ഡെന്നിസ് വില്ലെന്യൂവിന്റെ ഡ്യൂണ്‍ എന്ന സയന്‍സ് ഫിക്ഷന്‍ സിനിമയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധകരുണ്ട്. ഫ്രാങ്ക് ഹെര്‍ബെര്‍ട്ടിന്റെ നോവല്‍ അടിസ്ഥാനമാക്കിയെടുത്ത ഈ ചിത്രത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ആദ്യ ഭാഗം 2021-ലും രണ്ടാം ഭാഗം 2024-ലുമാണ് റിലീസായത്.

To advertise here,

എന്നാല്‍ ഡ്യൂണിന്റെ ആരാധകരുടെ കൂട്ടത്തില്‍ താനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ ക്വിന്റന്‍ ടറന്റീനോ. 1984-ല്‍ ഡേവിഡ് ലിഞ്ച് സംവിധാനം ചെയ്ത ഡ്യൂണ്‍ താന്‍ കണ്ടതാണെന്നും റീമേക്കുകള്‍ കാണാന്‍ ഇനി താത്പര്യമില്ലെന്നും ടറന്റിനോ ഒരു പോഡ്കാസ്റ്റ് ഷോയില്‍ വ്യക്തമാക്കി.

'ഞാന്‍ ഡേവിഡ് ലിഞ്ചിന്റെ ഡ്യൂണ്‍ ഒന്നിലധികം തവണ കണ്ടതാണ്. വീണ്ടും അതേ കഥ കാണാന്‍ ആഗ്രഹിക്കുന്നില്ല. ഒന്നിനുപിന്നാലെ ഒന്നായി റീമേക്കുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ഡ്യൂണ്‍ കണ്ടിട്ടുണ്ടോ? നിങ്ങള്‍ റിപ്ലേയും ഷോഗണും കണ്ടിട്ടുണ്ടോ? എന്നെല്ലാം ആളുകള്‍ ചോദിക്കുന്നു. റിപ്ലേയുടെ ആറോ ഏഴോ പുസ്തകങ്ങളുണ്ട്. വീണ്ടും വീണ്ടും അതു തന്നെ ചെയ്യുന്നതെന്തിന്? ഞാന്‍ ഡ്യൂണ്‍ മുമ്പ് രണ്ട് തവണ കണ്ടിട്ടുണ്ട്. അത് രണ്ടും എനിക്ക് ഇഷ്ടപ്പെട്ടില്ല. അതിനാല്‍ മൂന്നാമതും കാണാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ പുതിയൊരു കഥ സിനിമയാക്കിയാല്‍ അത് കാണാം.'- ടറന്റിനോ പറയുന്നു.

കോവിഡ് കാലത്തായിരുന്നു ഡെന്നിസ് വില്ലെന്യൂവിന്റ ഡ്യൂണ്‍ ആദ്യ ഭാഗം പുറത്തിറങ്ങിയത്. അന്ന് 400 മില്ല്യണിലധികം ഡോളറാണ് ഈ ചിത്രം നേടിയത്. ഈ വര്‍ഷം റിലീസായ രണ്ടാം ഭാഗത്തിനും വന്‍ വരവേല്‍പ്പായിരുന്നു. 714 മില്ല്യണാണ് ചിത്രം നേടിയത്.