സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി സിനിമകളില്‍ ചരിത്രം വളച്ചൊടിക്കുന്നവെന്ന ആരോപണം. ടോം ഇമ്മട്ടിയുടെ സംവിധാനത്തില്‍ 2017-ല്‍ പുറത്തിറങ്ങിയ 'ഒരു മെക്‌സിക്കന്‍ അപാരത' എന്ന ചിത്രത്തെച്ചൊല്ലിയാണ് പുതിയ വിവാദം. ചിത്രത്തില്‍ അഭിനയിച്ച സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്റെ തുറന്നുപറച്ചിലാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

To advertise here,

മഹാരാജാസ് കോളേജിലെ കെഎസ്‌യുവിന്റെ വിജയകഥ സിനിമയായപ്പോള്‍ വാണിജ്യവിജയത്തിനുവേണ്ടി ചരിത്രംമാറ്റിയെഴുതി എന്നായിരുന്നു രൂപേഷിന്റെ വെളിപ്പെടുത്തല്‍. താനാണ് മാറ്റം നിര്‍ദേശിച്ചതെന്നും രൂപേഷ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിനിമ വിജയിക്കണമെങ്കില്‍ കെഎസ്‌യുക്കാരന്റെ കഥ ഇടതുപശ്ചാത്തലത്തിലേക്ക് മാറ്റാന്‍ താന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് രൂപേഷ് പറഞ്ഞത്.

എന്നാല്‍, സംവിധായകനും തിരക്കഥാകൃത്തുമായ ടോം ഇമ്മട്ടി ഇക്കാര്യം നിഷേധിച്ചു. രൂപേഷിന്റേത് പച്ചക്കള്ളമാണെന്നായിരുന്നു ടോം ഇമ്മട്ടിയുടെ മറുപടി. ചെഗുവേരയ്ക്ക് ഫിദല്‍ കാസ്‌ട്രോയുടെ ആശയങ്ങളിലൂടെയുണ്ടായ പരിവര്‍ത്തനമാണ് കഥയ്ക്ക് പ്രചോദനമായത് എന്നായിരുന്നു ടോം ഇമ്മട്ടിയുടെ അവകാശവാദം.

പിന്നാലെ, സംവിധായകനെതിരേ ചിത്രത്തില്‍ ഒരുവേഷം അവതരിപ്പിച്ച ജിനോ ജോണും രംഗത്തെത്തി. രൂപേഷ് പറഞ്ഞതാണ് ശരിയെന്നും ടോം ഇമ്മട്ടി പറഞ്ഞതാണ് നുണയെന്നും ജിനോ ജോണ്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കുറ്റപ്പെടുത്തി. 'ഒരു മെക്‌സിക്കന്‍ അപാരത' എന്ന സിനിമയ്ക്ക് കാരണമായത് മഹാരാജാസ് കോളേജില്‍ കെഎസ്‌യു ചെയര്‍മാനായി താന്‍ വിജയിച്ച കഥയാണെന്നും ജിനോ ജോണ്‍ അവകാശപ്പെട്ടു. എസ്എഫ്‌ഐയുടെ മൂന്ന് പതിറ്റാണ്ടുനീണ്ട തേരോട്ടം അവസാനിപ്പിച്ചുകൊണ്ട് ജിനോ ജോണ്‍ 2010-ല്‍ കെഎസ്‌യു സ്ഥാനാര്‍ഥിയായി മാഹാരാജാസില്‍ വിജയിച്ചിരുന്നു.

സിനിമ ഇറങ്ങിയാല്‍ തന്റെ യഥാര്‍ഥ കഥ പത്രമാധ്യമങ്ങള്‍ വഴി വെളിപ്പെടുത്താമെന്ന് ടോം ഇമ്മട്ടി ഉറപ്പുനല്‍കിയിരുന്നതായി ജിനോ ജോണ്‍ അവകാശപ്പെടുന്നു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി താന്‍ സംവിധാനംചെയ്യാനുറച്ച് എഴുതിക്കൊണ്ടിരുന്ന സിനിമയുടെ ജോലികള്‍ മാറ്റിവെച്ച് ടോം ഇമ്മട്ടിക്കൊപ്പം സഹകരിച്ചു. 'ഒരു മെക്‌സിക്കന്‍ അപാരത'യുടെ തിരക്കഥാ രചനയ്ക്കായി വര്‍ഷങ്ങളോളം ടോം ഇമ്മട്ടിക്കൊപ്പം നിന്നു. പടം ഹിറ്റാകാന്‍ വേണ്ടിയാണെന്ന് പറഞ്ഞ് എസ്എഫ്‌ഐക്കാരന്‍ ചെയര്‍മാനാകുന്ന കഥയുമായി സിനിമ ഇറങ്ങി. സുഹൃദ്ബന്ധത്തോട് താന്‍ കാണിച്ച ആത്മാര്‍ഥത സിനിമ പുറത്തിറങ്ങിയപ്പോള്‍ ടോം ഇമ്മട്ടി കാണിച്ചില്ല. തനിക്ക് നല്‍കിയ വാക്ക് പാഴ്‌വാക്കായി. സിനിമയുടേയും അതിന്റെ വിജയത്തിന്റേയും കാരണക്കാരനായ തന്നെ ടോം ഇമ്മട്ടി മറന്നുപോയി. ഇത്രയും വര്‍ഷം ടോം ഇമ്മട്ടി പറയുമെന്ന് താന്‍ ആഗ്രഹിച്ച കാര്യം, അതില്‍ അഭിനയിച്ച രുപേഷ് പീതാംബരാനാണ് തുറന്നുപറഞ്ഞത്. അതിനെ നുണയാക്കി മാറ്റിയ സംവിധായകന്‍ ടോം ഇമ്മട്ടിയാണ് നുണപറയുന്നതെന്നുമായിരുന്നു ഫെയ്‌സ്ബുക്കില്‍ ജിനോ കുറിച്ചത്.

'ഒരു മെക്‌സിക്കന്‍ അപാരത'യ്ക്കുപുറമേ, 'മഹേഷിന്റെ പ്രതികാരം', 'നാം', 'ക്യൂബന്‍ കോളനി' എന്നീ ചിത്രങ്ങളിലും ജിനോ അഭിനയിച്ചിട്ടുണ്ട്. 'മഹേഷിന്റെ പ്രതികാര'ത്തില്‍ കമോണ്‍ ഡ്രാ മഹേഷേ എന്ന ശ്രദ്ധനേടിയ ഡയലോഗ് പറയുന്നത് ജിനോ ആണ്. രൂപേഷിന്റെ തുറന്നുപറച്ചിലിനും ടോം ഇമ്മട്ടിയുടെ നിഷേധത്തേയും തുടര്‍ന്ന് 'ഒരു മെക്‌സിക്കന്‍ അപാരത' സാമൂഹികമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാണ്. സിനിമയും ചരിത്രവും അറിയുന്നവര്‍ക്കെല്ലാം സത്യമറിയാമെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. 'ചെഗുവേര മഹാരാജാസില്‍ പഠിച്ചോ', എന്ന പരിഹാസച്ചോദ്യവുമായും മറ്റുചിലര്‍ എത്തുന്നുണ്ട്.