രജനീകാന്തിന്റെ ജെയിലർ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ 'കാവാല'യിലെ തന്റെ പ്രകടനത്തിൽ താൻ സംതൃപ്തയായിരുന്നില്ലെന്ന് തുറന്നുപറഞ്ഢ് നടി തമന്ന ഭാട്ടിയ. സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാൻ തന്റെ യൂട്യൂബ് വ്ളോഗിന്റെ ഭാഗമായി തമന്നയുടെ വീട് സന്ദർശിച്ചപ്പോഴാണ് നടി ഇക്കാര്യം പറഞ്ഞത്.

To advertise here,

"കാവാലാ'യുടെ ഷൂട്ടിങ്ങിനിടെ ഞാൻ അല്പം അതൃപ്തയായിരുന്നു, കാരണം എനിക്ക് കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നുവെന്ന് എനിക്ക് തോന്നി," തമന്ന പറഞ്ഞു.

"എപ്പോഴും കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു എന്ന് ചിന്തിക്കുന്ന തരത്തിലുള്ള ആളാണ് നീ," എന്ന് ഇതിനോട് പ്രതികരിച്ചുകൊണ്ട് ഫറാ പറഞ്ഞു.

"പക്ഷേ, 'ആജ് കി രാത്ത്' എന്ന ഗാനത്തിനായി ഞാൻ 15 ദിവസം റിഹേഴ്സൽ ചെയ്തിരുന്നു, അത്രയും സമയം ഞാൻ ചെലവഴിക്കാൻ തന്നെ ആഗ്രഹിച്ചു. ഞാൻ പരിശീലനം സിദ്ധിച്ച നർത്തകിയല്ല," തമന്ന കൂട്ടിച്ചേർത്തു.

അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ 'കാവാലാ'യുടെ വരികൾ എഴുതിയത് അരുൺരാജ കാമരാജ് ആണ്. ശിൽപ റാവു ആണ് ഈ തകർപ്പൻ ഡാൻസ് നമ്പർ ആലപിച്ചിരിക്കുന്നത്. ഇത് ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിക്കുകയും ചെയ്തു.

'വ്വൺ – ഫോഴ്സ് ഓഫ് ദ ഫോറസ്റ്റ്' എന്ന ചിത്രമാണ് തമന്നയുടെ പുതിയ പ്രൊജക്ട്. ഈ ചിത്രത്തിൽ സിദ്ധാർത്ഥ് മൽഹോത്രയ്ക്കൊപ്പം തമന്ന ആദ്യമായി സ്‌ക്രീൻ പങ്കിടും. ചിത്രത്തിന്റെ കഥ ഒരുക്കിയത് അരുണാഭ് കുമാർ ആണ്. ദീപക് മിശ്രയും അരുണാഭ് കുമാറും ചേർന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രം ശോഭ കപൂർ, ഏക്ത ആർ. കപൂർ, അരുണാഭ് കുമാർ, നീരജ് കോത്താരി എന്നിവരാണ് നിർമിക്കുന്നത്. മനു ആനന്ദ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.