2022- ജൂൺ ലക്കം സ്റ്റാർ ആൻ്റ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻ്റെ പുനപ്രസിദ്ധീകരണം

ഏതവസരത്തിലും തലയുയർത്തിനിന്ന് ധീരതയോടെ തന്റെ സത്യം പറയുന്ന അപൂർവ്വം ചിലരയേ സിനിമയിൽ കണ്ടിട്ടുള്ളു. അതിൽ ഒന്നാം സ്ഥാനത്ത് വരുന്ന ആളാണ് ശ്രീനിയേട്ടൻ . അതിന്റെ ഒരു ബഹുമാനം നേരിട്ട് പരിചയപ്പെട്ട നാൾ മുതൽ അദ്ദേഹത്തോട് കാണിച്ചിരുന്നു. ബഹുമാനം മൂലമുള്ള ഒരു അകൽച്ചയും കാത്ത് സൂക്ഷിച്ചിരുന്നു.
ഞങ്ങളുടെ സംഭാഷണങ്ങളിൽ നിറയെ മൗനമായിരുന്നു. പലപ്പോഴും എടുത്തടിച്ച പോലെയുള്ള സത്യപ്രസ്താവങ്ങൾക്ക് ശേഷം അതിനെ കുറിച്ച് ചിന്തിക്കുന്ന കനത്ത മൗനത്തിലാണ് ഒട്ടുമിക്ക ഫോൺ സംഭാഷണങ്ങളും അവസാനിക്കാറ്. അത്തരം സന്ദർഭങ്ങളിലെല്ലാം ഒരു കണ്ണാടിയിൽ നോക്കി നിക്കാറുള്ള പോലെയാണ് അനുഭവപ്പെടാറ്. Uncomfortable silence . സത്യം കൊണ്ട് മുറിവേൽപ്പിച്ച് പരസ്പരം നോക്കിയുള്ള ഇരിപ്പ് ഒട്ടും സുഖകരമാവാൻ സാധ്യതയില്ലല്ലോ.
എന്റെ ജീവിതത്തിലെ പല സന്നിഗ്ദ്ധത ഘട്ടങ്ങളിലും ആരോ നിയോഗിച്ച പോലെ ഗസ്റ്റ് അപ്പിയറൻസ് നടത്തി പിന്നെ എവിടെയോ പോയ് മറയുന്ന ഒരാൾ !!!എന്റെ ആദ്യ പുസ്തകത്തിന്റെ അവതാരിക എഴുതി തന്നത് ശ്രീനിയേട്ടൻ ആയിരുന്നു. മുക്കാൽ പേജ് വരുന്ന ഒരു ചെറു കുറിപ്പ് ആയിരുന്നു അത്. പുസ്തകത്തിന്റെ പേര് അറിയാത്തത് കൊണ്ട് ശ്രീനിവാസൻ അവതാരിക എഴുതിയ ശ്രീബാലയുടെ പുസ്തകം എന്നൊക്കെ ആളുകൾ കടയിൽ വന്ന് ചോദിച്ച് വാങ്ങി പോയിട്ടുണ്ടെന്ന് ഒരു പുസ്തക കടക്കാരൻ എന്നോട് പിന്നീട് പറഞ്ഞിട്ടുണ്ട്. ആ എഴുത്തിലും പുകഴ്ത്തലൊന്നും ഇല്ല. ഉള്ള കാര്യം ഉള്ള പോലെ. എന്നെ വിശേഷിപ്പിച്ചത് 'കാഴ്ചയിൽ പാവമായ ഒരാൾ'എന്നാണ്. ഇതിൽ മേൽ കൃത്യമായി ഒരാൾക്ക് ഇന്നും എന്നെ വിവരിക്കാനായിട്ടില്ല. വർഷങ്ങളോളം ഇത് പറഞ്ഞ് സത്യൻ സാർ എന്നെ കളിയാക്കുമായിരുന്നു. സത്യം ആയത് കൊണ്ട് ഞാൻ ചിരിച്ച് നിക്കും. ആരെങ്കിലും എന്നെ under estimate ചെയ്ത് പെരുമാറിയാലും പുള്ളി അവരെ താക്കീത് ചെയ്യും. കളിക്കണ്ട . കാഴ്ചയിൽ മാത്രം പാവം എന്ന് ശ്രീനിയുടെ പ്രശംസ കൈപറ്റിയ ആളാണ്. വാക്കുകൾ കൊണ്ട് ബോംബു വർഷിക്കാൻ കെൽപ്പുള്ള രണ്ട് പേർ പരസ്പരം തിരിച്ചറിഞ്ഞു എന്ന് ഓർത്ത് പാവം എക്‌സ്പ്രഷൻ ഇട്ട് അത് കേട്ടും ഞാൻ നിൽക്കും.
