അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. ആഗോള തലത്തില്‍ ഏറ്റവും വേഗത്തില്‍ 1000 കോടി കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോഡും ഈ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രം റെക്കോഡുകള്‍ സൃഷ്ടിച്ചതോടെ അല്ലു അര്‍ജുന്‍ ഫാന്‍സ് ഏറ്റവമധികം വിമര്‍ശിച്ചത് തമിഴ് സിനിമാതാരം സിദ്ധാര്‍ഥിനെയാണ്. പുഷ്പ സിനിമയ്‌ക്കെതിരെ അദ്ദേഹം നടത്തിയ പരോക്ഷ വിമര്‍ശനമായിരുന്നു ആരാധാകരെ പ്രകോപിപ്പിച്ചത്. 

To advertise here,

ആള്‍ക്കൂട്ടമുണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്നും അതിന് അര്‍ഥം സിനിമ കലാമൂല്യമുള്ളതാണെന്നല്ലെന്നായിരുന്നു സിദ്ധാര്‍ഥിന്റെ വിമര്‍ശനം. ഇപ്പോഴിതാ, ഈ പരാമര്‍ശത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിദ്ധാര്‍ഥ്. പുഷ്പയുടെ ആദ്യഭാഗം ഹിറ്റായിരുന്നതിനാല്‍ തന്നെ രണ്ടാം ഭാഗം കാണാന്‍ ജനങ്ങള്‍ തിയേറ്ററില്‍ എത്തുമെന്നും പുഷ്പ 2-വിന്റെ വിജയത്തിന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം എന്നുമാണ് സിദ്ധാര്‍ഥ് പറഞ്ഞത്. 

അല്ലു അര്‍ജുനുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന ചോദ്യത്തിന്, പ്രശ്‌നമെന്ന വാക്കിനാണ് പ്രശ്‌നമെന്നും അതേകുറിച്ച് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു സിദ്ധാര്‍ഥിന്റെ മറുപടി. സിനിമ കാണാന്‍ കൂടുതല്‍ ആളുകള്‍ തിയേറ്ററില്‍ എത്തണം. ഞങ്ങള്‍ എല്ലാവരും ഒരേ വള്ളത്തിലെ യാത്രക്കാരാണ്. ഇപ്പോള്‍ 100 സിനിമ ഇറങ്ങുമ്പോള്‍ അതില്‍ ഒരെണ്ണം മാത്രം ഹിറ്റാകുന്ന സാചര്യമാണുള്ളത്. നിര്‍മാതാക്കള്‍ക്ക് പണം ലഭിക്കുകയും കലാകാരന്‍മാര്‍ക്ക് അവരുടെ അധ്വാനത്തിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 

സിദ്ധാര്‍ഥിന്റെ പുതിയ ചിത്രമായ മിസ് യു അറ്റ് ചെന്നൈയുടെ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. അടുത്തിടെ ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. പുഷ്പ-2  ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹാറിലുണ്ടായ ആള്‍ക്കൂട്ടത്തെയാണ് സിദ്ധാര്‍ഥ് വിമര്‍ശിച്ചത്. ഇന്ത്യയില്‍ ആള്‍ക്കൂട്ടമുണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്നും നിര്‍മാണപ്രവൃത്തികള്‍ക്കായി ജെ.സി.ബി. കൊണ്ടുവന്നാല്‍പ്പോലും ആളുകൂടുമെന്നുമായിരുന്നു സിദ്ധാര്‍ഥിന്റെ വാക്കുകള്‍.