റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസ് ലോഞ്ചിങ് ഉദ്ഘാടന വേദിയിൽ നടൻ സത്യരാജ് സംസാരിക്കുന്നു. സംവിധായകൻ സിദ്ദിഖുംറസൂൽ പൂക്കുട്ടിയും സമീപം | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
കൊച്ചി: ശബ്ദലേഖനത്തിൽ വിസ്മയം തീർത്ത് ഓസ്‌കർ അവാർഡിന്റെ വരെ തിളക്കത്തിലെത്തിയ റസൂൽ പൂക്കുട്ടി സംവിധാന രംഗത്തേക്ക്. റസൂലിന്റെ നിർമാണ സംരംഭമായ റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസ് ഒരുക്കുന്ന ‘ഒറ്റ’ എന്ന ചിത്രമാണ് ആദ്യ സിനിമ. ആസിഫ് അലിയും അർജുൻ അശോകനും തമിഴ്‌നടൻ സത്യരാജും പ്രധാന വേഷങ്ങൾ ചെയ്യുന്ന സിനിമയുടെയും നിർമാണ കമ്പനിയുടെയും ലോഞ്ചിങ് കൊച്ചിയിൽ നടന്നു.
ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങ് ഗായകൻ പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസിന്റെ ലോഗോ പ്രകാശനം സംവിധായകൻ സിദ്ദിഖും നടൻ സത്യരാജും ചേർന്ന് നിർവഹിച്ചു. ‘ഒറ്റ’ എന്ന സിനിമയുടെ പേര് റസൂൽ പൂക്കുട്ടി ലോഞ്ച് ചെയ്തു.
ചിൽഡ്രൻ റീ യുണൈറ്റഡ് എൽ.എൽ.പി.യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എസ്. ഹരിഹരനാണ്.
സിനിമയുടെ സംവിധായകനായി റസൂൽ പൂക്കുട്ടിയെ സംവിധായകൻ സിബി മലയിൽ വേദിയിൽ അവതരിപ്പിച്ചു. നിർമാതാവിന്റെ പേര് സംവിധായകൻ കെ. മധുവാണ് പ്രഖ്യാപിച്ചത്. നടി മംമ്താ മോഹൻദാസ് ചിത്രത്തിലെ നായകനായ ആസിഫ് അലിയെ അവതരിപ്പിച്ചപ്പോൾ, സത്യരാജിനെ നടൻ സിദ്ദിഖും അർജുൻ അശോകനെ സംവിധായകൻ വി.കെ. പ്രകാശും അവതരിപ്പിച്ചു.
രൺജി പണിക്കർ, ലെന, ശ്യാമപ്രസാദ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നടൻ ബാബു ആന്റണി, നടി ലിസി, ശബ്ദലേഖകൻ കൃഷ്ണനുണ്ണി എന്നിവരാണ് ഇവരെ അവതരിപ്പിച്ചത്.
ചിത്രത്തിന്റെ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, ഗാനരചയിതാവ് റഫീഖ് അഹമ്മദ്, ഛായാഗ്രാഹകൻ അരുൺ വർമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Content Highlights: otta movie, resul pookutty, asif ali, arjun ashokan, sathyaraj
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..