പിന്നീട് ഒരിടവേളക്ക് ശേഷം വീണ്ടും Guest appearane ഇപ്രാവശ്യം ഒരു ഇന്റർവ്യൂവിന്റെ രൂപത്തിൽ. ഒരു മാസികക്ക് വേണ്ടി ഒരു സുഹൃത്ത് ആവശ്യപ്പെടുന്നു. ശ്രീനിയേട്ടന്റെ ഒരു ഇന്റർവ്യൂ ചെയ്തു കൊടുക്കണം എന്ന്. ഒരു ജേർണലിസ്റ്റ് അല്ലെങ്കിൽ ഇന്റർവ്യൂവർ ആവാൻ താത്പര്യവും യോഗ്യതയും ഇല്ലാതിരുന്ന ഞാൻ ഒരു ദുർബല നിമിഷത്തിൽ പറഞ്ഞ യെസ് അതായിരുന്നു ആ ഇന്റർവ്യൂ. ഒട്ടും ആത്മവിശ്വാസം ഇല്ലാതെയാണ് ശ്രീനിയേട്ടന്റെ മുന്നിൽ ഇരുന്നത്. വളരെ പരിഭ്രമത്തോടെ ചോദിച്ച ചോദ്യങ്ങൾക്ക് ശ്രദ്ധയോടെ മറുപടി പറഞ്ഞു ശ്രീനിയേട്ടൻ. ദിവസങ്ങളോളം കുത്തിയിരുന്ന് ട്രാൻസ്‌ക്രൈബ് ചെയ്ത് എഴുതി പൊലിപ്പ് എടുത്തപ്പോൾ അത് അവസാനിപ്പിക്കാൻ വഴിയില്ലാതെ കുഴങ്ങി. ശ്രീനിയേട്ടൻ മറ്റൊരവസരത്തിൽ പറഞ്ഞ 'ഞാൻ ചെയ്യാതെ പോയ 50 ഏറെ സിനിമകളാണ് മലയാള സിനിമയ്ക്ക് ഞാൻ നൽകിയ സംഭാവന' എന്ന വാചകം ചേർത്തോട്ടെ എന്ന് അനുവാദം ചോദിച്ച് ഇതിൽ ചേർത്തു. അത് ഒരു ഹിറ്റ് ഡയലോഗ് ആയി മാറി. പിന്നീട് പലരും അത് അദ്ദേഹത്തെക്കുറിച്ച് എന്നോട് ഒരു ഇന്റർവ്യൂവിൽ ശ്രീനിവാസൻ ഇങ്ങനെപറഞ്ഞത് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്. ആ ഇന്റർവ്യൂ ചെയ്തത് ഞാനാണെന്ന് അറിയാതെ. അപ്പോഴും ഞാൻ മനസ്സിൽ ചിരിക്കുമായിരുന്നു. അതിന് ശേഷം ഒരു വട്ടം അദ്ദേഹം എന്നെ വിളിച്ചു. ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന് വേണ്ടി വേറൊരണ്ണം ചെയ്യാൻ ഒരാൾ സമീപിച്ചപ്പോൾ എന്റെ പേര് സജസ്റ്റ് ചെയ്യട്ടെ എന്ന് ചോദിച്ച്. ഞാനെന്ന ഇന്റർവ്യൂവറെ കുറിച്ച് എനിക്ക് അത്ര അഭിപ്രായം ഇല്ലാത്തത് കൊണ്ട് പതുക്കെ ഞാൻ മുങ്ങി കളഞ്ഞു. അങ്ങനെ വീണ്ടും ഞങ്ങളുടെ ബന്ധം കുറച്ച് വർഷങ്ങളിലേക്ക് മറ്റൊരു മൗനത്തിലേക്ക് പ്രവേശിച്ചു.
