ആമിര് ഖാൻ പ്രൊഡക്ഷൻസ് തന്നെയാണ് രസകരമായ ഈ വീഡിയോ പുറത്തുവിട്ടത്.

ആമിർ ഖാൻ നിർമിച്ച് ഉടൻ പ്രദർശനത്തിനെത്തുന്ന ചിത്രമാണ് ‘ഹാപ്പി പട്ടേൽ: ഖതർനാക് ജാസൂസ്’. ഈ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ആമിർ ഖാന്റെ രൂപഭാവങ്ങളോടെ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയ നടൻ സുനിൽ ഗ്രോവറുടെ രസകരമായ വീഡിയോ വൈറലാകുന്നു. അപരവേഷം ധരിച്ചെത്തിയ സുനിൽ ഗ്രോവറെ കണ്ട് ആമിർ ഖാൻ അമ്പരക്കുന്നതും, യഥാർത്ഥ ആമിർ ഖാനെ അദ്ദേഹത്തിന്റെതന്നെ സുരക്ഷാ ജീവനക്കാർ ഓഫീസിൽനിന്ന് പുറത്താക്കുന്നതുമാണ് വീഡിയോയിലുള്ളത്. ആമിർ ഖാൻ പ്രൊഡക്ഷൻസ് തന്നെയാണ് രസകരമായ ഈ വീഡിയോ പുറത്തുവിട്ടത്.
ആമിർ ഖാനെ അന്വേഷിച്ച് നടൻ വീർ ദാസ് എത്തുന്നതാണ് വീഡിയോയുടെ തുടക്കം. എന്നാൽ ആമിറിന്റെ വേഷം ധരിച്ച്, അതേ രൂപഭാവങ്ങളോടെ സുനിൽ ഗ്രോവറാണ് വീർ ദാസിനെ സ്വാഗതം ചെയ്യുന്നത്. ഇത് ആമിർ തന്നെയല്ലേ എന്ന് വീറിന് ഒരുനിമിഷം സംശയം തോന്നുന്നുണ്ട്. എന്നാൽ താൻ ആമിർ തന്നെയാണെന്ന് സംസാരത്തിലൂടെയും അംഗവിക്ഷേപങ്ങളിലൂടെയും സുനിൽ ഗ്രോവർ വീറിനെ തെറ്റിദ്ധരിപ്പിക്കുന്നു.
"നിന്നെ ഓർത്ത് ഞാൻ വളരെ അഭിമാനിക്കുന്നു. നീ എന്തുനല്ല സിനിമയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് എന്റെ അനുഭവമാണ്. സിനിമ സൂപ്പർ ഹിറ്റ് ആയില്ലെങ്കിൽ എന്റെ പേര് ആമിർ ഖാൻ എന്നല്ല. ഇതിന് ഓസ്കാർ ലഭിക്കും. ഇനിയും ഒരുമിച്ച് സിനിമ ചെയ്യാനായി ഈ ചെക്ക് വാങ്ങൂ" എന്നും സുനിൽ ഇതിനിടയിൽ പറയുന്നുണ്ട്.
ഇരുവരുടേയും സംസാരം പുരോഗമിക്കുന്നതിനിടെ യഥാർത്ഥ ആമിർ ഖാൻ കയറി വരുന്നു. സുനിൽ ഗ്രോവർ ധരിച്ച അതേ ഡിസൈനിലുള്ള വസ്ത്രത്തിൽത്തന്നെയാണ് ആമിർ എത്തുന്നത്. കണ്ണടയും ഒരുപോലെയുള്ളതുതന്നെ. ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തമ്മിലുള്ള വാഗ്വാദമാണ് പിന്നെ കാണാനാവുക. നിങ്ങൾ സുനിൽ ഗ്രോവർ അല്ലേയെന്ന് യഥാർത്ഥ ആമിറിനെ നോക്കി അപരൻ ചോദിക്കുന്നുണ്ട്. താൻ അപമാനിക്കപ്പെട്ടതായി തോന്നിയ ആമിർ ദേഷ്യപ്പെട്ട് സെക്യൂരിറ്റിയെ വിളിച്ചെങ്കിലും കാര്യങ്ങൾ കൂടുതൽ വഷളായി. സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് യഥാർത്ഥ ആമിറിനെ ഓഫീസിൽനിന്ന് പുറത്താക്കുകയും ചെയ്തു.
നിരവധി പേരാണ് വീഡിയോക്ക് അഭിനന്ദനവുമായെത്തിയത്. നേരത്തേ കപിൽ ഷോയിൽ സുനിൽ ഗ്രോവർ തന്നെ അവതരിപ്പിച്ചതിനെ ആമിർ ഖാൻ അഭിനന്ദിച്ചിരുന്നു. ഇത് വെറുമൊരു അനുകരണമല്ലെന്നും തന്നെത്തന്നെ കണ്ണാടിയിൽ കാണുന്നത് പോലെയാണ് തോന്നിയതെന്നും അദ്ദേഹം വ്യക്തമാക്കി. താൻ അത്രയധികം ചിരിച്ചു, ശ്വാസമെടുക്കാൻ പോലും കഴിഞ്ഞില്ല. തന്നെ അനുകരിച്ചതിൽ സുനിൽ ഗ്രോവറോട് ഒരു ദേഷ്യവും ഉണ്ടായിരുന്നില്ലെന്നും അന്ന് ആമിർ പറഞ്ഞിരുന്നു.
Content Highlights: Sunil Grover's Aamir Khan Impression Sparks Hilarious Office Encounter
Published: 12 Jan 2026, 06:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented