ടി.ജെ. ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് സ്റ്റൈൽ മന്നൻ രജനികാന്ത്. തലൈവർ 170 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിവിധ ഭാഷകളിൽ നിന്നുള്ള വലിയ താരങ്ങളാണ് മുഖ്യവേഷങ്ങളിൽ. ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമിതാഭ് ബച്ചനൊപ്പം വീണ്ടും ഒരുമിക്കാനായതിലെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് രജനി.

To advertise here,

33 വർഷങ്ങൾക്കുശേഷമാണ് രജനിയും അമിതാഭ് ബച്ചനും ഒരുമിക്കുന്നത്. ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ലൈക്കയുടെ "തലൈവർ 170" എന്ന ചിത്രത്തിൽ എന്റെ ഗുരു, പ്രതിഭാസം, ശ്രീ അമിതാഭ് ബച്ചനൊപ്പം ഞാൻ 33 വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രവർത്തിക്കുന്നു. എന്റെ ഹൃദയം സന്തോഷത്താൽ മിടിക്കുന്നു! എന്നാണ് ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് രജനികാന്ത് എഴുതിയത്.

1991-ൽ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്. തെലുങ്കിൽ പ്രഭാസ് നായകനാവുന്ന പ്രോജക്റ്റ് കെയിലും അമിതാഭ് ബച്ചൻ അഭിനയിക്കുന്നുണ്ട്. ഫഹദ് ഫാസിൽ, റാണ ദ​ഗ്ഗുബട്ടി എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലുണ്ടാവും. മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിം​ഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. അനിരുദ്ധ് ആണ് തലൈവർ 170-യുടെ സം​ഗീതസംവിധാനം.

ജയ് ഭീം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170. ലോകേഷ് കന​ഗരാജാണ് രജനികാന്തിന്റെ 171-ാം ചിത്രമായ തലൈവർ 171 സംവിധാനം ചെയ്യുന്നത്.