അന്തരിച്ച നടൻ ശ്രീനിവാസനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന ഷിനോജ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഒരു മകനെപ്പോലെ തന്നെ കണ്ടിരുന്ന ശ്രീനിവാസൻ തനിക്ക് വീട് സമ്മാനിച്ചതിനെ കുറിച്ചും ഷിനോജ് പറഞ്ഞിരുന്നു. അതുപോലെ മറ്റൊരു കുറിപ്പും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. വീട്ടിലെ സഹായിയും പാചകക്കാരിയുമായിരുന്ന അരുണയ്ക്ക് ശ്രീനിവാസൻ വീട് വച്ചുനൽകിയതിനെ കുറിച്ചാണ് കുറിപ്പിൽ പറയുന്നത്.

To advertise here,

ചന്ദ്രലേഖ രഞ്ജിത് എന്ന ബ്ലോഗറാണ് ഫെയ്‌സ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് ശ്രീനിവാസന്റെ വീട്ടിൽ അരുണ കഴിഞ്ഞതെന്നും ചന്ദ്രലേഖ കുറിച്ചു. തന്റെ ചുറ്റുമുള്ളവരെ ചേർത്തുപിടിക്കാൻ അദ്ദേഹം കാണിച്ച മനസിന് പ്രണാമം നേർന്നുകൊണ്ടാണ് ചന്ദ്രലേഖ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ചന്ദ്രലേഖ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം

ഇത് അരുണേച്ചി. തൊക്കിലങ്ങാടിയിൽ ആണ് താമസം. തൊക്കിലങ്ങാടി ശ്രീനാരായണ ഹോട്ടലിലെ ജീവനക്കാരിയുമാണ്. ഈ പോസ്റ്റ് അരുണേച്ചിക്ക് വേണ്ടിയാണ്. വർഷങ്ങൾക്ക് മുമ്പ് ജീവതത്തിലെ ദുർഘടവഴികളിലൂടെ ജീവിക്കാനായ് നെട്ടോട്ടമോടിയ അരുണേച്ചി ശ്രീനിവാസൻ എന്ന അതുല്യ കലാകാരന്റെ വീട്ടിലെത്തുകയും അവർക്ക് രുചികരമായ ആഹാരം വച്ച് വിളമ്പി മക്കളെയും നോക്കികഴിഞ്ഞ ആ കാലഘട്ടത്തിൽ വെറുമൊരു അടുക്കളക്കാരിയെ പോലെ കാണാതെ സ്വന്തം വീട്ടിലെ ഒരംഗത്തെപോലെ ആയിരുന്നു അരുണേച്ചി അവിടെ.

അരുണേച്ചിക്ക് അദ്ദേഹം ഒരു വീട് സ്വന്തമായി വച്ച് കൊടുത്തിരുന്നു പൂക്കോട്. അങ്ങനെ അദ്ദേഹത്തിന്റെ സഹായത്തോടെയാണ് അരുണേച്ചി ജീവിതം മുന്നോട്ട് നയിച്ചതും ഇന്നും സന്തോഷത്തോടെ ജീവിച്ചിരിക്കുന്നതും. തന്റെ ചുറ്റുമുള്ളവർ ആരുമായ്‌ക്കോട്ടെ അവരെയൊക്കെ ചേർത്ത് പിടിക്കാൻ കാണിച്ച ആ പ്രതിഭയ്ക്ക് ശതകോടി പ്രണാമം.