അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീട് വെച്ചുനല്‍കുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭവനപദ്ധതിയുടെ ഭാഗമായി നടി തന്‍വിറാം. 'സ്‌മൈല്‍' എന്ന് പേരിട്ടിരിക്കുന്ന ഭവന പദ്ധതിയില്‍വെച്ചുനല്‍കുന്ന എട്ടാമത്തെ വീടിന്റെ തറക്കല്ലിടല്‍ തന്‍വിറാം നിര്‍വഹിച്ചു. കണ്ണാടി പഞ്ചായത്തിലെ സുന്ദരന്‍ എന്ന വ്യക്തിക്കാണ് പദ്ധതിയില്‍ വീടുവെച്ചുനല്‍കുന്നത്.

To advertise here,

ഇന്‍ഡല്‍ മണിയുമായി സഹകരിച്ചാണ് വീട് നിര്‍മാണം. ഇന്‍ഡല്‍ മണി ചെയര്‍മാന്‍ മോഹനന്‍ ഗോപാലകൃഷ്ണനും തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് തന്‍വിറാം പറഞ്ഞു.

'പരിപാടിക്ക് വരാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷം. എല്ലാവരുടേയും ഏറ്റവും വലിയ സ്വപ്‌നമാണ് സ്വന്തമായി ഒരു വീട്. അങ്ങനെ ഒരുകുടുംബത്തിന്റെ സ്വപ്‌നത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷം. പാലക്കാട് പല പരിപാടികള്‍ക്ക് ഞാന്‍ വന്നിട്ടുണ്ട്. രാഹുല്‍ കുറച്ചുകാലം മുമ്പേ എന്നോട് ഇങ്ങനെയൊരു സംരംഭം തുടങ്ങുന്ന കാര്യം പറഞ്ഞിരുന്നു. പറ്റുമെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കണം എന്നും പറഞ്ഞു. ഇപ്പോള്‍ ഇവിടേക്ക് വിളിച്ചതില്‍ വലിയ സന്തോഷമുണ്ട്. ഇതുപോലെ ഒരു സംരംഭവുമായി മുന്നോട്ടുവന്ന രാഹുലിന് ഞാന്‍ നന്ദി പറയുന്നു', തന്‍വി റാം പറഞ്ഞു.

വോട്ടുചോദിച്ച് പാലക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ ചെന്നപ്പോള്‍ കണ്ട മനുഷ്യരുടെ പ്രധാനപ്രതിസന്ധികളില്‍ ഒന്നായിരുന്നു തലചായ്ക്കാന്‍ കിടപ്പാടമില്ലാത്ത സാഹചര്യമെന്ന് രാഹുല്‍ പറഞ്ഞു. ഇതാണ് പദ്ധതിക്ക് പ്രചോദനമായതെന്നും എംഎല്‍എ വ്യക്തമാക്കി.

അഞ്ചുഭവനങ്ങള്‍ക്ക് തറക്കല്ലിട്ട് നടന്‍ ആസിഫ് അലിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ, നടന്‍ സൈജു കുറുപ്പ് എന്നിവരും നേരത്തേ പദ്ധതിയുമായി സഹകരിച്ചിരുന്നു.