എഐ ഉപയോഗിച്ച് നിർമിച്ച തന്റെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ താക്കീതുമായി നടി നിവേദ തോമസ്. ഇത് നിയമവിരുദ്ധവും സ്വകാര്യതയുടെ ഗുരുതരമായ ലംഘനവുമാണെന്ന് അവർ പറഞ്ഞു. ഇത്തരം ഉള്ളടക്കങ്ങളുമായി ഇടപെഴകുകയോ അവ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്ന് ഉപയോക്താക്കൾ വിട്ടുനിൽക്കണമെന്ന് അവർ അഭ്യർഥിച്ചു ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെയാണ് നിവേദ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

To advertise here,

തന്റെ എഐ-നിർമ്മിത ചിത്രങ്ങളും താൻ അടുത്തിടെ പങ്കുവെച്ച ഒരു ഫോട്ടോയും ദുരുപയോഗം ചെയ്യപ്പെടുന്നതും തന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് നിവേദ വ്യക്തമാക്കി. സമ്മതമില്ലാതെ ഇത്തരത്തിലുള്ള ഉള്ളടക്കം സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നതും അംഗീകരിക്കാൻ കഴിയാത്തതും നിയമവിരുദ്ധവുമാണ് എന്ന് അവർ എഴുതി. ഈ പ്രവൃത്തിയെ "ഡിജിറ്റൽ ആൾമാറാട്ടം" എന്നും "സ്വകാര്യതയുടെ ഗുരുതരമായ കടന്നുകയറ്റം" എന്നുമാണ് നിവേദ വിശേഷിപ്പിച്ചത്.

"എൻ്റെ വ്യക്തിത്വത്തെയും സോഷ്യൽ മീഡിയയിൽ ഞാൻ പങ്കുവെച്ച ഒരു സമീപകാല ചിത്രത്തെയും ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള എഐ നിർമിത ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ടെന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സമ്മതമില്ലാതെ ഇത്തരം ഉള്ളടക്കം നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് വളരെ വേദനാജനകവും അംഗീകരിക്കാനാവാത്തതും നിയമവിരുദ്ധവുമാണ്. ഇത് ഡിജിറ്റൽ സ്വത്വവഞ്ചനയും എൻ്റെ സ്വകാര്യതയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റവുമാണ്.

അജ്ഞാതമായി പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ ഉൾപ്പെടെ ഉത്തരവാദികളായവർ ഇത്തരം ഉള്ളടക്കം ഉടനടി നിർത്തലാക്കാനും നീക്കം ചെയ്യാനും നിർദേശിക്കുന്നു. ഈ പെരുമാറ്റം സാധൂകരിക്കുന്നതിലെ ദോഷങ്ങളെക്കുറിച്ച് തിരിച്ചറിയണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇത്തരത്തിലുള്ളവ യാതൊരു തരത്തിലും വീണ്ടും പങ്കുവെക്കുകയോ പ്രതികരിക്കുകയോ അംഗീകരിക്കുകയോ ചെയ്യരുത്." അവർ പറഞ്ഞു.

ഇത്തരം ചിത്രങ്ങൾ തുടർച്ചയായി പ്രചരിപ്പിക്കുന്നത് തൻ്റെ വ്യക്തിത്വത്തിൻ്റെ ബോധപൂർവമായ ദുരുപയോഗമായി കണക്കാക്കുകയും നിയമപരമായി നടപടിയെടുക്കുകയും ചെയ്യുമെന്നും പറഞ്ഞുകൊണ്ടാണ് നിവേദ കുറിപ്പ് അവസാനിപ്പിക്കുന്നത്.