സ്വതന്ത്ര്യ സംവിധായികയാവാൻ തീരുമാനിച്ചപ്പോൾ ആദ്യം നേരിട്ട് പോയി കണ്ട വ്യക്തി ശ്രീനിയേട്ടനായിരുന്നു. എഴുത്ത് എന്ന പണി ചെയ്യാൻ എന്നെപ്പോലെ തന്നെ നല്ല മടി ഉള്ള കക്ഷി ആദ്യം ഒരല്പം ടെൻഷനോടെ ചോദിച്ചത് എഴുതാനാണോ എന്നാണ്. അല്ല അഭിനയത്തിനാണ് എന്ന് പറഞ്ഞപ്പോൾ ആശ്വാസത്തോടെ ചിരിച്ച് കഥാപാത്രത്തെ പറ്റി ചോദിച്ചു. പിന്നീട് ഫുൾ സ്‌ക്രിപ്റ്റ് ചോദിച്ച് വാങ്ങി വായിച്ചു. വായിച്ച ശേഷം പറഞ്ഞ അഭിപ്രായം ആരോടാണോ പറഞ്ഞത് ആ ആൾ പിന്നീട് എന്നോട് പറഞ്ഞു: ഓടുന്ന സിനിമ ആവില്ല. ബാലക്ക് പ്രശ്‌നമില്ലെങ്കിൽ ഓ കെ. അത് കേട്ട് എന്ത് പറയണമെന്നറിയാതെ സത്യം ചവചരച്ച് ഞാൻ കുറച്ച് നേരം നിന്നു. നൂറ് ശതമാനം ആത്മാർത്ഥതയോടെ വന്ന് അഭിനയിച്ച് തന്നു. ഏത് ഡയലോഗ് വേണമെങ്കിലും തിരുത്തിക്കോളൂ എന്ന് ഞാൻ പറഞ്ഞിരുന്നു. ഒരു വരി പോലും തിരുത്തിയില്ല. എഴുതി വച്ച സീനിൽ മറ്റൊരു നടൻ കയറി ആ സീൻ മാറ്റാൻ തുടങ്ങിയപ്പോൾ മാത്രം അങ്ങനെ വേണ്ട എന്ന് ആ നടനെ ശാസിച്ചു. റിലീസിന് മുമ്പ് ഒരു ദിവസം ഒന്ന് കാണണം എന്ന് അങ്ങോട്ട് വിളിച്ച് ആവശ്യപ്പെട്ട് ഞാൻ കാണാൻ പോയി. എന്റെ സത്യാന്വേഷ പരീക്ഷണങ്ങൾ ഈ സിനിമയുമായി ബന്ധപ്പെട്ട് എന്ന മട്ടിൽ ഞാൻ സംസാരിക്കവേ ഈ കുമ്പസാരം എന്നോടെന്തിന് എന്ന മുഖഭാവത്തിൽ ശ്രീനിയേട്ടൻ ഇരുന്നു. മറ്റാരോട് പറയാൻ, ആർക്കും മനസ്സിലാവില്ല എന്ന വാശിയിൽ ഞാൻ പറഞ്ഞുകൊണ്ടിരുന്നു. എല്ലാം കേട്ട് അദ്ദേഹം കാലാകാലങ്ങളാൽ അനുഭവിച്ച അത്തരം പ്രയാസങ്ങൾ എന്നോട് പറയാൻ തുടങ്ങി. സത്യം തുറന്നു പറയുന്നത് മൂലം സ്വയം മുറിവേറ്റ രണ്ട് മനുഷ്യർ മുറിവുകൾ തുറന്ന് വെച്ച് കുറച്ച് സമയം അവിടെ ഇരുന്നു; കണ്ണാടിയിൽ സ്വയം കാണുന്ന പോലെ ഒരു അനുഭവമായി അതെനിക്ക് .
