
നിയാസ് ബെക്കര്‍ കലാഭവന്‍ നവാസിനും നിസാമിനും മാതാവിനുമൊപ്പം | Photo: Instagram/ Niyas Backer
അന്തരിച്ച നടന്‍ കലാഭവന്‍ നവാസിനെ അനുസ്മരിച്ച് സഹോദരനും നടനുമായ നിയാസ് ബെക്കറിന്റെ വൈകാരിക കുറിപ്പ്. പ്രായത്തില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ തനിക്കും നവാസിനുമിടയില്‍ സഹോദരബന്ധത്തേക്കാള്‍ സുഹൃദ്ബന്ധമാണുണ്ടായിരുന്നതെന്ന് നിയാസ് ബെക്കര്‍ സ്മരിച്ചു. നവാസ് ഇപ്പോഴുണ്ടായിരുന്നെങ്കില്‍ മതിവരുവോളം കെട്ടിപ്പിടിച്ചുനില്‍ക്കണമെന്ന് ആഗ്രഹമുണ്ടെന്നും നിയാസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
'ജ്യേഷ്ഠനായി ജനിച്ചത് ഞാനാണെങ്കിലും അങ്ങനെ അറിയപ്പെട്ടത് അവനായിരുന്നു. ഞങ്ങള്‍ തമ്മില്‍ രണ്ടുവയസ്സിന്റെ വ്യത്യാസമാണുള്ളത്. എന്നേക്കാള്‍ ഉയരം അവനുള്ളതുകൊണ്ട് കാഴ്ചയിലും ചേട്ടന്‍ അവനാണെന്നേ പറയൂ. ഞങ്ങളിരുവരുടേയും സമീപനങ്ങള്‍ വളരേ വ്യത്യസ്തമായിരുന്നു. പല കാര്യങ്ങളിലും അവന്റ സമീപനമാണ് നല്ലതെന്ന് എനിക്ക് തോന്നാറുണ്ട്. മറ്റു പല കാര്യങ്ങളില്‍ തിരിച്ചും', നിയാസ് സ്മരിച്ചു.
'വേദികളില്‍ മത്സരബുദ്ധിയോടെയാണ് ഞങ്ങള്‍ നില്‍ക്കാറുള്ളതെങ്കിലും ജീവിതത്തില്‍ ഞങ്ങള്‍ക്കിടയില്‍ മത്സരമില്ല. പരാജയങ്ങളില്‍ സഹായിക്കാനുള്ള മനസ്സുണ്ടായിരുന്നെങ്കിലും പരസ്പരം പ്രയാസങ്ങളറിയിക്കാതെ ജീവിക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നത്. അക്കാര്യത്തില്‍ ഇളയസഹോദരന്‍ നിസാമും അങ്ങിനെയാണ്. നിസാം നവാസിനെക്കാള്‍ എട്ടുവയസ്സിന് ഇളയതാണ്. ഒരു അനുജന്റെ തോന്നല്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും തരുന്നത് അവനാണ്', സഹോദരങ്ങള്‍ക്കിടയിലെ അടുപ്പത്തെക്കുറിച്ച് നിയാസ് കുറിച്ചു.
'ഞങ്ങള്‍ പ്രായത്തില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ ഞങ്ങള്‍ക്കിടയില്‍ സഹോദര ബന്ധത്തേക്കാള്‍ സുഹൃദ്ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ നേരില്‍ കാണുമ്പോള്‍ പ്രകടനപരമായ സ്‌നേഹം ഞങ്ങള്‍ക്കിടയിലില്ല. ഞങ്ങളുടെ തൊഴില്‍ സംബന്ധിച്ച ചില കാര്യങ്ങള്‍, കുടുംബകാര്യങ്ങള്‍, അങ്ങിനെ ചിലതൊക്കെ മാത്രം സംസാരിക്കും, പിരിയും. ഇപ്പോഴവനുണ്ടായിരുന്നെങ്കില്‍, മതിവരുവോളം കെട്ടിപ്പിടിച്ചുനില്‍ക്കണമെന്നുണ്ട്. കുറേ കാര്യങ്ങള്‍ സംസാരിച്ചിരിക്കണമെന്നുണ്ട്. പക്ഷേ, സര്‍വ്വേശ്വരന്‍ ഞങ്ങള്‍ക്കനുവദിച്ച സമയം തീര്‍ന്നിരിക്കുന്നു', നിയാസ് കൂട്ടിച്ചേര്‍ത്തു.
'ഇനി എത്ര ആഗ്രഹിച്ചാലും ഒരു കൊടുക്കല്‍ വാങ്ങലുകളും ഞങ്ങള്‍ക്കിടയില്‍ സാധ്യമല്ലല്ലോ. ഒരു പങ്കുവയ്ക്കലുകള്‍ക്കും അവസരം ഇല്ലല്ലോ. എന്റെ കൂടപ്പിറപ്പിനെ പടച്ചവന്‍ തിരിച്ചു വിളിച്ചു. ഇനി എനിക്കവന് നല്‍കാനുള്ളത് പ്രാര്‍ഥന മാത്രമാണ്', നിയാസ് വൈകാരികമായി.
'അറിവാണെങ്കിലും സമ്പത്താണെങ്കിലും ആരോഗ്യമാണെങ്കിലും സ്‌നേഹമാണെങ്കിലും നിസ്വാര്‍ഥമായി പങ്കു വയ്‌ക്കേണ്ടതല്ലേ. മരിച്ചവര്‍ക്കായ് പ്രാര്‍ഥിക്കുവാനല്ലാതെ മറ്റൊന്നിനും നമുക്ക് കഴിയില്ല', 'നിന്റെ മരണത്തിനു മുന്‍പ് നിനക്കുനല്‍കിയട്ടുള്ളതില്‍നിന്ന് നീ മറ്റുള്ളവര്‍ക്കായ് ചെലവഴിക്കുക', എന്ന ഖുര്‍ആന്‍ വാക്യം ഉദ്ധരിച്ച് നിയാസ് കൂട്ടിച്ചേര്‍ത്തു.
'എല്ലാ നിബന്ധനകളും മാറ്റിവച്ച് ജീവിച്ചിരിക്കുന്ന കൂടപ്പിറപ്പുകളെ, കൂട്ടുകാരെ, സഹജീവികളെയാകയും അതിരില്ലാത്ത സ്‌നേഹം പകര്‍ന്നു നല്‍കി ചേര്‍ത്തു നിര്‍ത്തുക. അവസാനകാലത്ത് ഓര്‍ത്ത് കരയാനെങ്കിലും ചില കടപ്പാടുകള്‍ ബന്ധങ്ങള്‍ക്കിടയില്‍ പരസ്പരം ഉണ്ടാക്കിവയ്ക്കുക. രക്തബന്ധങ്ങളിലെ കെട്ടുറപ്പിന് സര്‍വ്വേശ്വരന്‍ ശക്തി നല്‍കട്ടെയെന്നു ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു', എന്ന വാക്കുകളോടെയാണ് നിയാസ് കുറിപ്പ് അവസാനിപ്പിച്ചത്. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും നിയാസ് പങ്കുവെച്ചു.
Content Highlights: Niyas Backer emotional note remembering his late brother Kalabhavan Navas
Published: 24 Sept 2025, 09:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented