'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിര്‍മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കാട്ടാളനി'ല്‍ തെലുങ്ക് താരം രാജ് തിരണ്‍ദാസുവും. പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'പുഷ്പ: ദി റൈസി'ല്‍ മൊഗിലീസു എന്ന കഥാപാത്രമായെത്തിയ രാജ് തിരണ്‍ദാസുവിനെ പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറക്കാനിടയില്ല. പരുക്കനും ശക്തവുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അസാമാന്യ കഴിവുകൊണ്ടുതന്നെ 'കാട്ടാളനി'ല്‍ ഞെട്ടിക്കാന്‍ കച്ചമുറുക്കി തന്നെയാണ് രാജിന്റെ വരവ്.
'കാട്ടാളന്റെ വേട്ടയില്‍ ഇനി രാജ് തിരണ്‍ദാസും' എന്ന ടാഗ് ലൈനുമായി പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. ബുട്ട ബൊമ്മ, ഭുവന വിജയം, ചക്രവ്യൂഹം, പ്രേമ വിമാനം, ഭഗവന്ത് കേസരി, തില്ലു സ്‌ക്വയര്‍, മൈക്കിള്‍, പുഷ്പ ദ റൈസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് രാജ് തിരണ്‍ദാസു.
ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തില്‍ നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ് തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളേയും റാപ്പര്‍ ബേബി ജീനിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തില്‍ പെപ്പെ തന്റെ യഥാര്‍ഥ പേരായ 'ആന്റണി വര്‍ഗീസ്' എന്ന പേരില്‍ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കണ്‍ക്ലൂഷന്‍, ജവാന്‍, ബാഗി 2, പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണ് ചിത്രത്തില്‍ ആക്ഷനൊരുക്കാനായി എത്തുന്നത്.
പാന്‍ ഇന്ത്യന്‍ ലെവല്‍ ആക്ഷന്‍ ത്രില്ലര്‍ മാസ്സ് ചിത്രത്തില്‍ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ അജനീഷ് ലോക്‌നാഥാണ് സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റര്‍ 2'-വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ആണ്.
ശ്രദ്ധേയ ഛായാഗ്രാഹകന്‍ രെണദേവാണ് ഡിഒപി. എം.ആര്‍. രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഡിപില്‍ ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍: കിഷാന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അമല്‍ സി സദര്‍, കോറിയോഗ്രാഫര്‍: ഷെരീഫ്, വിഎഫ്എക്‌സ്: ത്രീഡിഎസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Raj Tirandasu joins Antony Kaattaalan movie
Published: 08 Jul 2025, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented