മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം അഭിനയിച്ച അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി പാർവതി തിരുവോത്ത്. നടനെന്ന നിലയിൽ മോഹൻലാൽ കാണിക്കുന്ന മനസ്സാന്നിധ്യം താൻ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടതെന്ന് പാർവതി പറഞ്ഞു. ക്യാമറയ്ക്കുമുന്നിൽ എല്ലാവരും തുല്യരാണെന്ന് ഉറപ്പുവരുത്തുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും പാർവതി ഓർത്തെടുത്തു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മലയാളത്തിലെ സൂപ്പർതാരങ്ങളെക്കുറിച്ച് പാർവതി മനസുതുറന്നത്.

To advertise here,

'വളരേക്കാലം മുമ്പാണ് ഞാൻ മോഹൻലാലിനൊപ്പം അഭിനയിച്ചത്. അന്ന് എനിക്ക് 19 വയസ്സായിരുന്നു, ഇപ്പോൾ 38. ഏകദേശം 20 വർഷമായി. ഒരു കഥാപാത്രത്തിലേക്ക് കടക്കാനും അതിൽനിന്ന് തിരികെ വരാനുമുള്ള അദ്ദേഹത്തിന്റെ മനസ്സാന്നിധ്യം എന്നെ ഏറെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തെക്കൂടാതെ ജഗതീ ശ്രീകുമാറും അവിടെയുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം എനിക്ക് ഒരു സീനോ മറ്റോ ഉണ്ടായിരുന്നുള്ളു. എന്റെ മൂന്നാമത്തെ ചിത്രമായിരുന്നു അത്. അവരുടെ പ്രകടനം കണ്ടാണ്, ഒരു അഭിനേതാവ് എന്ന നിലയിൽ എന്തായി തീരണമെന്ന് ഞാൻ മനസിലാക്കിയത്. 20 വർഷത്തിന് ശേഷം എനിക്കിപ്പോൾ അവരെപ്പോലെ പെട്ടെന്ന് തന്നെ കഥാപാത്രമായി മാറാനും തിരിച്ചും പറ്റുന്നുണ്ട്. സഹജമായ ബുദ്ധി ഉപയോഗിക്കാനും സഹതാരങ്ങളെ പരിഗണിക്കാനും കഴിയുന്നു'- പാർവതി പറഞ്ഞു.

'നല്ല മനുഷ്യരായതുകൊണ്ടുകൂടിയാണ് ഈ ലെജൻഡുകളെ നമ്മൾ 'ലെജൻഡുകൾ' എന്ന് വിശേഷിപ്പിക്കുന്നത്. ബോക്‌സ് ഓഫീസ് വിജയവുമായി അതിന് യാതൊരു ബന്ധവുമില്ല. യഥാർഥ ജീവിതത്തിൽ മോശം വ്യക്തിയാണെങ്കിൽ അത്തരം വിജയങ്ങളിലൊന്നും കാര്യമില്ല. അവരുള്ള സെറ്റ് കൂടുതൽ മെച്ചപ്പെട്ട ഇടങ്ങളാക്കി തീർക്കുന്നതുകൊണ്ടാണ് അത്തരം നടന്മാരെ ആളുകൽ ഇതിഹാസങ്ങൾ എന്ന് വിളിക്കുന്നത്', പാർവതി അഭിപ്രായപ്പെട്ടു.

സമാനമായ അനുഭവമായിരുന്നു തനിക്ക് മമ്മൂട്ടിക്കൊപ്പമെന്നും അവർ പറഞ്ഞു. 'അവർ വരുമ്പോൾ സെറ്റിൽ ഒരു ഗൗരവസ്വഭാവം ഉണ്ടാവുമെന്നത് സ്വാഭാവികമാണ്. എല്ലാവരും നിശബ്ദരാവും. എന്നാൽ, അവർ നിങ്ങൾക്ക് മുന്നിൽ നിൽക്കുമ്പോൾ തങ്ങൾ ഇതിഹാസങ്ങളാണെന്ന് മറക്കാൻ അവർ അനുവദിക്കണം. എല്ലെങ്കിൽ എങ്ങനെ ഒരുമിച്ച് അഭിനയിക്കാൻ കഴിയും?. അവരെ അത്ഭുതത്തോടെ നോക്കിനിൽക്കുമ്പോൾ എങ്ങനെയാണ് തല്ലുന്നതുപോലെയുള്ള രംഗങ്ങൾ ചെയ്യാൻ സാധിക്കുക. ഇതിഹാസങ്ങളും സൂപ്പർസ്റ്റാറുകളും എന്ന് നമ്മൾ വിളിക്കുന്നവർ, അഭിനയത്തിനോ ജോലിക്കോ യാതൊരു തടസ്സവും വരാൻ അനുവദിക്കാത്തവരാണ് എന്നത് എനിക്കിഷ്ടമാണ്. ഞാൻ ഒരു പുതുമുഖമായിരിക്കാം, എന്നാൽ ക്യാമറയ്ക്ക് മുന്നിൽ നമ്മൾ തുല്യരാണ്', പാർവതി കൂട്ടിച്ചേർത്തു.

സിബി മലയിൽ സംവിധാനംചെയ്ത 'ഫ്‌ളാഷ്' എന്ന ചിത്രത്തിലാണ് പാർവതി മോഹൻലാലിനൊപ്പം അഭിനയിച്ചത്. റത്തീനയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'പുഴു' എന്ന ചിത്രത്തിൽ പാർവതി മമ്മൂട്ടിക്കൊപ്പം വേഷമിട്ടു.