താരസംഘടനയായ അമ്മയുടെ കഴിഞ്ഞ ദിവസം നടന്ന പൊതുയോ​ഗം ഒരു അപൂർവ സം​ഗമത്തിന്റെ കൂടി വേദിയായി. മലയാളികൾ എന്നും ഓർത്തിരിക്കുന്ന പപ്പു, രതി എന്നീ കഥാപാത്രങ്ങളെ രണ്ട് കാലഘട്ടത്തിലായി തിരശ്ശീലയിലെത്തിച്ച താരങ്ങളുടെ കൂടിച്ചേരലാണ് കൗതുകമായത്. 'രതിനിർവേദം' എന്ന ചിത്രത്തിലെ അഭിനേതാക്കളായ ജയഭാരതി, കൃഷ്ണചന്ദ്രൻ, ശ്വേത മേനോൻ, ശ്രീജിത്ത് വിജയ് എന്നിവരാണ് ഒരൊറ്റ ഫ്രെയിമിൽ എത്തിയത്. 

To advertise here,

1978-ലാണ് രതിനിർവേദം പുറത്തിറങ്ങിയത്. പദ്മരാജന്റെ തിരക്കഥയിൽ ഭരതനായിരുന്നു സംവിധാനം. കൗമാരപ്രായക്കാരനായ പപ്പുവും അവന്റെ രതിച്ചേച്ചിയും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ച് പറഞ്ഞ ചിത്രത്തിൽ പപ്പുവായി കൃഷ്ണചന്ദ്രനും രതിയായി ജയഭാരതിയുമാണ് വേഷമിട്ടത്.

2011-ലാണ് രതിനിർവേദത്തിന്റെ റീമേക്ക് പുറത്തിറങ്ങുന്നത്. ടി കെ രാജീവ്‍കുമാർ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. പപ്പുവായി ശ്രീജിത്ത് വിജയ് എത്തിയപ്പോൾ ശ്വേത മേനോനാണ് രതിയായി വേഷമിട്ടത്. 33 വർഷത്തിനു ശേഷം വന്ന റീമേക്ക് ഏറെ ഓളമുണ്ടാക്കിയിരുന്നു. 

കൃഷ്ണചന്ദ്രനാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കുവെച്ചത്. പഴയതും പുതിയതുമായ പതിപ്പുകൾ ഒറ്റ ഫ്രെയിമിൽ എന്ന ക്യാപ്ഷനോടെയാണ് നടൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്.