
ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം പ്രതീക്ഷയുണർത്തുന്ന ചിത്രങ്ങളിലൊന്നായ മഹേഷ് ബാബുവും സംവിധായകൻ എസ്.എസ്. രാജമൗലിയും ആദ്യമായി ഒന്നിക്കുന്ന 'വാരാണസി' 2027 ഏപ്രിൽ ഏഴിന് ലോകവ്യാപകമായി റിലീസ് ചെയ്യും. ശ്രീ ദുർഗ ആർട്‌സ്, ഷോയിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ. നാരായണനും എസ്.എസ്. കാർത്തികേയയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രിയങ്ക ചോപ്രയും പൃഥ്വിരാജ് സുകുമാരനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ഒരു ഭീമൻ ആക്ഷൻ ത്രില്ലറായാണ് ഒരുക്കുന്നത്.
ചിത്രവുമായി ബന്ധപ്പെട്ട ഓരോ അപ്ഡേറ്റും രാജ്യത്തുടനീളം വലിയ ചർച്ചകളാണ് സൃഷ്ടിക്കുന്നത്. നവംബർ മാസത്തിൽ നടന്ന ഭൂകമ്പം പോലെ പ്രതികരണങ്ങൾ ഉയർത്തിയ ഗ്ലിംപ്‌സ് ഇവന്റ് മുതലാണ് 'വാരാണസി' എന്ന പേരിന് ചുറ്റുമുള്ള ആവേശം ആരംഭിച്ചത്.
വാരാണാസിയുടെ ഗ്ലിംപ്‌സ് വീഡിയോ പ്രേക്ഷകർക്ക് അമ്പരപ്പിക്കുന്ന ദൃശ്യാനുഭവമാണ് സമ്മാനിച്ചത്. ത്രേതായുഗത്തിൽ ആരംഭിച്ച് ക്രിസ്തുവർഷം 512ലെ വാരാണസിയിലൂടെ 2027 ക്രിസ്തു വർഷത്തിലേക്കും അന്റാർട്ടിക്ക, ആഫ്രിക്ക, വനാഞ്ചൽ എന്നിവിടങ്ങളിലൂടെയും വീണ്ടും ത്രേതായുഗത്തിലേക്ക് (ക്രി.മു. 7200) മടങ്ങുന്ന ഒരു വിസ്മയകരമായ കാല- ഭൗഗോള യാത്രയാണ് ഗ്ലിംപ്‌സ് അവതരിപ്പിക്കുന്നത്. ഗ്ലിംപ്‌സിന്റെ അവസാനത്തിൽ, ഒരു രഹസ്യ ദൗത്യവുമായി എത്തുന്ന 'രുദ്ര' എന്ന കഥാപാത്രത്തിന്റെ ശക്തമായ അവതാരമാണ് പ്രേക്ഷകർക്ക് മുന്നിൽ തെളിയുന്നത്.
വ്യത്യസ്തവും അതിശയിപ്പിക്കുന്നതുമായ പ്രമോഷൻ തന്ത്രങ്ങൾക്കായി പ്രശസ്തനായ എസ്.എസ്. രാജമൗലി, റിലീസ് ക്യാംപെയ്ൻ വളരെ വ്യത്യസ്തമായ രീതിയിലാണ് ആരംഭിച്ചത്. കഴിഞ്ഞദിവസം വാരാണസി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട റിലീസ് ഡേറ്റ് പോസ്റ്റർ ബാനറുകൾ രാജ്യത്തുടനീളം വലിയ ശ്രദ്ധ നേടുകയുണ്ടായി.
പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. എസ്.എസ്. രാജമൗലി, മഹേഷ് ബാബു, മറ്റു താരങ്ങൾ, അണിയറ പ്രവർത്തകർ എന്നിവർ ചേർന്ന് ആകർഷകമായ ഒരു പോസ്റ്ററിനൊപ്പം ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
'വാരാണസി' 2027 ഏപ്രിൽ ഏഴിന് തിയേറ്ററുകളിൽ എത്തും. പ്രേക്ഷകർക്ക് അല്പം കൂടി കാത്തിരിക്കേണ്ടി വരുമെങ്കിലും, അതിസാഹസികവും മഹത്തായ ദൃശ്യാനുഭവവുമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്. 'വാരാണസി' തന്റെ സ്വപ്‌ന പദ്ധതിയാണെന്ന് മഹേഷ് ബാബു വ്യക്തമാക്കിയിട്ടുണ്ട്. ചിത്രം എല്ലാവർക്കും അഭിമാനം നൽകുന്ന ഒന്നായിരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 'ഗ്ലോബ്‌ട്രോട്ടർ' , 'ടൈംട്രോട്ടർ' എന്ന ടാഗ്ലൈനുകളോടെ, ഇന്ത്യയ്ക്കകത്തും അന്താരാഷ്ട്ര തലത്തിലും വലിയ തരംഗം സൃഷ്ടിക്കാൻ 'വാരാണസി' ഒരുങ്ങുകയാണ്. പിആർഒ: പ്രതീഷ് ശേഖർ.
Content Highlights: SS Rajamouli announces `Varanasi` starring Priyanka Chopra Jonas & Mahesh Babu. Releasing April 7, 2027.
Published: 30 Jan 2026, 05:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented