മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര' പോലുള്ള ചിത്രങ്ങളുണ്ടാവുന്നതിന് ഇടമൊരുക്കിയത് തങ്ങള്‍ തുടങ്ങിവെച്ച സംവാദങ്ങളാണെന്ന റിമ കല്ലിങ്കലിന്റെ അവകാശവാദത്തിന് മറുപടിയുമായി നിര്‍മാതാവ് വിജയ് ബാബു. ചിത്രത്തിനുള്ള ഇടം കണ്ടെത്തി അത് യാഥാര്‍ഥ്യമാക്കിയ വേഫെററിനും 'ലോക'യ്ക്കും മാത്രം അവകാശപ്പെട്ടതാണ് ക്രെഡിറ്റെന്ന് വിജയ് ബാബു പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലെ റിമയുടെ അഭിപ്രായപ്രകടനം വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് വിജയ് ബാബു ഫെയ്സ്ബുക്ക് പോസ്റ്റില്‍ മറുപടിയുമായി എത്തിയത്.
'വൈശാലി, ഉണ്ണിയാര്‍ച്ച, കടത്തനാട്ട് മാക്കം, കള്ളിച്ചെല്ലമ്മ, അവളുടെ രാവുകള്‍, ആദാമിന്റെ വാരിയെല്ല്, നീലത്താമര, പഞ്ചാഗ്നി, എന്റെ സൂര്യപുത്രിക്ക്, ആകാശദൂത്, ഇന്‍ഡിപെന്‍ഡന്‍സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിന്റെ അമ്മ, കളിമണ്ണ്, ഹൗ ഓള്‍ഡ് ആര് യു, പിന്നെ സ്വന്തം 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ ചിത്രങ്ങളുടെ ക്രെഡിറ്റൊന്നും ആരും കൊണ്ടുപോകാത്തതില്‍ ദൈവത്തിന് നന്ദി. മലയാളം എക്കാലത്തും മികച്ച സ്ത്രീകേന്ദ്രിത സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട്. കാലം മാറുകയും ഒടിടിയുടെ വരവോടെ പുതിയ പ്രേക്ഷകരെ കിട്ടി വലിയ ഉയരങ്ങളിലെത്തുകയും ചെയ്തതോടെ നമ്മള് ആഗോള നിലവാരത്തിലുള്ള ഉള്ളടക്കം നിര്‍മിക്കാന്‍ തുടങ്ങി. അത് ലളിതവും വ്യക്തവുമാണ്. ആ സ്പേസ് കണ്ടെത്തി ചിത്രം പ്രാവര്‍ത്തികമാക്കിയതിന്റെ പൂര്‍ണ്ണ ക്രെഡിറ്റ് ലോകയുടേയും വേഫെററിന്റേയും ടീമിന് മാത്രമാണ്', എന്നായിരുന്നു വിജയ് ബാബുവിന്റെ കുറിപ്പ്.
‘ലോക’ പോലുള്ള ചിത്രങ്ങളുണ്ടാവാന്‍ സ്പേസ് ഉണ്ടാക്കിയത് തങ്ങളാണെന്നായിരുന്നു റിമയുടെ വാദം. തങ്ങള്‍ തുടങ്ങിവെച്ച സംവാദങ്ങള്‍ അത്തരമൊരു ഇടമൊരുക്കുന്നതിലേക്ക് നയിച്ചുവെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ റിമ പറഞ്ഞു. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി.
'ലോകയുടെ ക്രെഡിറ്റ് ടീമിന് അവകാശപ്പെട്ടതാണ്. എന്നാല്‍, ഞങ്ങള്‍ തുടങ്ങിവെച്ച സംവാദങ്ങള്‍ ചിത്രത്തിന് ഇടം സൃഷ്ടിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്. ഞങ്ങള്‍ സംസാരിച്ചതുകൊണ്ടല്ല. ഞങ്ങള്‍ സംസാരിക്കുമ്പോള്‍ തിരിച്ചുസംസാരിക്കുന്നു. ഞങ്ങള്‍ ആ സ്പേസ് ഉണ്ടാക്കി. ഞങ്ങള്‍ ഉണ്ടാക്കി എന്നുപോലും പറയാന്‍ എനിക്ക് താത്പര്യമില്ല. അതുപോലൊന്നിന് ഒരുവേദി ഞങ്ങളുണ്ടാക്കി', എന്നായിരുന്നു റിമയുടെ വാക്കുകള്‍.
'ലോക'യുടെ വിജയം സ്ത്രീകേന്ദ്രിത ചിത്രങ്ങള്‍ക്കായി വാദിച്ച ദര്‍ശന രാജേന്ദ്രന്, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കും അവകാശപ്പെട്ടതാണെന്ന നൈല ഉഷയുടെ അഭിപ്രായം ചൂണ്ടിക്കാണിച്ചപ്പോഴാണ് റിമയുടെ മറുപടി. ‘ലോക’യുടെ വിജയത്തിന് പിന്നാലെ നൈല ഉഷയുടെ അഭിപ്രായപ്രകടനം വലിയ ചര്‍ച്ചയായിരുന്നു. സ്ത്രീകളുടെ അസാന്നിധ്യം ചോദ്യംചെയ്തതിന് നന്ദി എന്ന് എഴുതിയ കാര്‍ഡ് പങ്കുവെച്ചായിരുന്നു നൈല അഭിപ്രായം തുറന്നുപറഞ്ഞത്.
Content Highlights: Producer Vijay Babu responds to Rima Kallingal`s claim about creating space for films like 'Lokah'
Published: 07 Oct 2025, 11:03 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented