നടി ഉര്‍വശി ദേശീയ പുരസ്‌കാരം സ്വീകരിക്കുന്നതിന് സാക്ഷിയാവാന്‍ സാധിച്ചതില്‍ സന്തോഷം പങ്കുവെച്ച് മകളും നടിയുമായ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. അമ്മ പുരസ്‌കാരം ഏറ്റുവാങ്ങുന്നത് കാണാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണെന്ന് തേജലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഉര്‍വശിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് കുറിപ്പ്.

To advertise here,

'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൊന്ന്, സ്വപ്‌നതുല്യവും അഭിമാനം നിറഞ്ഞതുമായ നിമിഷം. രണ്ടാംതവണയും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അമ്മ ഏറ്റുവാങ്ങുന്നത് കാണാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി തോന്നി. ആ വേദിക്ക് സാക്ഷിയാവാന്‍, അവിടെയുണ്ടാകാന്‍, അതിനെല്ലാമുപരി മലയാള സിനിമയെ പ്രതിനിധീകരിച്ച് നമ്മുടെ ലാലേട്ടന്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നത് കാണാന്‍ കഴിഞ്ഞതും. നമുക്കെല്ലാവര്‍ക്കും ശരിക്കും അഭിമാനം നിറഞ്ഞ നിമിഷം', തേജലക്ഷ്മി കുറിച്ചു.

'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഉര്‍വശിക്ക് മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചത്. ചൊവ്വാഴ്ച വൈകീട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനും രാഷ്ട്രപതി പുരസ്‌കാരം സമ്മാനിച്ചു.

സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ഉര്‍വശിയുടേയും മനോജ് കെ. ജയന്റേയും മകളായ തേജലക്ഷ്മി. നവാഗതനായ ബിനു പീറ്റര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സുന്ദരിയായവള്‍ സ്റ്റെല്ല' എന്ന ചിത്രത്തിലാണ് തേജലക്ഷ്മി നായികയാവുന്നത്. ഉര്‍വശിക്കൊപ്പം 'പാബ്ലോ പാര്‍ട്ടി' എന്ന ചിത്രത്തിലും തേജലക്ഷ്മി അഭിനയിക്കുന്നുണ്ട്.