ലൈവ് ഷോയ്ക്കിടെ സെല്‍ഫിയെടുക്കാനെത്തിയ സ്ത്രീകളെ ചുംബിച്ച ​ഗായകൻ ഉദിത് നാരായണനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. പാടുന്നതിനിടെ സെല്‍ഫിയെടുക്കാനായി ഉദിതിനെ സമീപിച്ച സ്ത്രീകളെയെല്ലാം ​ഗായകൻ ചുംബിക്കുന്ന വീഡിയോ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. അതിനിടെ, ഇപ്പോഴിതാ ഉദിത് നാരായണന്റെ പഴയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

To advertise here,

മുൻനിര ​ഗായികമാരായ ശ്രേയ ​ഘോഷാൽ, അൽക യാ​ഗ്നിക് എന്നിവരേയും നടി കരിഷ്മ കപൂറിനേയും അവരുടെ അനുവാദംകൂടാതെ ചുംബിക്കുന്ന ഉദിത് നാരായൺ ആണ് വീഡിയോയിൽ ഉള്ളത്. ഇന്ത്യൻ ഐഡൽ എന്ന പരിപാടിക്കിടെയാണ് ഉദിത് അൽകയെ കവിളിൽ ചുംബിക്കുന്നത്. മറ്റൊരു പരിപാടിക്കിടെ, മികച്ച ​ഗായികയ്ക്കുള്ള അവാർഡ് നേടിയ ശ്രേയയേയും ഇയാൾ ചുംബിക്കുന്നുണ്ട്. അപ്രതീക്ഷിതമായുള്ള ​ഗായകന്റെ പെരുമാറ്റത്തിൽ ഇരുവരും ഞെട്ടുന്നതും അസ്വസ്ഥരാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഡിയോ പ്രചരിച്ചതോടെ ​ഗായകനെതിരേ കടുത്ത വിമർശനമാണ് ഉയരുന്നത്. 

അതേസമയം, ആരാധികമാരെ ചുംബിച്ച വിഷയത്തിൽ വിശദീകരണവുമായി ഉദിത് രം​ഗത്തെത്തി. ആരാധകര്‍ സ്‌നേഹംകൊണ്ട് ഉന്മാദികളെ പോലെ പെരുമാറുമെന്നും അതിനെ അനാവശ്യമായി വിവാദമാക്കുകയാണ് സാമൂഹികമാധ്യമങ്ങള്‍ ചെയ്യുന്നതെന്നും ഉദിത് ആരോപിച്ചു. ചിലര്‍ ഇത്തരം സ്‌നേഹപ്രകടനങ്ങള്‍, ചുംബിക്കുന്നതടക്കം പ്രോത്സാഹിപ്പിക്കാറുണ്ട്. അവര്‍ അങ്ങനെയാണ് സ്‌നേഹം പ്രകടിപ്പിക്കുക. അതിന്റെ പേരില്‍ ഇത്രവലിയ വിവാദം ഉണ്ടാക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നും ​ഗായകൻ ചോദിച്ചു.