കോവിഡ് ലോക് ഡൗൺ കാലത്ത് ആണ് അവസാനമായി സംസാരിക്കുന്നത്. അതിന് മുമ്പ് ഒരു പ്രാവശ്യം മരണത്തെ മുഖാമുഖം കണ്ട ഒരു ആശുപത്രി വാസം കഴിഞ്ഞിരുന്നു. അന്ന് വിളിക്കാനുള്ള കാരണം മോഡേൺ മെഡിസിനെ കുറിച്ച് ഒരു സൈബർ അറ്റാക്ക് നടന്ന് കൊണ്ടിരിക്കുന്നത് കൊണ്ടും കൂടിയായിരുന്നു. സുഖ വിവരങ്ങൾ ഒക്കെ തിരക്കിയ ശേഷം ചോദിച്ചു: ശ്രീനിയേട്ടൻ സെൻസിറ്റീവ് ആയ ഒരു വ്യക്തിയായത് കൊണ്ടല്ലേ എഴുതുന്നത്. കലാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഞാനും സെൻസിറ്റീവ് ആയ ഒരു ആളാണ്. എന്റെ ശരീരത്തിന് മോഡേൺ മെഡിസിൻ അത്ര യോജിക്കില്ല. ഞാൻ മിക്കവാറും alternate മെഡിസിൻ തേടി പോയി ചികിത്സ നടത്തുന്ന ആളാണ്. അതിന് ക്ഷമയും സഹനശക്തി ഒക്കെ വേണം. ഇതിനൊന്നും താത്പര്യമില്ലാത്ത വേദന സഹിക്കാൻ താത്പര്യമില്ലാത്ത ആൾക്കാർ മോഡേൺ മെഡിസിൻ തേടി പോവും. സെൻസിറ്റീവ് ശരീരമല്ലാത്ത പലരും ഇത് കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കാതെ ഇരിക്കുന്നതും കണ്ടിട്ടുണ്ട്. ദൂഷ്യ വശങ്ങൾ ഒന്നും അവർക്ക് ഒരു പ്രശ്‌നമേയല്ല. അങ്ങിനെ ഉവരെ ബോധവൽകരിച്ച് സ്വന്തം ആരോഗ്യം കളയുന്നതെന്തിനാ.
ശ്രീനിയേട്ടൻ മറുപടി ഒന്നും പറഞ്ഞില്ല.
'നിങ്ങള് ഓരോ പ്രാവശ്യം ആശുപത്രിയിലാവുമ്പോഴും നാട്ടുകാര് പുച്ഛിക്കുന്നതും തെറി പറയുന്നതും കേൾക്കുമ്പൊ എനിക്ക് സങ്കടം വരും. അത് കൊണ്ട് പറഞ്ഞതാ'
ഒരു മൗനത്തിൽ ആ സംഭാഷണവും അവസാനിച്ചു. ആരോഗ്യ കാര്യങ്ങൾ പലരും പറഞ്ഞ് അറിയുന്നുണ്ടായിരുന്നു. കോവിഡ് കാലമായത് കൊണ്ട് സന്ദർശനം നടത്തുന്നതിനെ പറ്റി ചിന്തിച്ചതേയില്ല. ഈയിടെ കാണാൻ പോയ ആരോ എടുത്തിട്ട ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ കണ്ടു. കുറേ നേരം അത് നോക്കി നിശ്ശബ്ദതമായി ഞാനിരുന്നു. ഇതും കടന്ന് പോവും. ആരോഗ്യവാനായായി സ്‌ക്രീനിൽ ശ്രീനിയേട്ടനെ കാണുന്ന ദിനം അധികം താമസിയാതെ വരുക തന്നെ ചെയ്യും.
ഒരു സാമ്യമില്ലെങ്കിലും ഏതൊക്കെയോ കാരണങ്ങൾ കൊണ്ട് ഞാനുമായി വളരെ സാമ്യവും എനിക്ക് മാനസിക അടുപ്പവും തോന്നുന്ന ഒരാൾ എന്നാൽ നേരിട്ട് കണ്ടാൽ ഒരു അടുപ്പവും കാണിക്കാത്ത രണ്ട് പേർ. സത്യത്തിന്റെ നൂലിനാൽ ബന്ധപ്പെട്ട് കഴിഞ്ഞാൽ അങ്ങനെയേ ആവാൻ സാധിക്കൂ ബന്ധങ്ങൾക്ക്. ബന്ധമില്ലാത്ത ഒരു ബന്ധം.
Content Highlights: Sreenivasan: A Deep Dive into an Unconventional Friendship and Unvarnished Truths
Published: 20 Dec 2025, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented