
ദുര്‍ഗ് (ഛത്തീസ്ഗഢ്) ബോളിവുഡ് താരം സെയ്ഫ് അലിഖാനെ വീട്ടിനുള്ളില്‍ കടന്നുകയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ ഛത്തീസ്ഗഢില്‍ നിന്ന് പിടികൂടി. 31 കാരനായ ആകാഷ് കൈലാഷ് കന്നോജിയയാണ് പിടിയിലായത്. മുംബൈ-ഹൗറ ജ്ഞാനേശ്വരി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) പിടികൂടിയത്. മുംബൈ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. ഇന്ന്(ശനി) ഉച്ചയ്ക്ക് രണ്ടുമണിക്ക് ട്രെയിന്‍ ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍ വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ഇരിക്കുകയായിരുന്ന ഇയാളെ ആര്‍പിഎഫ് പിടികൂടുകയായിരുന്നു.
ഇയാളുടെ ചിത്രവും ട്രെയിന്‍ നമ്പറും മറ്റുവിവരങ്ങളും മുംബൈ പോലീസ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് കൈമാറിയിരുന്നു. നിലവില്‍ ആര്‍പിഎഫിന്റെ കസ്റ്റഡിയിലാണ്. പ്രതിയും മുംബൈ പോലീസും വീഡിയോ കോളില്‍ സംസാരിച്ചു. പിടികൂടിയത് സെയ്ഫ് അലിഖാനെ അക്രമിച്ചയാള്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ മുംബൈ പോലീസ് ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രാത്രി എട്ട് മണിയോടെയാണ് ഇവര്‍ ദുര്‍ഗിലെത്തുകയെന്നാണ് വിവരം. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുകയായിരുന്ന ഇയാള്‍ ചോദ്യചെയ്യലില്‍ ആദ്യം നാഗ്പൂരിലേക്ക് പോവുകയാണെന്നാണ് പറഞ്ഞത്. പിന്നീട് ബിലാസ്പുരിലേക്കാണെന്ന് മാറ്റിപ്പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഒരു അജ്ഞാതന്‍ ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. പിന്നീട് ബാന്ദ്ര റെയില്‍ വേ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളും കണ്ടെത്തി.
ഗുരുതരമായ പരിക്കില്‍ നിന്ന് തലനാരിഴയ്ക്കാണ് സെയ്ഫ് അലിഖാന്‍ രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തി നീക്കം ചെയ്തത്.
വ്യാഴാഴ്ച പുലര്‍ച്ചെ കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈയിലും പരിക്കേറ്റിട്ടുണ്ട്.
വീട്ടിലെ ഫയര്‍ എസ്‌കേപ്പ് ഗോവണിയിലൂടെയാണ് പ്രതി വീടിനകത്ത് കയറിപ്പറ്റിയതെന്നാണ് പോലീസിന്റെ അനുമാനം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്.
Content Highlights: The man who attacked Saif Ali Khan at his Mumbai home has been arrested in Chhattisgarh
Published: 18 Jan 2025, 06:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented