും കൈമുതലായുള്ള അസ്സൽ നാടൻ പെൺകൊടി ചൈതന്യയായി കസറിയിട്ടുണ്ട് പ്രിയംവദയെന്നാണ് തിയേറ്റർ ടോക്ക്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഡബിൾ മോഹനനോടും ഭാസ്കരൻ മാഷിനോടും ഒപ്പത്തിനൊപ്പമുള്ള കഥാപാത്രങ്ങള്‍ തന്നെയാണ് ചെമ്പകവും ചൈതന്യയും. പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്ന ‍ഡബിൾ മോഹനനോട് കിടപിടിക്കുന്ന കഥാപാത്രത്തെയാണ് പ്രിയംവദ അവതരിപ്പിച്ചിരിക്കുന്നത്. മറയൂരിലെ ചന്ദനക്കള്ളൻ ഡബിളിന്‍റെ ഭാര്യയായി നെഞ്ചും വിരിച്ച് നടക്കാനിഷ്ടപ്പെടുന്ന വീറും വാശിയും കൈമുതലായുള്ള ചൈതന്യയെ സമാനതകളില്ലാത്തവിധം മനോഹരമാക്കിയിട്ടുണ്ട് പ്രിയംവദയെന്ന് പ്രേക്ഷകരും നിരൂപകരും ഒരേസ്വരത്തിൽ പറയുന്നു.

ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ഒരുക്കിയിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു മോഹൻ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. അരവിന്ദ് കശ്യപ്, രെണദേവ് ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും ജേക്സ് ബിജോയിയുടെ സംഗീതവും സിനിമയ്ക്ക് മുതൽക്കൂട്ടാണ് എന്ന് പ്രേക്ഷകർ സമ്മതിക്കുന്നു.